ടൈറ്റന്‍സ് പുറത്ത്, പ്ലേ ഓഫ് ഉറപ്പാക്കി ബംഗാള്‍ വാരിയേഴ്സ്

5 പോയിന്റ് വ്യത്യാസത്തില്‍ തെലുഗു ടൈറ്റന്‍സിനെ കീഴടക്കി പ്ലേ ഓഫ് ഉറപ്പാക്കി ബംഗാള്‍ വാരിയേഴ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 39-34 എന്ന സ്കോറിനാണ് ബംഗാളിന്റെ വിജയം. മത്സരത്തില്‍ തോല്‍വിയേറ്റ് വാങ്ങിയതോടെ ടൈറ്റന്‍സ് പ്ലേ ഓഫ് കാണാതെ മടങ്ങി. ആദ്യ പകുതിയില്‍ 23-15നു ബംഗാള്‍ മുന്നിലായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ടൈറ്റന്‍സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ വിജയത്തിലേക്ക് എത്തുവാന്‍ ടീമിനു സാധിച്ചുമില്ല.

മനീന്ദര്‍ സിംഗ്(12), സുര്‍ജീത് സിംഗ്(7) എന്നിവര്‍ക്കൊപ്പം രവീന്ദ്ര രമേശ് കുമാവത്തും ജാംഗ് കുന്‍ ലീയും അഞ്ച് വീതം പോയിന്റ് നേടി ബംഗാള്‍ നിരയില്‍ തിളങ്ങി. 13 പോയിന്റ് നേടിയ അര്‍മാന്‍ ആണ് ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന് താരത്തിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

27-22നു റെയിഡിംഗില്‍ മുന്നില്‍ ബംഗാളായിരുന്നുവെങ്കിലും 10-7നു പ്രതിരോധത്തില്‍ മേല്‍ക്കൈ നേടിയത് ടൈറ്റന്‍സ് ആയിരുന്നു. ഇരു ടീമുകളും ഓരോ തവണ മത്സരത്തില്‍ ഓള്‍ഔട്ട് ആയപ്പോള്‍ നിര്‍ണ്ണായകമായ മൂന്ന് അധിക പോയിന്റുകള്‍ സ്വന്തമാക്കി ബംഗാള്‍ മത്സരം പോക്കറ്റിലാക്കി.