ലോക അമ്പെയ്ത്ത് പുരസ്‌കാരം: ശീതൾ ദേവി ‘പാരാ ആർച്ചർ ഓഫ് ദി ഇയർ 2025’
ദക്ഷിണ കൊറിയയിലെ ഗ്വാങ്‌ജുവിൽ നടന്ന ലോക പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിലെ ചരിത്രപരമായ പ്രകടനമാണ് ശീതളിനെ ഈ പുരസ്‌കാരത്തിന് അർഹയാക്കിയത്

ജമ്മു കശ്മീരിൽ നിന്നുള്ള പത്തൊമ്പതുകാരിയായ ശീതൾ ദേവി, വേൾഡ് ആർച്ചറിയുടെ 2025-ലെ ‘പാരാ ആർച്ചർ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് അർഹയായി. കൈകളില്ലാതെ കാലുകളും തോളും ഉപയോഗിച്ച് അമ്പെയ്ത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ശീതളിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിൽ ഒന്നാണിത്. ദക്ഷിണ കൊറിയയിലെ ഗ്വാങ്‌ജുവിൽ നടന്ന ലോക പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിലെ ചരിത്രപരമായ പ്രകടനമാണ് ശീതളിനെ ഈ പുരസ്‌കാരത്തിന് അർഹയാക്കിയത്. കൈകളില്ലാതെ ലോക ചാമ്പ്യൻഷിപ്പിൽ വനിതാ കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണ്ണം നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ശീതൾ ഇതോടെ സ്വന്തമാക്കി.
അതേ ചാമ്പ്യൻഷിപ്പിൽ വനിതാ ടീം ഇനത്തിൽ വെള്ളിയും മിക്സഡ് ടീം ഇനത്തിൽ വെങ്കലവും നേടി ശീതൾ തന്റെ മികവ് തെളിയിച്ചിരുന്നു. പാരീസ് പാരാലിമ്പിക്സിലെ വെങ്കല മെഡലും ഏഷ്യൻ പാരാ ഗെയിംസിലെ വെള്ളി മെഡലുകളും ശീതളിന്റെ സ്ഥിരതയാർന്ന പ്രകടനത്തിന്റെ അടയാളങ്ങളാണ്. പുരസ്‌കാര ലബ്ധിയിൽ അതിയായ സന്തോഷമുണ്ടെന്നും തന്റെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണിതെന്നും ശീതൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ ശീതളിന്റെ ഈ വിജയം ഇന്ത്യയിലെ പാരാ കായികരംഗത്തിന് വലിയൊരു ഊർജ്ജമാണ് നൽകുന്നത്.