La Liga

12 വർഷങ്ങൾക്ക് ശേഷം റയൽ മാഡ്രിഡ് ഗോൾ കീപ്പർ ലാലിഗയിൽ മികച്ച കീപ്പർ

ലാലിഗയിലെ മികച്ച ഗോൾ കീപ്പർക്കുള്ള സമോര ട്രോഫി അവസാനം ഒരു റയൽ മാഡ്രിഡ് ഗോൾ കീപ്പർക്ക് ലഭിച്ചു. റയലിന്റെ ഒന്നാം നമ്പർ തിബ കൊർതോയിസ് ആണ് ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ ഉള്ള ഗോൾ കീപ്പർക്ക് ലഭിക്കുന്ന സമോര ട്രോഫി സ്വന്തമാക്കിയത്. ഒരുപാട് വിമർശനങ്ങൾ കഴിഞ്ഞ സീസണിൽ കേട്ടിരുന്ന കോർതോയ്ക്ക് ഈ ട്രോഫി വലിയ അംഗീകാരമാണ്.

ഈ സീസണിൽ താരം 20 ക്ലീൻ ഷീറ്റുകളാണ് സ്വന്തമാക്കിയത്. അവസാന നാലു സീസണുകളിലും സമോര ട്രോഫി സ്വന്തമാക്കിയിരുന്ന ഒബ്ലകിനെ മറികടന്നാണ് കോർതോ ഈ പുരസ്കാരം സ്വന്തമാക്കിയത്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിൽ കളിക്കുമ്പോൾ രണ്ട് തവണ കോർതോ ഈ പുരസ്കാരം നേടിയിട്ടുണ്ട്. 2008ൽ കസിയസ് സമോര ട്രോഫി നേടിയതിന് ശേഷം ആദ്യമായാണ് ഒരു റയൽ മാഡ്രിഡ് താരം ഈ പുരസ്കാരം നേടുന്നത്.