വിനേഷിന് നിരാശ, ഇന്ത്യന്‍ താരത്തെ മലര്‍ത്തിയടിച്ച് ബെലാറസ് താരം സെമിയിൽ

ബെലാറസിന്റെ വനേസ കാലാഡ്സിന്‍സകായയ്ക്കെതിരെയുള്ള 53 കിലോ വിഭാഗം മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യന്‍ താരത്തെ പിന്‍ ചെയ്താണ് ബെലാറസ് താരം വിജയം നേടിയത്. 3-9 എന്ന നിലയിൽ ഇന്ത്യ പിന്നിൽ നില്‍ക്കുമ്പോള്‍ ആണ് ബെലാറസ് താരം ഇന്ത്യന്‍ താരത്തെ മലര്‍ത്തിയടിച്ചത്. ഒന്നാം സീഡായിരുന്നു ഇന്ത്യയുടെ വിനേഷ് ഫോഗട്ട്.

ആദ്യ പിരീഡിൽ വിനേഷ് 2-5ന് പിന്നിലായിരുന്നു. രണ്ടാം പിരീഡിൽ മികച്ച പ്രതിരോധം കാഴ്ചവെച്ച ബെലാറസ് താരത്തിനെതിരെ പോയിന്റ് നേടുവാന്‍ ഇന്ത്യ പാടുപെട്ടപ്പോള്‍ 7-2ന് ലീഡ് ബെലാറസ് നേടി. എന്നാൽ അത് ചലഞ്ചിലൂടെ 3-5ന് ഇന്ത്യയ്ക്ക് അനുകൂലമാക്കുവാന്‍ സാധിച്ചുവെങ്കിലും വിനേഷിനെക്കാള്‍ മേല്‍ക്കൈ നേടിയ ബെലാറസ് താരം വീണ്ടും 7-3ന്റെ ലീഡ് നേടി.

തിരിച്ചുവരവിനൊരുങ്ങിയ ഇന്ത്യന്‍ താരത്തെ പിന്‍ ചെയ്ത് ബെലാറസ് താരം വിജയം കുറിച്ചു. ബെലാറസ് താരം ഇനി ഫൈനലിലെത്തിയാൽ വിനേഷിന് റെപ്പാഷെ റൗണ്ടിലേക്ക് യോഗ്യത നേടാനാകും.

വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറിൽ, റെപ്പഷാഗേ റൗണ്ടിൽ അന്‍ഷുവിന് പരാജയം

വനിത ഫ്രീസ്റ്റൈല്‍ 53 കിലോ വിഭാഗത്തിൽ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. സ്വീഡന്റെ സോഫിയ മാറ്റ്സൺ ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ എതിരാളി. 7-1 എന്ന സ്കോറിനാണ് വിനേഷ് ആധികാരിക വിജയം നേടിയത്.

മുന്‍ വെങ്കല മെഡൽ ജേതാവിനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ആദ്യ പിരീഡിൽ 5-0ന്റെ ലീഡ് ഇന്ത്യന്‍ താരം നേടിയിരുന്നുവെങ്കിലും രണ്ടാം ക്വാര്‍ട്ടറിൽ സ്വീഡിഷ് താരം തിരിച്ചുവരവിന് ശ്രമിക്കുകയായിരുന്നു.

Anshumalik
അതേ സമയം 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലെ റെപ്പഷാഗേ റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യയുടെ അന്‍ഷു മാലിക് പുറത്തായി. 1-5ന്റെ തോല്‍വിയാണ് റഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സിൽ താരത്തിനോട് ഇന്ത്യ ഏറ്റുവാങ്ങിയത്. വലേരിയ കോബ്ലോവയ്ക്കെതിരെ ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

ദീപക് പൂനിയയെ നിഷ്പ്രഭമാക്കി അമേരിക്കന്‍ താരം, ദീപകിന് വെങ്കല മെഡല്‍ മത്സരത്തിന് അവസരം

സെമി ഫൈനലില്‍ 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ ഇന്ത്യന്‍ താരത്തെ നിഷ്പ്രഭമാക്കി അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയിലര്‍. ആദ്യ പിരീഡിൽ തന്നെ 10-0ന്റെ ലീഡ് നേടിയ അമേരിക്കന്‍ താരം 22 വയസ്സുകാരന്‍ ഇന്ത്യയുടെ യുവതാരത്തെ മുട്ടുകുത്തിയ്ക്കുകയായിരുന്നു.

മത്സരത്തിൽ ടെക്നിക്കൽ സുപ്പീരിയോറിറ്റിയുടെ വിജയം ആണ് യുഎസ് താരം നേടിയത്. ഇനി ദീപകിന് വെങ്കല മത്സരം ഉണ്ട്. ഡേവിഡ് മോറിസ് പരാജയപ്പെടുത്തിയ താരങ്ങളില്‍ നിന്നുള്ള റെപ്പാഷെ റൗണ്ടിനൊടുവിലാവും ദീപകിന്റെ വെങ്കല മെഡൽ തീരുമാനിക്കപ്പെടുക.

അവിശ്വസനീയ തിരിച്ചുവരവ്, ഇനി രവി കുമാര്‍ സ്വര്‍ണ്ണത്തിനായി പോരാടും

ഇന്ത്യയ്ക്ക് വീണ്ടുമൊരു മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ രവികുമാര്‍ ദഹിയ. ഇന്ന് 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലെ സെമി ഫൈനലിൽ കസാക്കിസ്ഥാന്റെ നൂറിസ്ലാം സാനായേവ് ആയിരുന്നു. മത്സരം അവസാന മിനുട്ടിലേക്ക് കടക്കുമ്പോള്‍ ഏറെ പിന്നിലായ രവികുമാര്‍ എതിരാളിയെ പിന്‍ ചെയ്താണ് വിജയം നേടിയത്. സ്കോര്‍ നിലയിൽ 7-9 ന് രവി പിന്നിലായിരുന്നുവെങ്കിലും ഈ നീക്കത്തിലൂടെ വിജയം നേടുവാന്‍ ഇന്ത്യന്‍ താരത്തിനായി.

രവികുമാറിന്റെ എതിരാളി. ആദ്യ പിരീഡ് കഴിയുമ്പോള്‍ 2-1ന് ലീഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ താരത്തിനെതിരെ രണ്ടാം പിരീഡിൽ 9-2ന്റെ ലീഡ് നേടി വ്യക്തമായ മേൽക്കൈ നേടുകയായിരുന്നു.

മൂന്ന് പോയിന്റ് നേടി രവി കുമാര്‍ ലീഡ് കുറച്ചുവെങ്കിലും മത്സരത്തിൽ സാനായേവ് വിജയം കുറിയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് രവിയുടെ തിരിച്ചുവരവ്. 5-9 ന് അവസാന മിനുട്ടിലേക്ക് കടക്കുമ്പോള്‍ പിന്നിലായിരുന്ന രവി വിക്ടറി ബൈ ഫോള്‍ സ്വന്തമാക്കുകയായിരുന്നു.

ഗുസ്തിയിൽ ഇന്ത്യയുടെ കരുത്താര്‍ന്ന പ്രകടനം, മെഡൽ പ്രതീക്ഷയുമായി രവി കുമാര്‍ ദഹിയയും ദീപക് പൂനിയയും സെമിയിൽ

ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ നിലനിര്‍ത്തി രവി ദഹിയയും ദീപക് പൂനിയയും. ഇരു താരങ്ങളും തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങളിൽ വിജയം കുറിച്ചാണ് സെമിയിലേക്ക് കടന്നത്. രവികുമാര്‍ അനായാസ വിജയം നേടിയപ്പോള്‍ ദീപക് പൂനിയ അവസാന നിമിഷത്തിലാണ് വിജയം പിടിച്ചെടുത്തത്.

14-4 എന്ന നിലയിലാണ് ആണ് രവികുമാര്‍ ബള്‍ഗേറിയന്‍ താരത്തെ ആധിപത്യത്തോടെ പരാജയപ്പെടുത്തുകയായിരുന്നു. അതേ സമയം ദീപക് പൂനിയ അവസാന നിമിഷം ആണ് ഒപ്പത്തിനൊപ്പമുള്ള മത്സരത്തിൽ ചൈനീസ് താരത്തെ മറികടന്ന 6-3ന് സെമിയിലെത്തിയത്.

ആദ്യ പിരീഡിൽ ദീപക് 1-0ന് മുന്നിലായിരുന്നു. 3-1ന് മുന്നിലായിരുന്ന ദീപക് 5-1ന്റെ ലീഡ് നേടിയെങ്കിലും ചലഞ്ചിലൂടെ ആ രണ്ട് പോയിന്റ് ചൈന ഇല്ലാതാക്കി. പിന്നീട് ചൈനീസ് താരം 3-3ന് മുന്നിലെത്തി മത്സരം അവസാന 5 സെക്കന്‍ഡിലേക്കെത്തിയപ്പോളാണ് ദീപക് തന്റെ വിജയം കൈപ്പിടിയിലൊതുക്കിയത്.

രവികുമാര്‍ ദഹിയ 57 കിലോ വിഭാഗത്തിലും ദീപക് പൂനിയ 86 കിലോ വിഭാഗത്തിലുമാണ് മത്സരിച്ചത്.

 

കരുത്തന്‍ പ്രകടനവുമായി ക്വാര്‍ട്ടറിൽ കടന്ന് ദീപക് പൂനിയ

86 കിലോ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് കരുത്തുറ്റ വിജയം. 12-1ന് ടെക്നിക്കൽ സുപ്പീരിറ്റിയോടെയാണ് ദീപകിന്റെ വിജയം. ദീപക് പൂനിയ നൈജീരിയന്‍ താരം എകേറെകീമേ അഗിയോമോറിനെതിരെയാണ് 86 കിലോ വിഭാഗത്തിൽ മത്സരത്തിച്ചത്.

ആദ്യ പിരീഡിൽ 4-1ന് മുന്നിലായിരുന്ന പൂനിയ രണ്ടാം പിരീഡിൽ എട്ട് പോയിന്റ് കൂടി നേടി ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

മൂന്നാം സീഡിനോട് പിന്നിൽ പോയി ഇന്ത്യയുടെ 19 വയസ്സുകാരി

വനിതകളുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ക്വാര്‍‍ട്ടറിലേക്കെത്തുവാനാകാതെ ഇന്ത്യയുടെ അന്‍ഷു മാലിക്. 2-8 എന്ന പോയിന്റിനാണ് അന്‍ഷു പരാജയം ഏറ്റുവാങ്ങിയത്. ലോക ചാമ്പ്യന്‍ഷിപ്പിൽ 2 തവണ മെഡൽ നേട്ടക്കാരിയാണ് ഐറൈന.

19 വയസ്സുകാരി അന്‍ഷു മാലിക് മൂന്നാം സീഡ് ബെലാറസിന്റെ ഐറൈന കറച്കീനയ്ക്കെതിരെയാണ് ഇന്ന് മത്സരത്തിനിറങ്ങിയത്. ആദ്യ പിരീഡ് അവസാനിക്കുമ്പോള്‍ ബെലാറസ് താരം 4-0ന്റെ ലീഡ് നേടുകയായിരുന്നു.

രണ്ടാം പിരീഡിൽ രണ്ട് പോയിന്റുകള്‍ തുടരെ നേടി അന്‍ഷു തിരിച്ചുവരവ് നടത്തിയെങ്കിലും മികച്ചൊരു കൗണ്ടറിലൂടെ ഐറീന തിരിച്ചുവരവ് നടത്തിയപ്പോള്‍ പരിചയസമ്പത്തിന്റെ ഗുണം എന്താണെന്നത് കാണുവാന്‍ ഏവര്‍ക്കും സാധിച്ചു.

13-2 ന്റെ കൂറ്റന്‍ വിജയവുമായി രവി കുമാര്‍ ക്വാര്‍ട്ടറിലേക്ക്

57 കിലോ പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ടെക്നിക്കൽ സുപ്പിരിയറിറ്റിയുടെ അടിസ്ഥാനത്തിൽ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ രവി കുമാര്‍. ക്വാര്‍ട്ടറിൽ ബള്‍ഗേറിയന്‍ താരം വാന്‍ഗേലോവ് ആണ് രവിയുടെ എതിരാളി.

രവി കുമാര്‍ ഇന്ന് കൊളംബിയയുടെ എഡ്വാര്‍ഡോ ഓസ്കോര്‍ അര്‍ബാനോ ടൈഗേറോസിനെതിരെയാണ് മത്സരത്തിനിറങ്ങിയത്. ആദ്യം 2 പോയിന്റ് ലീഡ് രവി നേടിയെങ്കിലും കൊളംബിയന്‍ താരം ഒപ്പത്തിനെത്തുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ മൂന്ന് മിനുട്ടിന്റെ ആദ്യ പിരീഡ് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ താരം ഒരു ടെക്നിക്കൽ പോയിന്റ് കൂടി നേടി മത്സരത്തിൽ ലീഡ് നേടി.

രണ്ടാം പിരീഡിലും മേല്‍ക്കൈ നേടിയ രവി തന്റെ സ്കോര്‍ അഞ്ച് പോയിന്റിലേക്ക് എത്തിച്ചു. രണ്ടാം റൗണ്ടിൽ കൂടുതൽ മേധാവിത്വം കാഴ്ചവച്ച രവി 10 പോയിന്റ് നേടി മത്സരം 13-2ന് സ്വന്തമാക്കുകയായിരുന്നു.

അവസാന 30 സെക്കന്‍ഡിൽ പിഴച്ചു, സോനം മാലിക്ക് പുറത്ത്

വനിത ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സോനം മാലിക് പുറത്ത്. ഇന്ന് 62 കിലോ വിഭാഗം വനിത ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ മംഗോളിയിന്‍ താരം ഖുറേല്‍ക്കു ബോലോര്‍തുയയ്ക്കെതിരെയാണ് ഇന്ത്യയുടെ സോനം മാലിക് മത്സരത്തിനിറങ്ങിയത്.

മുപ്പത് സെക്കന്‍ഡുകള്‍ മാത്രം മത്സരത്തിൽ അവശേഷിക്കവേ ഇന്ത്യന്‍ താരം 2-0ന് മുന്നിലായിരുന്നുവെങ്കിലും മംഗോളിയന്‍ താരം 2-2ന് ഒപ്പമെത്തി. സോനം നേടിയത് വൺ പോയിന്റ് മൂവാണെങ്കിൽ സോനത്തിനെതിരെ 2 പോയിന്റ് മൂവ് നടത്തിയത് മംഗോളിയന്‍ താരത്തിന് തുണയായി. താരം ക്വാര്‍ട്ടറിൽ കടക്കുകയായിരുന്നു.

19 വയസ്സുകാരി ഇന്ത്യന്‍ താരം ദേശീയ ഗെയിംസിലും കേഡറ്റ് ലോക ഗുസ്തിയിലും സ്വര്‍ണ്ണ മെഡൽ ജേതാവാണ്. റിയോയിലെ വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക്കിനെ പരാജയപ്പെടുത്തിയാണ് സോനം ഏഷ്യന്‍ ഒളിമ്പിക്സ് ക്വാളിഫയേഴ്സിലേക്ക് എത്തിയത്.

ഒളിമ്പിക്സ് യോഗ്യത നേടി സീമ ബിസ്‍ല

ലോക ഗുസ്തി ഒളിമ്പിക്സ് ക്വാളിഫയറിന്റെ 50 കിലോ വിഭാഗം ഫൈനല്‍ സ്ഥാനം ഉറപ്പിച്ച സീമ ബിസ്‍ലയ്ക്ക് ഒളിമ്പിക്സ് യോഗ്യതയും. ഫൈനല്‍ സ്ഥാനം ഉറപ്പാക്കിയതോടെയാണ് സീമയ്ക്ക് ഒളിമ്പിക്സ് യോഗ്യത ലഭിയ്ക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന എട്ടാമത്തെ താരമാണ് സീമ ബിസ്‍ല.

ഇന്ത്യയ്ക്ക് വേണ്ടി യോഗ്യത നേടുന്ന നാലാമത്തെ വനിത ഗുസ്തി താരമാണ് സീമ. 2016 ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് എട്ട് ഗുസ്തിക്കാരാണ്. ബള്‍ഗേറിയയിലാണ് യോഗ്യത മത്സരങ്ങള്‍ നടന്നത്.

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യയ്ക്ക് ഇന്ന് മൂന്ന് സ്വര്‍ണ്ണ മെഡല്‍

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് മൂന്ന് സ്വര്‍ണ്ണ മെഡല്‍ നേടി ഇന്ത്യ. വിനേഷ് പോഗട്ട്, അന്‍ഷു മാലിക്, ദിവ്യ കക്രന്‍ എന്നിവരാണ് ഇന്ന് സ്വര്‍ണ്ണം നേടിയ താരങ്ങള്‍. വിനേഷ് 53 കിലോ വിഭാഗത്തിലും അന്‍ഷു 57 കിലോ വിഭാഗത്തിലും ദിവ്യ 72 കിലോ വിഭാഗത്തിലുമാണ് സ്വര്‍ണ്ണം നേടിയത്.

4 സ്വര്‍ണ്ണവും 1 വെള്ളിയും 2 വെങ്കലവും ഉള്‍പ്പെടെ 7 മെഡലാണ് ഇന്ത്യ നേ‍ടിയത്. കഴിഞ്ഞ പതിപ്പില്‍ ഇന്ത്യയ്ക്ക് എട്ട് മെഡല്‍ ലഭിച്ചിരുന്നു. 3 സ്വര്‍ണ്ണവും 2 വെള്ളിയും 3 വെങ്കലവുമാണ് താരം നേടിയത്.

65 കിലോ വിഭാഗത്തില്‍ സാക്ഷി മാലിക്കിന് വെള്ളി മെഡല്‍ കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

മാറ്റിയോ പെല്ലിക്കോണില്‍ ഇന്ത്യയ്ക്ക് എട്ട് മെഡലുകള്‍, വിനേഷ് പോഗട്ടിനും ബജ്റംഗ് പൂനിയയ്ക്കും സ്വര്‍ണ്ണ മെഡല്‍

റോമിലെ മാറ്റിയോ പെല്ലികോണ്‍ റാങ്കിംഗ് സീരിസില്‍ ഇന്ത്യയ്ക്ക് എട്ട് മെഡലുകള്‍. രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുമാണ് ഇന്ത്യ നേടിയത്. ഇതില്‍ വിനേഷ് പോഗട്ടും ബജ്റംഗ് പൂനിയയും സ്വര്‍ണ്ണ മെഡല്‍ നേട്ടം സ്വന്തമാക്കിയപ്പോള്‍ വെള്ളി മെഡല്‍ സരിത മോര്‍ കരസ്ഥമാക്കി.

വിശാല്‍ , അര്‍ജ്ജുന്‍, നീരജ്, കുല്‍ദീപ്, നവീന്‍ എന്നിവര്‍ വെങ്കല മെഡലിന് അര്‍ഹരായി.

Exit mobile version