സാൾട്ട്, വിരാട്, പടിദാര്‍ – മുംബൈയ്ക്കെതിരെ റൺവേട്ടയുമായി ആര്‍സിബി

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 240 റൺസെന്ന വമ്പന്‍ സ്കോര്‍ നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഫിൽ സാള്‍ട്ട്, രജത് പടിദാര്‍, വിരാട് കോഹ്‍ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ആര്‍സിബിയ്ക്ക് കൂറ്റന്‍ സ്കോര്‍ നേടിയത്.

വിരാട് കോഹ്‍ലിയ്ക്കൊപ്പം ഓപ്പണിംഗ് ഇറങ്ങിയ ഫിലിപ് സാള്‍ട്ട് മുംബൈ ബൗളിംഗിനെ കടന്നാക്രമിച്ചപ്പോള്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 71 റൺസാണ് ആര്‍സിബി നേടിയത്. 25 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ സാള്‍ട്ട് മറുവശത്ത് വിരാട് കോഹ്‍ലിയെ കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നത്.
9ാം ഓവറിൽ ആര്‍സിബിയുടെ ടീം സ്കോര്‍ 100 കടന്നപ്പോള്‍ 30 റൺസ് മാത്രമായിരുന്നു കോഹ്‍ലിയുടെ സംഭാവന. 36 പന്തിൽ 78 റൺസ് നേടിയ ഫിലിപ്പ് സാള്‍ട്ടിനെ ശര്‍ദ്ധുൽ താക്കൂര്‍ പുറത്താക്കിയപ്പോള്‍ 120 റൺസാണ് ആര്‍സിബിയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്.

വിരാട് കോഹ്‍ലി 37 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയെങ്കിലും തൊട്ടടുത്ത പന്തിൽ താരം പുറത്തായി. സാള്‍ട്ടിന് പകരമെത്തിയ രജത് പടിദാര്‍ അടിച്ച് തകര്‍ത്തപ്പോള്‍ താരം വെറും 17 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.
കോഹ‍്ലി പടിദാര്‍ കൂട്ടുകെട്ട് 23 പന്തിൽ 65 റൺസാണ് നേടിയത്. അധികം വൈകാതെ 20 പന്തിൽ 53 റൺസ് നേടിയ രജത് പടിദാറിനെ ആര്‍സിബിയ്ക്ക് നഷ്ടമായി. അവസാന ഓവറുകളിൽ 16 പന്തിൽ 34 റൺസുമായി ടിം ഡേവിഡ് കസറിയപ്പോള്‍ ആര്‍സിബി 4 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടി.