ഗില്ലടിയിൽ ഗുജറാത്ത്, 5 വിക്കറ്റ് ജയം

ഗില്ലിന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 5 വിക്കറ്റ് ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. കാമറൺ ഗ്രീനിന്റെ മികവിൽ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്ത് 180 റൺസ് നേടിയപ്പോള്‍ ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിൽ 181 റൺസ് നേടി വിജയം കുറിച്ചു.
ഗുജറാത്തിന് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ട് 57 റൺസാണ് നേടിയത്. 22 റൺസ് നേടിയ സായി സുദര്‍ശനെ പുറത്താക്കി സുനിൽ നരൈന്‍ ആണ് ആദ്യ വിക്കറ്റ് നേടിയത്. ഗില്ലും ബട്‍ലറും ചേര്‍ന്ന് 38 റൺസ് നേടിയപ്പോള്‍ വരുൺ ചക്രവര്‍ത്തി 15 പന്തിൽ 25 റൺസ് നേടിയ ജോസ് ബട്‍ലറെ ഗുജറാത്തിന് നഷ്ടമായി.
വാഷിംഗ്ടൺ സുന്ദറിനെ പുറത്താക്കി വരുൺ ചക്രവര്‍ത്തി തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ ഗിൽ മികവ് തുടര്‍ന്ന് ഗുജറാത്തിന് മുന്നിലെ ലക്ഷ്യം 24 പന്തിൽ 32 റൺസായി കുറച്ച് കൊണ്ടുവന്നു. ജയത്തിന് 23 റൺസ് അകലെ 50 പന്തിൽ 80 റൺസ് നേടിയ ഗില്ലിനെ വൈഭവ് അറോറ പുറത്താക്കുകയായിരുന്നു.
ഗുജറാത്തിനെ വിജയത്തിലേക്ക് നയിക്കുകയെന്ന ദൗത്യം ഗ്ലെന്‍ ഫിലിപ്സ് ഏറ്റെടുക്കുകയായിരുന്നു. താരം കാര്‍ത്തിക് ത്യാഗിയെ തുടരെ രണ്ട് ബൗണ്ടറി പായിച്ച് ലക്ഷ്യം 11 റൺസാക്കി ഫിലിപ്സ് മാറ്റി. 19ാം ഓവറിൽ വൈഭവ് അറോറയെ ആദ്യ പന്തിൽ രാഹുല്‍ തെവാത്തിയ ബൗണ്ടറി പായിച്ചെങ്കിലും പിന്നീട് താരം വെറും 2 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ അവസാന ഓവറിൽ ഗുജറാത്ത് ജയത്തിനായി 5 റൺസ് നേടണമായിരുന്നു.
അവസാന ഓവറിൽ രമൺദീപ് സിംഗ് ബൗളിംഗ് ദൗത്യം ഏറ്റെടുത്തപ്പോള്‍ ആദ്യ പന്ത് വൈഡായിരുന്നു ഫലം. എന്നാൽ 19 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്സിനെ പുറത്താക്കി താരം തിരിച്ചടിച്ചപ്പോള്‍ ഗുജറാത്ത് ക്യാംപ് പരിഭ്രാന്തിയിലായി.
പക്ഷേ രാഹുല്‍ തെവാത്തിയയും ഷാരൂഖ് ഖാനും 2 പന്ത് അവശേഷിക്കെ ഗുജറാത്തിന് ജയം സമ്മാനിച്ചു.