FootballFeatured

ബ്രസീലിയൻ സ്‌ട്രൈക്കർ വിക്ടർ മാത്യൂസ് ഗോകുലം കേരള എഫ്‌സിയിൽ

Resizedimage 2026 09 16 18 19 03 1

17/09/2026, കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ ലീഗ് പുതിയ സീസണിന് മുന്നോടിയായി ബ്രസീലിയൻ സ്‌ട്രൈക്കർ വിക്ടർ മാത്യൂസ് ഡാ സിൽവ മാറ്റോസിനെ ടീമിലെത്തിച്ചിരിക്കുകയാണ് ഗോകുലം കേരള എഫ്‌സി.

ഇറ്റലി, അൽബേനിയ, സൈപ്രസ്, ഉസ്ബെക്കിസ്ഥാൻ, കൊസോവോ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകളിലായി കളിച്ചിട്ടുള്ള പരിചയസമ്പന്നനായ സ്‌ട്രൈക്കറാണ് വിക്ടർ. ചീവോ വെറോണ, പെസ്‌കാറ, ബ്രെഷ്യ, ഡ്രെനിക്ക തുടങ്ങിയ ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.

ചീവോ വെറോണയിലൂടെ ഇറ്റലിയിൽ സീനിയർ കരിയറിന് തുടക്കമിട്ട വിക്ടർ, പെസ്‌കാറ, ബ്രെഷ്യ, ടെറാമോ, പെറൂജ, ലൂപ്പ റോമ, ഫെർമാന, ഫാനോ തുടങ്ങിയ ക്ലബ്ബുകളിലൂടെ ഇറ്റാലിയൻ ഫുട്ബോളിൽ വിലപ്പെട്ട അനുഭവം നേടി. തുടർന്ന് അൽബാനിയൻ ക്ലബ്ബായ വ്ലാസ്‌നിയയിൽ ചേർന്ന അദ്ദേഹം പിന്നീട് പാർട്ടിസാനിലും മികച്ച പ്രകടനങ്ങൾ നടത്തി.

പാർട്ടിസാനിക്കൊപ്പമുള്ള 2022–23 സീസൺ വിക്ടറിന്റെ കരിയറിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായിരുന്നു. ആ സീസണിൽ 28 ലീഗ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ അദ്ദേഹം നേടി. ക്ലബ്ബിനായി യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

വ്യത്യസ്ത രാജ്യങ്ങളിലെ ക്ലബ്ബുകൾക്കൊപ്പം കിരീട നേട്ടങ്ങളും വിക്ടറിന്റെ കരിയറിന്റെ ഭാഗമാണ്. അൽബേനിയൻ ലീഗ് കിരീടം, അൽബേനിയൻ കപ്പ് കിരീടങ്ങൾ, ഉസ്ബെക്കിസ്ഥാൻ ലീഗ് കിരീടം എന്നിവ അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ഈ ചാമ്പ്യൻഷിപ്പുകളിലെ പരിചയസമ്പത്ത് ഗോകുലം കേരള എഫ്‌സിയുടെ മുന്നേറ്റനിരയ്ക്ക് കൂടുതൽ കരുത്തേകും.