മിസോറാമിനെ തകർത്തു; കേരളത്തിന് U-20 ദേശീയ ഫുട്ബോൾ കിരീടം

ഇന്ത്യൻ യുവ ഫുട്ബോളിന്റെ ചരിത്രതാളുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കാവുന്ന സുവർണ്ണ മുന്നേറ്റവുമായി കേരളത്തിന്റെ U-20 പുരുഷ ടീം സ്വാമി വിവേകാനന്ദ മെൻസ് U-20 നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2025-26 ജേതാക്കളായി. ഛത്തീസ്‌ഗഡിലെ നാരായൺപൂർ ആർ.കെ അശ്രമ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനലിൽ ശക്തരായ മിസോറാമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് കേരളം ഇന്ത്യയുടെ രാജാക്കന്മാരായത്.
ടൂർണമെന്റിലുടനീളം പരാജയമറിയാതെ കുതിച്ച കേരളം, ഫൈനലിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് തോൽക്കാൻ മനസ്സില്ലാത്ത വീര്യവുമായി നാല് ഗോളുകൾ തിരിച്ചടിച്ച് ഐതിഹാസിക വിജയം പിടിച്ചെടുത്തത്. ഹെഡ് കോച്ച് ഡോ. ടി.എ രഞ്ജിത്തിന്റെ കൃത്യമായ തന്ത്രങ്ങളും കളിക്കാരുടെ പോരാട്ടവീര്യവുമാണ് ഈ സ്വപ്നതുല്യമായ കിരീടധാരണത്തിന് പിന്നിലെ പ്രധാന കരുത്ത്.
നാരായൺപൂരിലെ 40 ഡിഗ്രി കടുത്ത ചൂടിൽ നടന്ന ഫൈനലിന്റെ ആദ്യ പകുതിയിൽ മിസോറാമിന്റെ വേഗതയേറിയ മുന്നേറ്റങ്ങൾക്ക് മുന്നിൽ കേരളം അല്പം പതറുന്ന കാഴ്ചയാണ് കണ്ടത്. കളിയുടെ 11-ാം മിനിറ്റിൽ മെസാക്കിലൂടെയും 34-ാം മിനിറ്റിൽ വൻലാൽറംഗാകയിലൂടെയും ഗോൾ നേടി ആദ്യ പകുതിയിൽ മിസോറാം 2-0 ന് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രപരമായ മാറ്റങ്ങളുമായി കളംനിറഞ്ഞ കേരളം മിസോറാമിന്റെ പ്രതിരോധ കോട്ടകളെ തകർത്തു തരിപ്പണമാക്കി. അജിത് (55′), ഷെറിൽ (71′, 90+5′ PK), ഷാമിൽ (83′) എന്നിവർ കേരളത്തിനായി ഗോളുകൾ നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കടുത്ത ഫൗളുകൾക്ക് മുതിർന്ന മിസോറാമിന്റെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.
കിരീടനേട്ടത്തിനൊപ്പം ടൂർണമെന്റിലെ പ്രധാന വ്യക്തിഗത പുസ്‌കാരങ്ങളും കേരളത്തിന്റെ താരങ്ങൾ തൂത്തുവാരി. 7 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ അടിച്ചുകൂട്ടി കേരളത്തിന്റെ ഷെറിൽ ഷാജി തോമസ് ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. മധ്യനിരയിൽ കളി നിയന്ത്രിക്കുകയും പ്രതിരോധത്തെയും ആക്രമണത്തെയും ഒരേപോലെ കോർത്തിണക്കുകയും ചെയ്ത കാൽവിൻ തോമസ് ടൂർണമെന്റിലെ മികച്ച കളിക്കാരനായി (പ്ലെയർ ഓഫ് ദി ടൂർണമെന്റ്) തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ കേരളം, ക്വാർട്ടറിൽ മേഘാലയയെയും (2-1), സെമിയിൽ പഞ്ചാബിനെയും (4-1) പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. കേരള ഫുട്ബോളിന് അഭിമാനമായി മാറിയ ചാമ്പ്യൻ ടീമിന് ഈ മാസം 29-ാം തീയതി രാവിലെ 8:30-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ആവേശകരമായ സ്വീകരണം നൽകുന്നതാണ്.