ത്രില്ലർ പോരാട്ടത്തിൽ കൊച്ചിയ്ക്ക് ഒരു റണ്ണിൻ്റെ നാടകീയ വിജയം

തിരുവനന്തപുരം: അവസാന പന്തിലേക്ക് നീണ്ട ആവേശ പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിനെ ഒരു റണ്ണിന് വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയർത്തിയ 171 റൺസ് പിന്തുടർന്ന തൃശൂർ ജയത്തിന് തൊട്ടരികിൽ വെച്ചാണ് കാലിടറി വീണത്. തുടരെയുള്ള അഞ്ച് പരാജയങ്ങൾക്ക് ശേഷമാണ് കൊച്ചി വിജയവഴിയിൽ മടങ്ങിയെത്തിയത്. മൂന്ന് നിർണായക വിക്കറ്റുകളുമായി കൊച്ചിക്ക് വിജയമൊരുക്കിയ കാർത്തിക് ബി നായരാണ് പ്ലെയർ ഓഫ് ദി മാച്ച്.
കൊച്ചി ബ്ലൂ ടൈഗേഴ്സ് – 20 ഓവറിൽ 171/10 , തൃശൂർ ടൈറ്റൻസ് – 20 ഓവറിൽ 170/10
മുൻനിരയും വാലറ്റവും നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയിൽ മനുകൃഷ്ണനും സച്ചിൻ സുരേഷും ചേർന്ന് പടുത്തുയർത്തിയ തകർപ്പൻ കൂട്ടുകെട്ടാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ പത്ത് റൺസെടുത്ത വിപുൽ ശക്തിയുടെ വിക്കറ്റ് കൊച്ചിക്ക് നഷ്ടമായി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും വിനൂപ് മനോഹരനും അധിക നേരം പിടിച്ചുനിൽക്കാനായില്ല. 26 റൺസെടുത്ത വിനൂപിന് പിറകെ മുഹമ്മദ് ഷാനുവും (12) സാലി സാംസണും (10) കൂടി മടങ്ങിയതോടെ നാല് വിക്കറ്റിന് എഴുപത് റൺസെന്ന നിലയിലായിരുന്നു കൊച്ചി.
തുടർന്ന് അഞ്ചാം വിക്കറ്റിലൊരുമിച്ച മനുകൃഷ്ണനും സച്ചിൻ സുരേഷും ചേർന്നാണ് കൊച്ചിയെ കരകയറ്റിയത്. സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ ഇരുവരും അനായാസം സ്കോർ ഉയർത്തി. വെറും 41 പന്തുകളിൽ നിന്ന് 90 റൺസാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്. കൂറ്റൻ സ്കോറിലേക്ക് കുതിച്ച കൊച്ചിയെ ശരത് ചന്ദ്രപ്രസാദിന്റെയും അബ്ദുൾ റമീസിന്റെയും തകർപ്പൻ സ്പെല്ലാണ് പിടിച്ചുകെട്ടിയത്. 50 റൺസെടുത്ത മനുകൃഷ്ണനെ പുറത്താക്കി ശരത് ചന്ദ്രപ്രസാദാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ സച്ചിൻ സുരേഷിനെയും (46) ആൽഫി ഫ്രാൻസിസിനെയും (2) പുറത്താക്കി അബ്ദുൾ റമീസും ആഞ്ഞടിച്ചു. അടുത്ത ഓവറിൽ തുടരെയുള്ള പന്തുകളിൽ ബേസിൽ തമ്പിയെയും കാർത്തിക് ബി നായരെയും പുറത്താക്കി ശരത് കൊച്ചിക്ക് വീണ്ടും പ്രഹരമേൽപ്പിച്ചു. അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് ആഷിക്കിനെ പുറത്താക്കി റമീസ് കൊച്ചിയുടെ ഇന്നിങ്സിന് അവസാനമിട്ടു. തൃശൂൂരിന് വേണ്ടി ശരത് നാലും റമീസ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർമാരായ സഞ്ജീവ് സതീശനും (10) അഹ്മദ് ഇമ്രാനും (5) വേഗത്തിൽ മടങ്ങി. എന്നാൽ ഷോൺ റോജറും നിഖിൽ തോട്ടത്തും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 46 റൺസ് പിറന്നു. 31 റൺസെടുത്ത നിഖിലിനെ പുറത്താക്കി കാർത്തിക് ബി നായരാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. ഷോണും എ കെ അർജുനും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടും തൃശൂരിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെയുള്ള പന്തുകളിൽ ഷോൺ റോജറെയും (41) മുഹമ്മദ് ഇനാനെയും പുറത്താക്കി കാർത്തിക് ബി നായർ കൊച്ചിക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു.
തൊട്ടടുത്ത ഓവറിൽ എ.കെ. അർജുൻ ((32) കൂടി പുറത്തായതോടെ തൃശൂർ തോൽവി ഉറപ്പിച്ചെന്ന് കരുതിയ ഘട്ടത്തിലാണ് ക്യാപ്റ്റൻ എം എസ് അഖിലും എസ് എസ് ഷാരോണും ചേർന്ന് തകർപ്പൻ തിരിച്ചുവരവിന് തുടക്കമിട്ടത്. ഇരുവരും ചേർന്ന് തകർത്തടിച്ചതോടെ കളി വീണ്ടും ആവേശത്തിലേക്ക് നീങ്ങി.15 റൺസെടുത്ത അഖിൽ പുറത്തായെങ്കിലും ഷാരോൺ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ മത്സരം അവസാന ഓവറിലേക്ക്. ഇരുപതാം ഓവർ തുടങ്ങുമ്പോൾ 11 റൺസായിരുന്നു തൃശൂരിന് ജയിക്കാൻ വേണ്ടത്. നാലാം പന്ത് സിക്സർ പറത്തി ഷാരോൺ ടീമിനെ വിജയത്തിന് തൊട്ടരികിലെത്തിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത പന്തിൽ ഷാരോണിനെ പുറത്താക്കി ആഷിക് കളി കൊച്ചിയുടെ വരുതിയിലാക്കി. തൃശൂരിന്റെ മറുപടി 170 ൽ അവസാനിച്ചപ്പോൾ കൊച്ചിക്ക് ഒരു റണ്ണിന്റെ നാടകീയ വിജയം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാർത്തിക്കിന് പുറമെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബേസിൽ തമ്പിയും മുഹമ്മദ് ആശിക്കും കൊച്ചി ബൗളിങ് നിരയിൽ തിളങ്ങി.