Indian Premier LeagueCricketFeatured

ചെന്നൈയെ നിഷ്പ്രഭമാക്കി രാജസ്ഥാന്‍

Vaibhav

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 8 വിക്കറ്റിന്റെ മികവുറ്റ വിജയവുമായി രാജസ്ഥാന്‍ റോയൽസ്. 127 റൺസിന് ചെന്നൈയെ പിടിച്ചുകെട്ടിയ ശേഷം ലക്ഷ്യം 12.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ മറികടന്നത്. വൈഭവ് സൂര്യവംശിയും യശസ്വി ജൈസ്വാളും ചേര്‍ന്ന് നൽകിയ മിന്നും തുടക്കത്തിന് ശേഷം കാര്യങ്ങള്‍ രാജസ്ഥാന് എളുപ്പമായിരുന്നു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 74 റൺസാണ് രാജസ്ഥാന്‍ നേടിയത്. എന്നാൽ പവര്‍പ്ലേ കഴിഞ്ഞ് രണ്ടാം പന്തിൽ വൈഭവ് സൂര്യവംശിയെ രാജസ്ഥാന് നഷ്ടമായി. 38 പന്തിൽ നിന്ന് 75 റൺസ് ഒന്നാം വിക്കറ്റിൽ വൈഭവ് – ജൈസ്വാള്‍ കൂട്ടുകെട്ട് നേടിയപ്പോള്‍ അന്‍ഷുൽ കാംബോജ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 17 പന്തിൽ 52 റൺസ് നേടിയ സൂര്യവംശിയെയാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്.

പകരം ക്രീസിലെത്തിയ ധ്രുവ് ജുറേൽ 9 പന്തിൽ 18 റൺസ് നേടിയപ്പോള്‍ താരത്തിനെയും കാംബോജ് ആണ് പുറത്താക്കിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 106 റൺസാണ് രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. മെല്ലെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ച യശസ്വി ജൈസ്വാളും റിയാന്‍ പരാഗും മൂന്നാം വിക്കറ്റിൽ 29 റൺസ് കൂട്ടിചേര്‍ത്ത് 12.1 ഓവറിൽ രാജസ്ഥാനെ വിജയം ഉറപ്പിച്ചു.

ജൈസ്വാള്‍ 36 പന്തിൽ 38 റൺസും റിയാന്‍ പരാഗ് 11 പന്തിൽ 14 റൺസും നേടി പുറത്താകാതെ നിന്നു.