വെങ്കലമില്ലെങ്കിലും ശ്രീജയുടെ പ്രകടനത്തിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് വനിത സിംഗിള്‍സ് വെങ്കല മെഡൽ മത്സരത്തിൽ പൊരുതി വീണ് ഇന്ത്യയുടെ ശ്രീജ അകുല. സെമി ഫൈനലിലെ പോലെ 3-4 എന്ന സ്കോറിനാണ് ശ്രീജ പൊരുതി വീണത്.

ഓസ്ട്രേലിയയുടെ യാംഗ്സി ലിയുവിനോട് 11-3, 6-11, 2-11, 11-7, 13-15, 11-9, 7-11 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പിന്നിൽ പോയത്. തന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ തന്നെ താരം ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്.

മിക്സഡ് ഡബിള്‍സിൽ ശരത് കമാലുമായി ശ്രീജ ഫൈനലിന് ഇന്ന് ഇറങ്ങുന്നുണ്ട്.

ബോക്സിംഗിലെ മൂന്നാം സ്വര്‍ണ്ണം നിഖത് സരീന്‍ വക

കോമൺവെൽത്ത് ഗെയിംസ് വനിത ബോക്സിംഗിൽ ഇന്ത്യയുടെ നിഖത് സരീന്‍ സ്വര്‍ണ്ണം നേടി. 50 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടി നിഖത് സരീന്‍ ബോക്സിംഗിൽ നിന്ന് ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണ മെഡൽ നേടി. ഗെയിംസിലെ 17ാമത്തെ സ്വര്‍ണ്ണമാണ് ഇന്ത്യ നേടിയത്.

നോര്‍ത്തേൺ അയര്‍ലണ്ടിന്റെ ബോക്സറെയാണ് ഏകപക്ഷീയായ വിധിയിലൂടെ നിഖത് പരാജയപ്പെടുത്തിയത്. നേരത്തെ അമിത് പംഗലും നീതു ഗന്‍ഗാസും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.

4×100 മീറ്റര്‍ വനിത റിലേയിൽ അഞ്ചാം സ്ഥാനം

വനിതകളുടെ 4×100 മീറ്റര്‍ റിലേയിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം. ഹീറ്റ്സിൽ 44.45 സെക്കന്‍ഡിൽ റേസ് പൂര്‍ത്തിയാക്കിയ ഇന്ത്യ ഫൈനലില്‍ 43.81 സെക്കന്‍ഡായി മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് അഞ്ചാം സ്ഥാനത്ത് മാത്രമേ എത്തുവാനായുള്ളു.

ദ്യുതി ചന്ദ്, ഹിമ ദാസ്, സ്രാബാനി നന്ദ, ജ്യോതി യാരാജി എന്നിവരാണ് ഇന്ത്യയ്ക്കായി ഫൈനലില്‍ ഇറങ്ങിയത്. നൈജീരിയ ഒന്നാം സ്ഥാനവും ഇംഗ്ലണ്ട് രണ്ടാം സ്ഥാനവും ജമൈക്ക മൂന്നാം സ്ഥാനത്തും റേസ് ഫിനിഷ് ചെയ്തു.

പുരുഷ ഡബിള്‍സ് ടീം ഫൈനലില്‍, വനിത ഡബിള്‍ ടീമിന് പരാജയം

കോമൺവെൽത്ത് ബാഡ്മിന്റണിൽ പുരുഷ ഡബിള്‍സിൽ ഇന്ത്യയുടെ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഫൈനലില്‍ കടന്നു. മലേഷ്യന്‍ താരങ്ങളെ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-6, 21-5.

അതേ സമയം വനിത സെമി ഫൈനലില്‍ ഇന്ത്യയുടെ ഗായത്രി – ട്രീസ കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളിൽ പരാജയം ഏറ്റുവാങ്ങി. 13-21, 16-21 എന്ന സ്കോറിന് മലേഷ്യയുടെ ലോക റാങ്കിംഗിലെ 11ാം സ്ഥാനക്കാരോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.

ഇന്ന് വെങ്കല മെഡൽ പോരാട്ടത്തിൽ ഇരുവരും ഓസ്ട്രേലിയയെ നേരിടും.

സെക്കന്‍ഡുകള്‍ അവശേഷിക്കെ സമനില ഗോളുമായി ന്യൂസിലാണ്ട്, ഷൂട്ടൗട്ടിൽ വിജയവും വെങ്കലവും നേടി ഇന്ത്യ

കോമൺവെൽത്ത് വനിത ഹോക്കിയിൽ വെങ്കല മെഡൽ നേടി ഇന്ത്യ. ഇന്ന് നടന്ന വെങ്കല മെഡൽ മത്സരത്തിൽ മത്സരത്തിന്റെ ബഹുഭൂരിപക്ഷവും ഇന്ത്യ 1-0 എന്ന നിലയിൽ മുന്നിലായിരുന്നുവെങ്കിലും സെക്കന്‍ഡുകള്‍ അവശേഷിക്കവേ ഇന്ത്യ സമനില വഴങ്ങുകയായിരുന്നു.

ഷൂട്ടൗട്ടിൽ ഇന്ത്യ 2-1 എന്ന സ്കോറിനാണ് വിജയിച്ചത്. ഒളിമ്പിക്സ് നാലാം സ്ഥാനത്ത് എത്തുവാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചിരുന്നു. സലീമ ടെടേ ആണ് നിശ്ചിത സമയത്ത് ഇന്ത്യയുടെ ഗോള്‍ നേടിയത്. സെക്കന്‍ഡുകള്‍ അവശേഷിക്കെ ഒലീവിയ മെറി ആണ് പെനാള്‍ട്ടി സ്ട്രോക്കിലൂടെ ന്യൂസിലാണ്ടിനായി സമനില കണ്ടെത്തിയത്.

ഷൂട്ടൗട്ടിൽ മെഗാന്‍ ഹള്‍ ന്യൂസിലാണ്ടിനെ മുന്നിലെത്തിച്ചപ്പോള്‍ സോണികയും നവ്നീത് കൗറും ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തു.

ജാവ്‍ലിനിൽ അന്നു റാണിയ്ക്ക് വെങ്കലം, 10000 മീറ്റര്‍ നടത്തത്തിൽ വെങ്കലം നേടി സന്ദീപ് കുമാര്‍

ജാവ്‍‍ലിനിൽ അന്നു റാണിയും 10000 മീറ്റര്‍ നടത്തത്തിൽ സന്ദീപ് കുമാറും ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടി. 60 മീറ്റര്‍ ദൂരം എറിഞ്ഞാണ് അന്നുവിന്റെ വെങ്കല മെഡൽ.

തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമായ 38:49.18 എന്ന സമയം ക്ലോക്ക് ചെയ്താണ് സന്ദീപ് കുമാര്‍ വെങ്കല നേട്ടം സ്വന്തമാക്കിയത്.

അമിത് പംഗലിനും നീതു ഗന്‍ഗാസിനും സ്വര്‍ണ്ണം

ബോക്സിംഗിൽ രണ്ട് സ്വര്‍ണ്ണം നേടി ഇന്ത്യ. പുരുഷന്മാരിൽ അമിത് പംഗലും വനിതകളിൽ നീതു ഗാന്‍ഗാസും ആണ് സ്വര്‍ണ്ണ മെഡലിന് അര്‍ഹരായത്. ഇരുവരും ഇംഗ്ലീഷ് താരങ്ങളെയാണ് പരാജയപ്പെടുത്തിയത്.

ബോക്സിംഗിൽ ഇനി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഫൈനലിന് ഇറങ്ങുന്നുണ്ട്.

ലക്ഷ്യ ഫൈനലിൽ, കിഡംബിയ്ക്ക് സെമിയിൽ തോൽവി, വനിതകളിൽ സിന്ധു ഫൈനലില്‍

കോമൺവെൽത്ത് പുരുഷ സിംഗിള്‍സിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിൽ. എന്നാൽ മറ്റൊരു സെമി ഫൈനലില്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി പൊരുതി വീണു. ലക്ഷ്യ മൂന്ന് ഗെയിം പോരാട്ടത്തിൽ ലോക 87ാം റാങ്കുകാരന്‍ ജിയ ഹെംഗ് ജേസൺ ടെഹിനെ 21-10, 18-21, 21-16 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

മലേഷ്യയുടെ സെ യോംഗ് എന്‍ജിയോടാണ് ശ്രീകാന്ത് കിഡംബി തോൽവിയേറ്റ് വാങ്ങിയത്. 21-13, 19-21, 10-21 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ആദ്യ ഗെയിം അനായാസം ജയിച്ച ശ്രീകാന്ത് രണ്ടാം ഗെയിമിൽ പൊരുതി നോക്കിയെങ്കിലും പരാജയം രുചിക്കേണ്ടി വന്നു. മൂന്നാം ഗെയിമിൽ താരം നിലയുറപ്പിക്കുവാന്‍ പാട് പെടുകയായിരുന്നു.

വനിത സിംഗിള്‍സിൽ സിംഗപ്പൂരിന്റെ യോ ജിയ മിന്നിനെ 21-19, 21-17 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. കാനഡയുടെ മിച്ചേൽ ലിയെയാണ് സിന്ധു ഫൈനലില്‍ നേരിടുക.

ട്രിപ്പിൾ ജമ്പിൽ എൽദോസ് പോളിന് സ്വർണ്ണം, അബ്ദുള്ള അബൂബക്കറിന് വെള്ളി

കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്ക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം. ഇന്ന് പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ നമ്മുടെ സ്വന്തം എൽദോസ് പോൾ ആണ് സ്വർണ്ണം നേടിയത്‌‌‌. 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. തൊട്ടു പിറകിൽ അബ്ദുല്ല അബൂബക്കർ 17.02 മീറ്റർ ചാടി വെള്ളി മെഡലും സ്വന്തമാക്കി.

മറ്റൊരു ഇന്ത്യൻ താരമായ പ്രവീൺ ചിത്രവേൽ നാലാമതായും ഫിനിഷ് ചെയ്തു. എൽദോസ് പോൾ തന്റെ മൂന്നാമത്തെ ചാട്ടത്തിക് ആയിരുന്നു 17‌.03 കുറിച്ചത്. എൽദോസിന്റെ ആറ് ശ്രമങ്ങളിൽ 17 മീറ്റർ മാർക്ക് മറികടന്ന ഒരേയൊരു ജമ്പും ഇതായിരുന്നു. അബൂബക്കർ മത്സരത്തിലുടനീളം മെച്ചപ്പെട്ടുകൊണ്ടിരുന്നു, തന്റെ അഞ്ചാമത്തെ ശ്രമത്തിൽ ആണ് താരം വെള്ളി മെഡൽ സ്ഥാനത്തേക്ക് നീങ്ങിയത്.

Story Highlights:
Our 2 atheletes Eldhose Paul and A. Aboobacker are on podium with Gold and Silver in Men’s Triple Jump.
L

ന്യൂസിലാന്റിനെ തോൽപ്പിച്ച ഓസ്‌ട്രേലിയ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ന്യൂസിലാന്റിനെ 5 വിക്കറ്റിന് തോൽപ്പിച്ചു ഓസ്‌ട്രേലിയ ഫൈനലിൽ. ഇതോടെ സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടുമ്പോൾ വെങ്കലത്തിന് ആയി ന്യൂസിലാന്റ്, ഇംഗ്ലണ്ട് പോരാട്ടം ആവും നടക്കുക. ടോസ് നേടിയ ഓസ്‌ട്രേലിയ ന്യൂസിലാന്റിനെ ബാറ്റിംഗിന് അയക്കുക ആയിരുന്നു. 53 റൺസ് എടുത്ത ക്യാപ്റ്റൻ സോഫി ഡെവിന്റെയും 40 റൺസ് എടുത്ത അമേലിയ കെറിന്റെയും മികവിൽ ന്യൂസിലാന്റ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി. ഓസ്‌ട്രേലിയക്ക് ആയി മേഗൻ ഷുറ്റ് 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ടാഹ്‌ലിയ മഗ്രാത്ത് 2 വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് അലസിയ ഹീലിയെയും മെഗ് ലാനിങിനെയും തുടക്കത്തിൽ നഷ്ടമായെങ്കിലും 36 റൺസ് നേടിയ ബെത്ത് മൂണിയും 23 പന്തിൽ 34 റൺസ് നേടിയ ടാഹ്‌ലിയ മഗ്രാത്തും അവരെ ലക്ഷ്യത്തിലേക്ക് നയിച്ചു. ഒടുവിൽ അവസാന ഓവറിലെ മൂന്നാം പന്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ ലക്ഷ്യം കാണുക ആയിരുന്നു. 19 റൺസ് നേടിയ ആഷ്‌ലി ഗാർഡ്നർ 8 റൺസ് നേടിയ ഗ്രേസ് ഹാരിസ് എന്നിവർ മത്സരത്തിൽ പുറത്താകാതെ നിന്നു. ലീ തഹുഹു 3 ഓസ്‌ട്രേലിയൻ വിക്കറ്റുകൾ ആണ് വീഴ്ത്തിയത്. സ്വർണ മെഡൽ പോരാട്ടത്തിൽ ഇന്ത്യക്ക് ലഭിക്കാവുന്ന ഏറ്റവും കടുത്ത എതിരാളികൾ തന്നെയാണ് ഓസ്‌ട്രേലിയൻ വനിതകൾ.

ബാഡ്മിന്റൺ സെമിയിലേക്ക് മുന്നേറി ഇന്ത്യൻ പുരുഷ, വനിത ഡബിൾസ് ടീമുകൾ

കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ സെമിയിലേക്ക് മുന്നേറി ഇന്ത്യൻ വനിത ഡബിൾസ് ടീം ആയ ഗായത്രി ഗോപിചന്ദ്, ട്രീസ ജോളി സഖ്യം. ജമൈക്കയുടെ കാതറിൻ ജാം, താഹില റിച്ചാർസൺ സഖ്യത്തെ 21-8, 21-6 എന്ന തീർത്തും ഏകപക്ഷീയമായ സ്കോറിന് തകർത്തു ആണ് ഇന്ത്യയുടെ യുവ താരങ്ങൾ സെമിഫൈനലിലേക്ക് മുന്നേറിയത്.

അതേസമയം ലോക റാങ്കിംഗിൽ ഏഴാമതുള്ള 2018 ലെ കോമൺവെൽത്ത് വെള്ളിമെഡൽ ജേതാക്കളായ സാത്വിക് സായിരാജ് റാങ്കിറെഡി, ചിരാഗ് റെഡി സഖ്യം ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയൻ സഖ്യമായ ജേക്കബ് ഷുളർ, നേഥൻ ടാങ് സഖ്യത്തെ ആണ് തോൽപ്പിച്ചത്. 21-9, 21-11 എന്ന സ്കോറിന് അനായാസമായി ജയിച്ച അവർ മറ്റൊരു സെമിഫൈനലിലേക്ക് മുന്നേറി.

ബാഡ്മിന്റൺ സെമിഫൈനലിലേക്ക് മുന്നേറി കെ ശ്രീകാന്തും ലക്ഷ്യ സെനും

കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ കിഡമ്പി ശ്രീകാന്തും ലക്ഷ്യ സെനും. ഇംഗ്ലണ്ടിന്റെ ഇടൻ കയ്യൻ ടോബി പെന്റിയോട് മികച്ച പോരാട്ടം ജയിച്ചാണ് ശ്രീകാന്ത് സെമിയിലേക്ക് മുന്നേറിയത്. 21-19, 21-17 എന്ന സ്കോറിന് ആയിരുന്നു ശ്രീകാന്ത് ജയം കണ്ടത്.

മിക്‌സഡ് ടീം ഫൈനലിൽ തന്നെ തോൽപ്പിച്ച മലേഷ്യയുടെ സെ യങ് ആണ് ശ്രീകാന്തിന്റെ സെമിയിലെ എതിരാളി. അതേസമയം അനായാസ ജയം ആണ് ക്വാർട്ടർ ഫൈനലിൽ 20 കാരനായ ലക്ഷ്യ സെൻ കുറിച്ചത്. മൊറീഷ്യസ് താരം ജൂലിയൻ ജോർജസ് പോളിനെ 21-12, 21-11 എന്ന സ്കോറിന് സെൻ തകർത്തു വിട്ടു. സെമി ഫൈനലിൽ സിംഗപ്പൂർ താരം ജിയ ഹെങ് ടെയിയെ ആണ് സെൻ നേരിടുക.

Exit mobile version