Indian Premier LeagueCricketFeatured

ചെന്നൈയെ 127 റൺസിൽ ഒതുക്കി രാജസ്ഥാന്‍ റോയൽസ്

Nandreburger

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികവുറ്റ ബൗളിംഗ് മികവുമായി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ജാമി ഓവര്‍ട്ടൺ നേടിയ 43 റൺസാണ് ചെന്നൈയുടെ സ്കോര്‍ 100 കടത്തിയത്. 19.4 ഓവറിൽ 127 റൺസാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. പത്താം വിക്കറ്റിൽ ഓവര്‍ട്ടണും അന്‍ഷുൽ കാംബോജും ചേര്‍ന്ന് നേടിയ 33 റൺസ് ആണ് ചെന്നൈയ്ക്ക് 127 റൺസ് നേടിക്കൊടുത്തത്.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മുന്‍ നിര ബാറ്റ്സ്മാന്മാരെ നഷ്ടമായ ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ് നാന്‍ഡ്രേ ബര്‍ഗര്‍ നൽകിയത്. 6 ഓവര്‍ അവസാനിക്കുമ്പോള്‍ 41/4 എന്ന നിലയിലായിരുന്നു ചെന്നൈ. സഞ്ജു സാംസൺ, റുതുരാജ് ഗായക്വാഡ്, ആയുഷ് മാത്രേ, മാത്യു ഷോര്‍ട്ട് എന്നിവരുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ബര്‍ഗര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചറും സന്ദീപ് ശര്‍മ്മയും ഓരോ വിക്കറ്റ് വീതം നേടി.

Jofraarcher

സര്‍ഫ്രാസ് ഖാനെയും(17) ശിവം ദുബേയെയും പുറത്താക്കി രവീന്ദ്ര ജഡേജയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചപ്പോള്‍ ചെന്നൈ 57/6 എന്ന നിലയിലേക്ക് വീണു. പത്തോവര്‍ പിന്നിടുമ്പോള്‍ 70/6 എന്ന നിലയിലായിരുന്നു ചെന്നൈ. 18 റൺസ് നേടിയ കാര്‍ത്തിക് ശര്‍മ്മയെ പുറത്താക്കി ബ്രിജേഷ് ശര്‍മ്മ തന്റെ കന്നി ഐപിഎൽ വിക്കറ്റ് നേടി.

43 റൺസുമായി ജാമി ഓവര്‍ട്ടൺ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 2 പന്ത് അവശേഷിക്കെ താരം റണ്ണൗട്ട് ആകുകയായിരുന്നു. രാജസ്ഥാന് വേണ്ടി നാന്‍ഡ്രേ ബര്‍ഗര്‍, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.