ഒമാനെ എട്ട് വിക്കറ്റിന് തകർത്ത് വിജയത്തുടക്കമിട്ട് കേരളം

ഒമാൻ: ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ആധികാരിക ജയവുമായി കേരളം. മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒമാൻ ടീമിനെ എട്ട് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 42.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മുംബൈയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.
ഒമാൻ – 50 ഓവറിൽ 244/9, കേരളം – 42.1 ഓവറിൽ 245/2
ടോസ് നേടിയ കേരളം ഒമാനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ക്യാപ്റ്റൻ ജതീന്ദർ സിങ്ങും ജീത് ഷായും ചേർന്നുള്ള ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ 51 റൺസ് പിറന്നു. ജതീന്ദർ സിങ് 21-ഉം ജീത് ഷാ 63-ഉം റൺസ് നേടി. എന്നാൽ തുടർന്നെത്തിയവർക്ക് കേരളത്തിൻ്റെ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അബ്ദുൾ ബാസിതും കാർത്തിക് ബി. നായരും ചേർന്ന് മധ്യനിരയുടെ നട്ടെല്ലൊടിച്ചപ്പോൾ, വാലറ്റത്തെ ആനന്ദ് ജോസഫ് എറിഞ്ഞൊതുക്കി. ഒൻപതാമനായെത്തി 44 റൺസുമായി പുറത്താകാതെ നിന്ന നദീം ഖാന്റെ പ്രകടനമാണ് ഒമാന്റെ സ്കോർ 244-ൽ എത്തിച്ചത്. 23 പന്തുകളിൽ ആറ് ഫോറും രണ്ട് സിക്സുമടക്കമാണ് നദീം 44 റൺസ് നേടിയത്. കേരളത്തിനു വേണ്ടി ആനന്ദ് ജോസഫ് പത്ത് ഓവറിൽ 60 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കാർത്തിക് ബി. നായർ മൂന്നും അബ്ദുൾ ബാസിത് രണ്ടും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ 14 റൺസെടുത്ത വത്സൽ ഗോവിന്ദിന്റെ വിക്കറ്റ് നഷ്ടമായി. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തിന് അനായാസ വിജയമൊരുക്കിയത്. ഇരുവരും ചേർന്ന് 175 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അനായാസം സ്കോർ ചെയ്ത് മുന്നേറിയ ഇരുവരും ചേർന്ന് 18-ാം ഓവറിൽ തന്നെ സ്കോർ 100 കടത്തി. ടീമിനെ വിജയത്തിന് തൊട്ടരികിലെത്തിച്ച ശേഷമാണ് ഗോവിന്ദ് മടങ്ങിയത്. 92 പന്തുകളിൽ ഒൻപത് ഫോറും മൂന്ന് സിക്സുമടക്കം 83 റൺസാണ് ഗോവിന്ദ് നേടിയത്. കൃഷ്ണപ്രസാദ് 120 പന്തുകളിൽ 14 ഫോറും രണ്ട് സിക്സുമടക്കം 117 റൺസുമായി പുറത്താകാതെ നിന്നു. 43-ാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി.