Kerala Cricket LeagueFeatured

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

Img 20260812 Wa0624

കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ അടുത്തെത്തി നിൽക്കെ, നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള കടുത്ത തയ്യാറെടുപ്പിലാണ് ഏരീസ് കൊല്ലം സെയിലേഴ്സ്. കെസിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് റെക്കോർഡുള്ള ടീമാണ് കൊല്ലം സെയിലേഴ്സ്. പ്രഥമ സീസണിൽ ചാമ്പ്യന്മാരായ കൊല്ലം, രണ്ടാം സീസണിൽ റണ്ണേഴ്സ് അപ്പാവുകയും ചെയ്തിരുന്നു. അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഇത്തവണത്തെ നിരയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ മാച്ച് വിന്നർമാരുണ്ടെന്നതാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്. വത്സൽ ​ഗോവിന്ദാണ് ടീമിൻ്റെ ക്യാപ്റ്റൻ.

കഴിഞ്ഞ രണ്ട് സീസണുകളിലും കൊല്ലത്തിന്റെ തകർപ്പൻ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ബാറ്റിങ് നിര ഇക്കുറിയും അതിശക്തമാണ്. കഴിഞ്ഞ വ‍ർഷങ്ങളിൽ ബാറ്റിങ് നിരയുടെ നട്ടെല്ലായിരുന്ന അഭിഷേക് ജെ. നായർ തന്നെയാണ് ഇക്കുറിയും ടീമിന്റെ പ്രതീക്ഷ. അഭിഷേകിനൊപ്പം ആനന്ദ് കൃഷ്ണനാകും ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കുക. തൃശൂർ ടൈറ്റൻസിന്റെ ഭാഗമായിരുന്ന ആനന്ദിനെ 5.20 ലക്ഷത്തിനാണ് സെയിലേഴ്സ് ഇത്തവണ ടീമിലെത്തിച്ചത്. എൻഎസ്കെ ട്രോഫിയിൽ കാസർകോടിനെതിരെ വെറും 40 പന്തിൽ സെഞ്ച്വറി തികച്ചതടക്കം സമീപകാലത്ത് തകർപ്പൻ ഫോമിലാണ് ആനന്ദ്. ഇവർക്ക് പുറമെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദ്, എം. അജിനാസ്, പ്രീതിഷ് പവൻ എന്നിവർ കൂടി ചേരുമ്പോൾ ശക്തമായൊരു ബാറ്റിങ് നിരയാണ് സെയിലേഴ്സിന്റേത്.

ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ ആഴം നൽകുന്ന ഓൾറൗണ്ടർമാരുടെ സാന്നിധ്യമാണ് ടീമിന്റെ മറ്റൊരു സവിശേഷത. ഷറഫുദ്ദീൻ തന്നെയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയൻ. പ്രഥമ സീസണിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയിരുന്ന ഷറഫുദ്ദീൻ കഴിഞ്ഞ സീസണിലും തിളക്കമാർന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. ഷറഫുദ്ദീന് പുറമെ എസ്. മിഥുൻ, അർജുൻ വേണുഗോപാൽ, അഖിൽ കെ.ജി, ആഷിഖ് മുഹമ്മദ് തുടങ്ങിയവരാണ് ഓൾറൗണ്ടർമാരുടെ നിരയിലുള്ളത്.മത്സരത്തിന്റെ ഗതി തിരിക്കാൻ ശേഷിയുള്ള താരങ്ങളാണ് ഇവർ എല്ലാവരും തന്നെ.

ഏതൊരു ശക്തമായ ബാറ്റിങ് നിരയെയും തളയ്ക്കാൻ പോന്ന ബൗളിങ് ആക്രമണമാണ് ഇത്തവണ കൊല്ലത്തിന്റേത്. പവർപ്ലേ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തി എതിരാളികളെ പ്രതിരോധത്തിലാക്കാനും, ഡെത്ത് ഓവറുകളിൽ റൺസ് നിയന്ത്രിക്കാനും പ്രാപ്തിയുള്ള പേസർമാർ ടീമിനൊപ്പമുണ്ട്. രഞ്ജിയിൽ കഴിഞ്ഞ സീസണിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച എം.ഡി. നിധീഷ് ഇത്തവണ സെയിലേഴ്സിന് വേണ്ടിയാണ് പന്തെറിയുക. ഒപ്പം കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടയിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന അമൽ എ.ജിയും ടീമിനൊപ്പമുണ്ട്. പവൻ രാജ്, വിജയ് വിശ്വനാഥ്, മോനു കൃഷ്ണ എന്നിവരാണ് ബൗളിങ് നിരയിലെ മറ്റ് ശ്രദ്ധേയ സാന്നിധ്യങ്ങൾ.

കെ.കെ. ജിയാസാണ് ടീമിന്റെ പരിശീലകൻ. ആരോൺ (വീഡിയോ അനലിസ്റ്റ്), ഡോ. ആഷ്ലി ടോമി (ഫിസിയോ), സഞ്ജു സതീഷ് (ഫിറ്റ്നസ് ട്രെയിനർ), വർഷ ബി. (കോച്ചിങ് സ്റ്റാഫ്), അജീഷ് (ടീം മാനേജർ) എന്നിവരടങ്ങുന്നതാണ് സപ്പോർട്ട് സ്റ്റാഫ്. ഡോ. എം പ്രഭിരാജാണ് ടീമിൻ്റെ സിഇഒ.

ടീം അംഗങ്ങൾ – വത്സൽ ഗോവിന്ദ്, അഭിഷേക് ജെ. നായർ, പവൻ രാജ്, ഷറഫുദ്ദീൻ, വിജയ് വിശ്വനാഥ്, അജിനാസ് എം., ആനന്ദ് കൃഷ്ണൻ, നിധീഷ് എം.ഡി., മുഹമ്മദ് ഇഷാഖ് പി., അർജുൻ വേണുഗോപാൽ, അമൽ രമേഷ്, സച്ചിൻ പി.എസ്., അഖിൽ കെ.ജി., ആഷിഖ് മുഹമ്മദ്, അമൽ എ.ജി., മോനു കൃഷ്ണ, മിഥുൻ എസ്., പ്രീതിഷ് പവൻ, അരുൺ പൗലോസ്.