ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി

ഡെന്മാര്‍ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി. പുരുഷ, വനിത സിംഗിള്‍സിന് പുറമെ മിക്സഡ് ഡബിള്‍സ്, പുരുഷ ഡബിള്‍സ് ടീമുകളും പരാജയം ഏറ്റു വാങ്ങുകയായിരുന്നു. വനിത വിഭാഗത്തില്‍ സിന്ധു പരാജയപ്പെട്ടപ്പോള്‍ പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയും സായി പ്രണീതും പരാജയപ്പെട്ടു. പുരുഷ ഡബിള്‍സില്‍ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്രയും പരാജയം ഏറ്റുവാങ്ങി.

സിന്ധു നേരിട്ടുള്ള ഗെയിമില്‍ കൊറിയന്‍ താരത്തോട് 14-21, 17-21 എന്ന സ്കോറിന് കീഴടങ്ങിയപ്പോള്‍ സായി പ്രണീത് നേരിട്ടുള്ള ഗെയിമില്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് 6-21, 14-21 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്. സമീര്‍ വര്‍മ്മ ചെന്‍ ലോംഗിനോട് 12-21, 10-21 എന്ന സ്കോറിന് പരാജയം സമ്മതിച്ചു.

മൂന്ന് ഗെയിം പോരാട്ടത്തില്‍ പൊരുതിയ ശേഷമാണ് സിക്കി-പ്രണവ് കൂട്ടുകെട്ട് കീഴടങ്ങിയത്. മലേഷ്യന്‍ താരങ്ങളോട് 58 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷ 24-26, 21-13, 11-21 എന്ന സ്കോറിനായിരുന്നു ടീമിന്റെ തോല്‍വി. 16-21, 15-21 എന്ന നിലയില്‍ ചൈനീസ് സഖ്യത്തോടാണ് ചിരാഗ് ഷെട്ടി-സാത്വിക്സായിരാജ് കൂട്ടുകെട്ട് പരാജയപ്പെട്ടത്.