ലോക ജൂനിയർ സ്ക്വാഷ് ഫൈനലിൽ കടന്ന് അനാഹത് സിംഗ്; 21 വർഷത്തിന് ശേഷം ചരിത്രനേട്ടവുമായി ഇന്ത്യ

വേൾഡ് ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് 2026-ന്റെ സെമിഫൈനലിൽ ഈജിപ്തിന്റെ ബാർബ് സമേഹിനെ 3-1 എന്ന സ്കോറിന് തോൽപ്പിച്ച് ഇന്ത്യയുടെ ടോപ്പ് സീഡ് താരം അനാഹത് സിംഗ് ഫൈനലിൽ പ്രവേശിച്ചു. നാല് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ 11-3, 8-11, 11-4, 11-6 എന്ന സ്കോറിനാണ് അനാഹത് വിജയം സ്വന്തമാക്കിയത്.
2005-ൽ ജോഷ്ന ചിന്നപ്പയ്ക്ക് ശേഷം വേൾഡ് ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ നേട്ടവും അനാഹത് ഇതോടെ സ്വന്തമാക്കി. ഫൈനലിൽ ഈജിപ്തിന്റെ രണ്ടാം സീഡ് താരം റുഖയ്യ സലീമാണ് അനാഹതിന്റെ എതിരാളി. ഈ കിരീടപ്പോരാട്ടത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ ജൂനിയർ ലോക സ്ക്വാഷ് ചാമ്പ്യൻ പട്ടം നേടിക്കൊടുക്കാൻ പതിനെട്ടുകാരിയായ അനാഹതിന് സാധിക്കും.