Indian Premier LeagueFeatured

വൈഭവ് സൂര്യവൻഷിയുടെ താണ്ഡവം; ഹൈദരാബാദിന് കൂറ്റൻ വിജയലക്ഷ്യം ഉയർത്തി രാജസ്ഥാൻ റോയൽസ്

Resizedimage 2026 05 27 21 25 30 1

മുള്ളൻപൂർ: ഐപിഎൽ 2026 എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് അടിച്ചുകൂട്ടിയത്. വെറും 29 പന്തിൽ നിന്ന് 5 ഫോറും 12 സിക്സറുകളുമടക്കം 97 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാനെ കൂറ്റൻ സ്കോറിലെത്തിച്ചത്. 334.48 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു സൂര്യവംശിയുടെ ബാറ്റിംഗ്.


മറുഭാഗത്ത് യശസ്വി ജയ്‌സ്വാൾ (29), ക്യാപ്റ്റൻ റിയാൻ പരാഗ് (26), ധ്രുവ് ജൂറൽ (50) എന്നിവരും രാജസ്ഥാനായി സ്കോർ ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. വെറും 21 പന്തിൽ നിന്നാണ് ജൂറൽ തന്റെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. പവർപ്ലേ ഓവറുകളിൽ മാത്രം 80 റൺസ് നേടിയ രാജസ്ഥാൻ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് സ്വീകരിച്ചത്. ഡൊനോവൻ ഫെരേര (12), രവീന്ദ്ര ജഡേജ (പുറത്താകാതെ 12) എന്നിവരും സ്കോർ 240 കടത്താൻ സഹായിച്ചു.


ഹൈദരാബാദിനായി ബൗളിംഗിൽ പ്രഫുൽ ഹിംഗെ നാല് ഓവറിൽ 54 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാല് ഓവറിൽ വിക്കറ്റൊന്നും നേടാതെ 64 റൺസ് വഴങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി. ഈഷാൻ മലിംഗ, ശിവാങ് കുമാർ, നിതീഷ് കുമാർ റെഡി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന റൺ ചേസിംഗിനാണ് ഹൈദരാബാദ് ഇനി ഒരുങ്ങേണ്ടത്. ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഹൈദരാബാദിന്റെ വിജയം.