ബോക്സിങിൽ നാലാം ഫൈനലിസ്റ്റ്, നൈജീരിയൻ താരത്തെ സെമിയിൽ തകർത്തു മുന്നേറി സാഗർ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മികച്ച ദിനം തുടരുന്നു. ബോക്സിങ് സൂപ്പർ ഹെവി വെയിറ്റ് 92 കിലോഗ്രാമിനു മുകളിലുള്ള വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറി സാഗർ അഹ്ലാവത്. നൈജീരിയൻ താരം ഇഫനെയ് ഒനക്വേരയെ തോൽപ്പിച്ചു ആണ് 22 കാരനായ സാഗർ ഫൈനലിലേക്ക് മുന്നേറിയത്.

ജഡ്ജിമാർ ഏകകണ്ഠമായി 5-0 ന്റെ ജയം സെമിയിൽ സാഗറിന് സമ്മാനിക്കുക ആയിരുന്നു. നാളെയാണ് വെള്ളി മെഡൽ ഉറപ്പിച്ച സാഗർ ഫൈനൽ കളിക്കാൻ ഇറങ്ങുക. കോമൺവെൽത്ത് ഗെയിംസിൽ ഇത്തവണ ബോക്സിങ് ഫൈനലിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സാഗർ. നാളെയാണ് ഈ മത്സരങ്ങൾ നടക്കുക. അതേസമയം മൂന്നു വെങ്കലവും ഇതിനകം ഇന്ത്യ ബോക്സിങിൽ നേടിയിട്ടുണ്ട്.

പാര ടേബിൾ ടെന്നീസിൽ സ്വർണം നേടി ഭവിന പട്ടേൽ, ഇന്ത്യയുടെ പതിമൂന്നാം സ്വർണം, നാൽപ്പതാം മെഡൽ

കോമൺവെൽത്ത് ഗെയിംസിൽ പതിമൂന്നാം സ്വർണവും നാൽപ്പതാം മെഡലുമായി ഇന്ത്യ. ഇന്നത്തെ മാത്രം പതിനാലാമത്തെ മെഡൽ ആണ് ഇന്ത്യ സ്വന്തമാക്കിയത്. ടോക്കിയോ പാരലിമ്പ്ക്സിൽ വെള്ളി മെഡൽ നേടിയ ഭവിന പട്ടേൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ചു. പാര ടേബിൾ ടെന്നീസ് ക്ലാസ് 3-5 വിഭാഗം സിംഗിൾസിൽ ആണ് ഭവിന സ്വർണം സ്വന്തം പേരിൽ കുറിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ പാര ടേബിൾ ടെന്നീസ് സ്വർണ മെഡൽ ആയിരുന്നു ഇത്. നൈജീരിയയുടെ ഇക്പെയോയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആയിരുന്നു ഇന്ത്യൻ താരത്തിന്റെ സ്വർണ നേട്ടം. കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റ് 12-10 നു ജയിച്ച ഭവിന രണ്ടാം സെറ്റ് 11-2 നു അനായാസം നേടി. മൂന്നാം സെറ്റിൽ പോരാട്ടം കണ്ടെങ്കിലും 11-9 നു ജയിച്ച ഭവിന ഇന്നത്തെ ഇന്ത്യയുടെ നാലാം സ്വർണം സ്വന്തം പേരിലാക്കി.

സെമിയിൽ പൊരുതി വീണു രോഹിത്, ബോക്സിങിൽ ഇന്ത്യക്ക് വീണ്ടും വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്നത്തെ പതിമൂന്നാം മെഡൽ സമ്മാനിച്ചു രോഹിത് ടോകാസ്. പുരുഷന്മാരുടെ വെൽറ്റർ വെയിറ്റ് കാറ്റഗറിയിൽ 67 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ പൊരുതി വീണതോടെയാണ് രോഹിത് വെങ്കല മെഡലിൽ തൃപ്തൻ ആയത്.

സാമ്പിയൻ താരം സ്റ്റീഫൻ സിമ്പക്ക് എതിരെ മികച്ച പ്രകടനം ആണ് രോഹിത് പുറത്തെടുത്തത്. എന്നാൽ ജഡ്ജിമാർ മത്സരം 3-2 നു സിമ്പക്ക് അനുകൂലമായി വിധിക്കുക ആയിരുന്നു. രോഹിത്തിന്റെ കടുത്ത പോരാട്ടം അതിജീവിച്ചത്തിന്റെ ആഘോഷം സാമ്പിയൻ താരത്തിൽ കാണാൻ ആയി. ഇന്ത്യയുടെ 39 മത്തെ മെഡൽ നേട്ടം ആണ് ഇത്.

പാര ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു സോനൽബെൻ പട്ടേൽ, ഇന്ത്യയുടെ 38 മത്തെ മെഡൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്നത്തെ പന്ത്രണ്ടാം മെഡൽ ഇന്ത്യക്ക് സമ്മാനിച്ചു സോനൽബെൻ പട്ടേൽ. വനിതകളുടെ പാര ക്ലാസ്സസ് 3-5 സിംഗിൾസിൽ ആണ് താരം വെങ്കല മെഡൽ നേട്ടം കൈവരിച്ചത്.

ഇംഗ്ലീഷ് താരം സു ബെയിലിയെ 11-5, 11-2, 11-3 എന്ന സ്കോറിന് തകർത്താണ് ഇന്ത്യൻ താരം വെങ്കലം ഉറപ്പിച്ചത്. ഇതോടെ ഇന്ത്യൻ മെഡൽ നേട്ടം 38 ആയി ഉയർന്നു. അത്ലറ്റിക്സിലും ഗുസ്തിയിലും ബോക്സിങിലും ഇന്ത്യൻ താരങ്ങൾ മെഡലുകൾ സ്വന്തമാക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ ആയത്.

പന്ത്രണ്ടിൽ പന്ത്രണ്ട്! ഇന്ത്യക്ക് ഗുസ്തിയിൽ പന്ത്രണ്ടാം മെഡൽ സമ്മാനിച്ചു ദീപക് നെഹ്റ

പങ്കെടുത്ത പന്ത്രണ്ട് വിഭാഗങ്ങളിലും ഗുസ്തിയിൽ മെഡൽ നേടി ഇന്ത്യ. പുരുഷന്മാരുടെ 97 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ദീപക് മെഹ്റ ഇന്ത്യക്ക് ആയി വെങ്കലം നേടി നൽകി.

പാക്കിസ്ഥാൻ താരം തയബ് റാസയെ 10-2 നു തോൽപ്പിച്ചു ആണ് ദീപക് ഇന്ത്യക്ക് ഗുസ്തിയിലെ പന്ത്രണ്ടാം മെഡൽ സമ്മാനിച്ചത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര മെഡൽ നേട്ടം ആണ് ദീപകിന്‌ ഇത്. ഈ മെഡൽ നേട്ടത്തോടെ ഇന്ത്യൻ മെഡൽ നേട്ടം 37 ആയി ഉയർന്നു.

സെമിയിൽ വീണു മുഹമ്മദ് ഹുസമുദ്ധീൻ, ബോക്സിങിൽ വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മറ്റൊരു മെഡൽ കൂടി സമ്മാനിച്ചു ബോക്സിങ്. പുരുഷന്മാരുടെ ഫെതർ വെയിറ്റ് കാറ്റഗറിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ബോക്‌സർ മുഹമ്മദ് ഹുസമുദ്ധീൻ ഇന്ത്യക്ക് ആയി വെങ്കലം നേടി.

സെമിഫൈനലിൽ ഘാനയുടെ ജോസഫ് കോമിക്ക് എതിരെ പൊരുതിയെങ്കിലും ജയം കാണാൻ ഹുസമുദ്ധീനു ആയില്ല. ഇതോടെ താരം വെങ്കലം കൊണ്ടു തൃപ്തിപ്പെടുക ആയിരുന്നു. 2018 കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്ക് ആയി വെങ്കലം നേടിയ താരത്തിന്റെ രണ്ടാം കോമൺവെൽത്ത് ഗെയിംസ് വെങ്കലം ആണ് ഇത്.

ദക്ഷിണാഫ്രിക്കന്‍ വെല്ലുവിളി മറികടന്ന് ഇന്ത്യ ഫൈനലില്‍

കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3-2 എന്ന സ്കോറിന് ആണ് ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യ 2-0ന് മുന്നിലായിരുന്നു.

മൂന്നാം ക്വാര്‍ട്ടറിൽ ദക്ഷിണാഫ്രിക്ക ഒരു ഗോള്‍ മടക്കിയപ്പോള്‍ നാലാം ക്വാര്‍ട്ടറിൽ ഇന്ത്യ വീണ്ടും ലീഡുയര്‍ത്തി. മത്സരത്തിന്റെ അവസാന മിനുട്ടിൽ ദക്ഷിണാഫ്രിക്ക ഒരു ഗോള്‍ കൂടി നേടിയെങ്കിലും സമനില ഗോള്‍ കണ്ടെത്തുവാന്‍ ടീമിനായില്ല.

ഇന്ത്യയ്ക്കായി മന്‍ദീപ് സിംഗ്, ജുഗ്‍രാജ് സിംഗ്, അഭിഷേക് എന്നിവരാണ് ഗോളുകള്‍ നേടിയത്.

ഗുസ്തിയിൽ പതിനൊന്നാം മെഡൽ, വെങ്കലം നേടി പൂജ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 35 മത്തെ മെഡൽ നേട്ടം സമ്മാനിച്ചു വീണ്ടും ഗുസ്തി. ഗുസ്തിയിൽ ഇന്ത്യയുടെ പതിനൊന്നാം മെഡൽ ആണ് ഇത്. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ പൂജ സിഹാങ് ആണ് ഇന്ത്യക്ക് വെങ്കല മെഡൽ സമ്മാനിച്ചത്.

വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ താരം നയോമി ഡി ബ്രുയിനെ ആണ് പൂജ തോൽപ്പിച്ചത്. ഏകപക്ഷീയമായ പോരാട്ടത്തിൽ 11-0 എന്ന സ്കോറിന് ആയിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ഇന്ന് മാത്രം ഇന്ത്യ ഗുസ്തിയിൽ നേടുന്ന അഞ്ചാം മെഡൽ ആണ് ഇത്.

ഗുസ്തിയിലെ സ്വര്‍ണ്ണ നേട്ടം ആറായി, ഇന്ത്യ – പാക് പോരാട്ടത്തിൽ വിജയം കുറിച്ച് നവീന്‍

ഗുസ്തിയിൽ നിന്ന് ആറാം സ്വര്‍ണ്ണം നേടി ഇന്ത്യ. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ നവീന്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഷരീഫ് താഹിറിനെ 9-0 എന്ന സ്കോറിനാണ് പാക് താരത്തെ 74 കിലോഗ്രാം ഫ്രീസ്റ്റൈൽ സ്വര്‍ണ്ണ മെഡൽ മത്സരത്തിൽ പരാജയപ്പെട്ടത്.

ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം പന്ത്രണ്ടായി ഉയര്‍ന്നുോ. ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 34 ആയി ഉയര്‍ന്നു. ഇന്നലെ ഗുസ്തിയിൽ നിന്ന് ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണ്ണം ലഭിച്ചപ്പോള്‍ ഇന്നും സ്വര്‍ണ്ണ നേട്ടം മൂന്നായിരുന്നു.

കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണവുമായി വിനേഷ് ഫോഗട്ട്, ഗുസ്തിയിലെ അഞ്ചാം സ്വർണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് പതിനൊന്നാം സ്വർണം സമ്മാനിച്ചു വിനേഷ് ഫോഗട്ട്. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ എതിരാളികൾക്ക് ഒരവസരവും നൽകാതെയാണ് കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണം വിനേഷ് ഫോഗട്ട് നേടിയത്. തുടർച്ചയായ മൂന്നു കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമായും ഇതോടെ ഫോഗട്ട് മാറി.

തന്റെ നോർഡിക് സിസ്റ്റം ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ഫോഗട്ട് സ്വർണം സ്വന്തം പേരിൽ കുറിച്ചത്. കാനഡയുടെ സാമന്തയെയും നൈജീരിയയുടെ മേഴ്സിയെയും തോൽപ്പിച്ച ഫോഗറ്റ് ഇന്ന് ശ്രീലങ്കയുടെ ചമോദയെയും തോൽപ്പിച്ചു. മൂന്നു മത്സരങ്ങളിൽ ഒരു പോയിന്റ് പോലും എതിരാളികൾക്ക് ഇന്ത്യയുടെ പെൺ പുലി നൽകിയില്ല. വെള്ളി മെഡൽ ജേതാവിനെ ഫോഗറ്റ് മലർത്തിയടിക്കുകയും ചെയ്തു. ഈ നേട്ടത്തോടെ ഇന്ത്യയുടെ മെഡൽ നേട്ടം 33 ആയി.

Story Highlight: Vinesh Phogat wins 11th GOLD 🥇for India today. 5th in Wrestling 🤼‍♀️

ഗുസ്തിയിലെ നാലാം സ്വര്‍ണ്ണം രവി കുമാറിലൂടെ, വെങ്കല നേട്ടവുമായി പൂജ ഗെഹ്‍ലോട്ട്

പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയ്ക്ക്  സ്വര്‍ണ്ണ മെഡൽ. ഇന്ന് നൈജീരിയയുടെ എബികേവെനിമോ വെൽസണെതിരെയായിരുന്നു ഫൈനലില്‍ രവി കുമാര്‍ ഇറങ്ങിയത്. മത്സരത്തിൽ തുടക്കം മുതലെ ആധിപത്യം ഉറപ്പിച്ച രവി 10-0 എന്ന സ്കോറിന് വിജയം കുറിച്ചു.

വനിതകളുടെ 50 കിലോ ഗുസ്തിയിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ പൂജ ഗെഹ‍്‍ലോട്ട്. ഇന്ന് വെങ്കല മെഡൽ മത്സരത്തിൽ പൂജ സ്കോട്ടിഷ് ഗുസ്തി താരത്തെ 12-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് വെങ്കല മെഡലിന് അര്‍ഹയായത്.

 

4×100 മീറ്റർ റിലെയിൽ ഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ വനിത ടീം

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 4×100 മീറ്റർ റിലെയിൽ ഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ ടീം. ദുത്തീ ചന്ദ്, ഹിമ ദാസ്, ശ്രബണി നന്ദ, ജ്യോതി യരാജി എന്നിവർ അടങ്ങിയ ഇന്ത്യൻ ടീം ആണ് ഫൈനലിലേക്ക് മുന്നേറിയത്.

ഹീറ്റ്‌സിൽ ജമൈക്കക്ക് മാത്രം പിന്നിൽ രണ്ടാമത് ആയാണ് ഇന്ത്യൻ ടീം ഫൈനൽ ഉറപ്പിച്ചത്. 44.45 സെക്കന്റ് എന്ന സമയം ആണ് ഇന്ത്യൻ ടീം ഹീറ്റ്‌സിൽ കുറിച്ചത്. ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച സമയം ആണ് ഇത്. ഫൈനലിൽ പൊരുതാൻ തന്നെയാവും ഇന്ത്യൻ ടീമിന്റെ ശ്രമം.

Exit mobile version