ലോക ചാമ്പ്യന്‍ഷിപ്പിൽ രവികുമാറും കളിക്കില്ല, ആവശ്യത്തിന് തയ്യാറെടുപ്പുകള്‍ നടത്തുവാനാകാത്തത് പിന്മാറ്റത്തിന് കാരണം

ഓസ്‍ലോയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ രവികുമാര്‍ ദഹിയ പങ്കെടുക്കില്ല. നിരവധി അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുവേണ്ടി വന്നതിനാൽ തന്നെ തനിക്ക് സെലക്ഷന്‍ ട്രയൽസിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താനായില്ലെന്നും പൂര്‍ണ്ണമായി തയ്യാറെടുപ്പുകളില്ലാതെ മത്സരിക്കുക ശരിയായ നടപടിയാണെന്ന് കരുതുന്നില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ബജ്രംഗ് പൂനിയയുടെ ഡോക്ടര്‍ താരത്തിന്റെ പരിക്കിൽ നിന്നുള്ള മോചനത്തിനായി താരത്തിനോട് ആറ് ആഴ്ചത്തെ റീഹാബ് പറഞ്ഞിരുന്നു. ഇതോടെ ബജ്രംഗ് പൂനിയയും ലോക ചാമ്പ്യന്‍ഷിപ്പിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.

ഒക്ടോബറിലെ ലോക ചാമ്പ്യന്‍ഷിപ്പിൽ ബജ്രംഗ് പൂനിയ മത്സരിക്കില്ല

ഒക്ടോബറിൽ നടക്കുന്ന ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഗോദയിലിറങ്ങുവാന്‍ ബജ്രംഗ് പൂനിയ ഇല്ല. താരത്തിനോട് ആറ് ആഴ്ചത്തെ റീഹാബിലിറ്റേഷന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതിനാലാണ് ഈ തീരുമാനം എന്നും അറിയിച്ചു.

ടോക്കിയോ ഒളിമ്പിക്സിൽ 65 കിലോ വിഭാഗത്തിൽ ബജ്രംഗ് പൂനിയ വെങ്കല മെഡൽ നേടിയിരുന്നു. താരം പരിക്കേറ്റിട്ടും ഒളിമ്പിക്സിൽ മത്സരിക്കുകയായിരുന്നു. എന്നാൽ ആവശ്യത്തിന് വിശ്രമത്തിലൂടെ തന്റെ ഫിറ്റ്നെസ്സ് വീണ്ടെടുക്കുവാനായി അദ്ദേഹം ലോക ചാമ്പ്യന്‍ഷിപ്പിൽ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

വിനേഷ് ഫോഗട്ടിനെ സസ്പെന്‍ഡ് ചെയ്തു, സോനം മാലിക്കിന് നോട്ടീസ്

ഇന്ത്യന്‍ ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ടിനെ സസ്പെന്‍ഡ് ചെയ്ത് ഇന്ത്യയുടെ ഗുസ്തി ഫെഡറേഷന്‍. ടോക്കിയോ ഒളിമ്പിക്സിനിടെ താരത്തിന്റെ ഭാഗത്ത് നിന്ന് അച്ചടക്ക ലംഘനം ഉണ്ടായെന്നാണ് കാരണമായി കാണിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലിൽ പുറത്തായ താരത്തിന് മറുപടി നല്‍കുവാന്‍ ഓഗസ്റ്റ് 16 വരെ സമയം നല്‍കിയിട്ടുണ്ട്.

ഹംഗറിയിൽ നിന്ന് ടോക്കിയോയിലെത്തിയ താരം കോച്ച് വോളോര്‍ അക്കോസിനോടൊത്താണ് പരിശീലനം നടത്തിയതെങ്കിലും ഗെയിംസ് വില്ലേജിൽ താമസിക്കുവാന്‍ വിസമ്മതിക്കുകയും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പരിശീലിക്കുവാനും വിസമ്മതിച്ചിരുന്നു.

ഇത് കൂടാതെ ഇന്ത്യയുടെ ഔദ്യോഗിക ജഴ്സി സ്പോൺസറായ ശിവ് നരേശിന്റെ ജഴ്സി ഇടാതെ മത്സരത്തിൽ നൈക്കിന്റെ ജഴ്സി അണിഞ്ഞാണ് താരം മത്സരത്തിനിരങ്ങിയത്.

ഇന്ത്യയിൽ നിന്നുള്ള താരങ്ങളുടെ അടുത്ത് റൂം നല്‍കിയതിൽ അതൃപ്തി പ്രകടിപ്പിച്ച ഫോഗട്ട് അവരിൽ നിന്ന് കൊറോണ തനിക്ക് പകര്‍ന്നേക്കുമെന്ന തരത്തിലാണ് പ്രതികരിച്ചതാണെന്നാണ് ലഭിയ്ക്കുന്ന വിവരം. 19 വയസ്സുകാരി സോനം മാലിക്കിനെതിരെയും നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

താരം തന്റെ പാസ്പോര്‍ട്ട് റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഓഫീസിൽ വന്ന് സ്വയമോ കുടുംബത്തെയോ വിട്ട് സ്വീകരിക്കാതെ സായി ഒഫീഷ്യലുകളോട് വന്ന് എടുക്കുവാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഈ താരങ്ങളെല്ലാം വലിയ സ്റ്റാറുകളായെന്ന തരത്തിലുള്ള പെരുമാറ്റമാണെന്നും റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ പറഞ്ഞു.

വെങ്കല നേട്ടവുമായി ബജ്രംഗ് പൂനിയ, ആധികാരിക വിജയത്തോടെ ഇന്ത്യയുടെ ആറാം മെഡൽ

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡല്‍ നേടി ബജ്രംഗ് പൂനിയ. ഇന്ന് നടന്ന വെങ്കല മെഡൽ മത്സരത്തിൽ പൂനിയ 8-0ന് ആണ് വിജയം നേടിയത്. ഗുസ്തിയിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്.

രണ്ടും മൂന്നും സീഡുകളുടെ പോരാട്ടമായിരുന്നു ഇന്ന് വെങ്കല മെഡൽ മത്സരങ്ങളിൽ രണ്ടാമത്തേതിൽ കണ്ടത്. ഇന്ത്യയുടെ ബജ്രംഗ് പൂനിയ രണ്ടാം സീഡായിരുന്നു. കസാക്കിസ്ഥാന്റെ ദൗലത്ത് നിയാസ്ബെക്കോവ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ആണ് ബജ്രംഗ് പൂനിയ മത്സരിക്കുവാനിറങ്ങിയത്.

ആദ്യ പിരീഡിൽ ഇന്ത്യന്‍ താരം 2-0ന് മുന്നിലായിരുന്നു. രണ്ടാം പിരീഡിൽ കൂടുതൽ ആധിപത്യത്തോടെ ബജ്രംഗ് കളത്തിലിറങ്ങിയപ്പോള്‍ ആറ് പോയിന്റും കൂടി നേടി 8-0ന്റെ വിജയം ആണ് ഇന്ത്യന്‍ താരം കരസ്ഥമാക്കിയത്.

ഹംഗറിയെ പരാജയപ്പെടുത്തി റഷ്യയുടെ റാഷിദോവ് ഗാദ്സിമുറാദ് ആയിരുന്നു മറ്റൊരു വെങ്കല മെഡൽ ജേതാവ്.

ദീപക് പൂനിയയുടെ കോച്ചിനെ ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി

സെക്കന്‍ഡുകള്‍ അവശേഷിക്കെ വെങ്കല മെഡൽ കൈവിട്ട് ഇന്ത്യയുടെ ദീപക് പൂനിയയുടെ കോച്ചിനെ ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി അധികാരികള്‍. മത്സര ശേഷം മാച്ച് റഫറിയെ കൈകാര്യം ചെയ്തതിനാണ് നടപടി. വിദേശ കോച്ചായ മുറാദ് ഗൈദാരോവ് ആണ് പൂനിയയുടെ കോച്ച്.

റഷ്യക്കാരനായ മുറാദ് ബെലാറസിന് പ്രതിനിധീകരിച്ച് 2008 ബീജിംഗ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയിരുന്നു. 2004 ഒളിമ്പിക്സിൽ തന്റെ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരം തോറ്റ ശേഷം എതിരാളിയ്ക്കെതിരെ അറീനയ്ക്ക് പുറത്ത് വെച്ച് സമാനമായ രീതിയിൽ കൈകാര്യം ചെയ്തതിന് മുറാദിനെ വിലക്കിയിരുന്നു.

 

ബജ്രംഗ് പൂനിയയെ വീഴ്ത്തി ഹാജി അലിയേവ്, പൂനിയ ഇനി വെങ്കല പോരാട്ടത്തിന്

ഒളിമ്പിക്സ് ഫൈനലെന്ന ബജ്രംഗ് പൂനിയയുടെ മോഹങ്ങള്‍ക്ക് മുന്നിൽ വിലങ്ങ് തടിയായി ഹാജി അലിയേവ്. സെമി ഫൈനൽ മത്സരത്തിൽ 12-5ന് പരാജയം ആണ് ബജ്രംഗ് പൂനിയ നേരിട്ടത്. സീഡിംഗിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബജ്രംഗ് പൂനിയ കനത്ത പരാജയമാണ് ഇന്ന് ഏറ്റുവാങ്ങിയത്.

സെമി ഫൈനലിൽ അസര്‍ബൈജാന്റെ ഹാജി അലിയേവ് ആയിരുന്നു ബജ്രംഗ് പൂനിയയുടെ എതിരാളി. ആദ്യ പിരീഡ് കഴിയുമ്പോള്‍ ബജ്രംഗ് 1-4ന് പിന്നിലായിരുന്നു.

ബജ്രംഗ് കരുത്തന്‍, ഇറാന്‍ താരത്തെ മലര്‍ത്തിയടിച്ച് ബജ്രംഗ് പൂനിയ സെമിയിൽ

ഇറാന്റെ കരുത്തനായ ഗുസ്തി താരത്തിനെതിരെ പ്രതിരോധത്തിലായിരുന്ന ഇന്ത്യന്‍ താരം ബജ്രംഗ് പൂനിയ രണ്ടാം പിരീഡിൽ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ ബജ്രംഗ് പൂനിയ സെമിയിൽ. ഇന്ന് രണ്ട് പാസ്സീവ് കോഷന് നേരിടേണ്ടി വന്ന ഇന്ത്യന്‍ താരം മത്സരം അവസാനിക്കുവാന്‍ ഒരു മിനിട്ടുള്ളപ്പോളാണ് എതിരാളിയെ പിന്‍ ഡൗണ്‍ ചെയ്തത്.

ആ ഘട്ടം വരെ ബജ്രംഗ് 0-1ന് പിന്നിലായിരുന്നു. തന്റെ രണ്ടാം കോഷന്‍ അവസാനിക്കുമ്പോള്‍ എട്ട് സെക്കന്‍ഡുള്ളപ്പോള്‍ ബജ്രംഗ് തന്റെ ആദ്യ രണ്ട് ടെക്നിക്കൽ പോയിന്റ് നേടുകയും ആ മൂവിന്റെ തുടര്‍ച്ചയായി പിന്‍ഡൗണ്‍ വിജയം നേടുകയായിരുന്നു.

ഇറാന്റെ മൊര്‍തേസ ഖിയാസിയെ പരാജയപ്പെടുത്തി എത്തിയ ബജ്രംഗ് പൂനിയ സെമിയിൽ അസര്‍ബൈജാന്റെ ഹാജി ആലിയേവിനെയാണ് നേരിടുന്നത്. ഹാജി കസാകിസ്ഥാന്റെ ദൗലത്ത് നിയാസ്ബെക്കോവിനെ 9-1ന് പരാജയപ്പെടുത്തിയാണ് സെമിയിലെത്തുന്നത്.

ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിൽ ബജ്രംഗ് പൂനിയ ക്വാര്‍ട്ടറിൽ, ഇനി എതിരാളി ഇറാന്‍ താരം

65 കിലോ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്റംഗ് പൂനിയ ക്വാര്‍ട്ടറിൽ. ഇന്ന് നടന്ന മത്സരത്തിൽ കിര്‍ഗിസ്ഥാന്റെ എര്‍ണാസര്‍ അക്മതാലിയേവിനെതിരെയാണ് ബജ്റംഗ് റൗണ്ട് ഓഫ് 16ൽ ഏറ്റുമുട്ടിയത്.

3-1ന് ബജ്റംഗ് ആദ്യ പിരീഡിൽ ലീഡ് ചെയ്തുവെങ്കിലും രണ്ടാം പിരീഡിൽ അക്മതാലിയേവ് ശക്തമായ തിരിച്ചുവരവ് നടത്തി 3-3 ന് ഒപ്പമെത്തുകയായിരുന്നു. എന്നാൽ കിര്‍ഗിസ്ഥാന്‍ താരം നേടിയ പോയിന്റുകള്‍ എല്ലാം സിംഗിള്‍ പോയിന്റ് ആയതിനാൽ തന്നെ ടെക്നിക്കൽ ആനുകൂല്യം നേടി ബജ്റംഗ് ക്വാര്‍ട്ടറിൽ കടന്നു.

ഇറാന്റെ ചേക്ക ഖിയാസി ആണ് ക്വാര്‍ട്ടറിൽ ബജ്രംഗിന്റെ എതിരാളി.

ടുണീഷ്യൻ താരത്തോട് ആദ്യ റൗണ്ടിൽ തോറ്റ് സീമ ബിസ്‌ല

ഗുസ്തിയിൽ ഇന്ത്യക്ക് തിരിച്ചടിയായി വനിത വിഭാഗം ഫ്രീസ്റ്റൈൽ 50 കിലോ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ പുറത്ത് ആയി സീമ ബിസ്‌ല. ടുണീഷ്യയിൽ നിന്നു സാറ ഹംദിയാണ് ഇന്ത്യൻ താരത്തെ 3-1 തോൽപ്പിച്ചത്. ആദ്യം തന്നെ ഇന്ത്യൻ താരത്തിന് മേൽ ആധിപത്യം കാണിച്ച ടുണീഷ്യൻ താരം 2-0 നു മുന്നിലെത്തി.

എന്നാൽ തിരിച്ചടിച്ച ഇന്ത്യൻ താരം ഒരു പോയിന്റ് നേടി. അവസാന നിമിഷങ്ങളിൽ ഇന്ത്യൻ താരം നന്നായി ശ്രമിച്ചു എങ്കിലും അവസാന പോയിന്റിലും അമ്പയർ ടുണീഷ്യൻ താരത്തിന് അനുകൂലമായ തീരുമാനം എടുത്തതോടെ 3-1 നു സീമ തോൽവി വഴങ്ങി. എതിർ താരം ഫൈനലിൽ എത്തിയാൽ റെപ്പാഷെ റൗണ്ടിൽ സീമക്ക് മെഡൽ നേടാൻ ഒരവസരം കൂടി ലഭിക്കും.

ഇറാനിൽ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്ത് “മാജിക് മാന്‍” ഡേവിഡ് ടെയിലര്‍

ഇറാന്‍ 86 കിലോ വിഭാഗം സ്വര്‍ണ്ണം നേടിയെന്ന ഉറപ്പിച്ച ഘട്ടത്തിൽ ഇറാനിയന്‍ പ്രതീക്ഷകളെ തകര്‍ത്തെറിച്ച് യുഎസ്എയുടെ ഡേവിഡ് മോറിസ് ടെയിലര്‍. 3-2ന് ലീഡ് ചെയ്യുകയായിരുന്ന ഇറാന്റെ റിയോ ഒളിമ്പിക്സ് ജേതാവും ഒന്നാം സീഡുമായ ഹസന്‍ യസ്ദാനിചറാറ്റിയെയാണ് മാജിക് മാന്‍ എന്ന് അറിയപ്പെടുന്ന യുഎസ് താരം മറികടന്നത്.

ആദ്യ പിരീഡ് അവസാനിക്കുമ്പോള്‍ ഇറാനായിരുന്നു 1-0ന് മുന്നിൽ. രണ്ടാം പിരീഡിൽ ഇറാന്‍ ഒരു പോയിന്റ് കൂടി നേടിയപ്പോള്‍ അടുത്ത രണ്ട് പോയിന്റ് നേടി യുഎസ് താരം ആധിപത്യം പുലര്‍ത്തി. കൗണ്ട് ബാക്കിന്റെ ആനുകൂല്യവും യുഎസ് താരത്തിനായിരുന്നു.

എന്നാൽ അടുത്ത ടെക്നിക്കൽ പോയിന്റ് നേടി 3-2ന് മത്സരം ഇറാന്‍ താരം സ്വന്തമാക്കുമെന്ന നിമിഷത്തിലാണ് ഡേവിഡ് ടെയിലര്‍ മത്സരം മാറ്റി മറിച്ച് 2 പോയിന്റും സ്വര്‍ണ്ണവും സ്വന്തമാക്കി ഇറാനിയന്‍ മോഹങ്ങളെ തകര്‍ത്തത്.

സാന്‍ മരീനോയ്ക്ക് ചരിത്ര നിമിഷം, സെക്കന്‍ഡുകള്‍ അവശേഷിക്കെ വെങ്കല മെഡൽ കൈവിട്ട് ദീപക് പൂനിയ

വെറും അഞ്ച് താരങ്ങളുമായി ഈ ഒളിമ്പിക്സിനെത്തിയ സാന്‍ മരീനോയ്ക്ക് ഗുസ്തിയിൽ വെങ്കല മെഡൽ. സെക്കന്‍ഡുകള്‍ അവശേഷിക്കെ 2-1ന് ലീഡിലായിരുന്ന ഇന്ത്യയുടെ ദീപക് പൂനിയ വളരെ അധികം ഡിഫന്‍സിലേക്ക് പോയപ്പോള്‍ മത്സരം സാന്‍ മരീനോ താരം മാറ്റി മറിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 2-4 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പിന്നിൽ പോയത്.

മത്സരം അവസാനിക്കുവാന്‍ എട്ട് സെക്കന്‍ഡ് ബാക്കി നില്‍ക്കുമ്പോളാണ് ദീപക് പൂനിയയ്ക്ക് തന്റെ കൈയ്യിൽ നിന്ന് ഒളിമ്പിക്സ് വെങ്കല മെഡൽ കൈമോശം വരുന്നത് കാണേണ്ടി വന്നത്.

സാന്‍ മരീനോയുടെ മൈല്‍സ് അമിനനിനോടാണ് ഇന്ന് ദീപക് 86 കിലോ വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയത്. വെറും അഞ്ച് താരങ്ങളുമായി ഒളിമ്പിക്സിനെത്തിയ രാജ്യമാണ് സാന്‍ മരീനോ. ആദ്യ പിരീഡ് കഴിയുമ്പോള്‍ 2-1ന്റെ ലീഡാണ് ഇന്ത്യന്‍ താരത്തിന് ഉണ്ടായിരുന്നത്.

ഒളിമ്പിക്സിൽ ഇത് സാന്‍ മരീനോയുടെ മൂന്നാമത്തെ മെഡലാണ്.

രവി കുമാറിന് വെള്ളി മാത്രം, പരാജയം ലോക ചാമ്പ്യനോട് വീരോചിതമായി പൊരുതിയ ശേഷം

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കുവാനാകാതെ രവി കുമാര്‍ ദഹിയ. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്പിക്സ് കൗൺസിലിന്റെ ലോക ചാമ്പ്യന്‍ കൂടിയായ ഉഗുയേവ് സവുറിനെതിരെയാണ് സ്വര്‍ണ്ണ പോരാട്ടത്തിനിറങ്ങിയത്.

7-4 എന്ന നിലയിൽ ആണ് റഷ്യന്‍ താരം വിജയിച്ചത്. വലിയ മത്സരങ്ങള്‍ പരാജയപ്പെടാത്ത റഷ്യന്‍ താരത്തിനെതിരെ വീരോചിതമായ പോരാട്ടം നേടിയാണ് ഇന്ത്യന്‍ താരം പിന്നിൽ പോയത്. പരാജയപ്പെട്ടുവെങ്കിലും അഭിമാനാര്‍ഹമായ പോരാട്ടം നടത്തിയ ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

ആദ്യ പിരീഡിൽ രണ്ട് പോയിന്റുമായി റഷ്യന്‍ താരം മുന്നിലെത്തിയെങ്കിലും രവി ഒപ്പം പിടിയ്ക്കുന്ന കാഴ്ചയാണ് കണ്ടതെങ്കിലും ആദ്യ പിരീഡ് അവസാനിക്കുമ്പോള്‍ 2-4ന് രവി പിന്നിലായിരുന്നു.

Exit mobile version