ഫിഫ കോച്ച് എജ്യുക്കേറ്റര്‍ ഡിപ്ലോമ സ്വന്തമാക്കി ഷഫീഖ് ഹസ്സന്‍

കണ്ണൂര്‍: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കോച്ച് എജ്യുക്കേറ്റര്‍ ഡിപ്ലോമ സ്വന്തമാക്കി കണ്ണൂര്‍ വാരിയേഴ്‌സ് എഫ്സി സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ മഠത്തില്‍. രണ്ട് വര്‍ഷം നീണ്ടുനിന്ന കോഴ്സിന്റെ അവസാന ഘട്ട പരിശീലനം ബെംഗളൂരുവിലാണ് നടന്നത്.
ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത 22 പേര്‍ക്കാണ് കോഴ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
ഇതില്‍ 16 പേരാണ് വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കി ഡിപ്ലോമ നേടിയത്. ഷഫീഖ് ഹസ്സന്‍ മഠത്തിലിന് പുറമെ കോഴിക്കോട് സ്വദേശി ദീപക് സി.എം.യും ഡിപ്ലോമ സ്വന്തമാക്കി.
എ.ഐ.എഫ്.എഫ്. കോച്ച് എജ്യുക്കേറ്റര്‍മാരായ സജിദ് ദാര്‍, ശക്തി ചൗഹാന്‍, ശേഖര്‍ കെര്‍കര്‍, പാര്‍ഥസാരഥി തുളസി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഫിഫയില്‍ നിന്നുള്ള വിദഗ്ധന്‍ ഓസ്‌കര്‍ ഗോണ്‍സാല്‍വസ് മൂല്യനിര്‍ണയ പ്രക്രിയയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.