യൂത്ത് ഒളിമ്പിക്സ്: ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ

- Advertisement -

യൂത്ത് ഒളിമ്പിക്സില്‍ നാലാം മത്സരത്തില്‍ ഓസ്ട്രേലിയയോട് പൊരുതി കീഴടങ്ങി ഇന്ത്യ. 3-4 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ 10 ഗോളിനും രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയെ 9-1 എന്ന സ്കോറിനും കീഴടക്കിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ കെനിയയെ 7-1 നു പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ നാലാം മത്സരത്തില്‍ ഓസ്ട്രേലിയയോട് 4-3 എന്ന സ്കോറിനു ഇന്ത്യ പരാജയമേറ്റു വാങ്ങി. ആദ്യ പകുതിയില്‍ 2-1നു ഓസ്ട്രേലിയ മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതിയില്‍ ആദ്യ ആറ് മിനുട്ടില്‍ തന്നെയാണ് മൂന്ന് ഗോളുകളും വീണത്. മൈല്‍സ് ഡേവിസ് രണ്ടാം മിനുട്ടിലും ജെയിംസ് കോളിന്‍സ് മൂന്നാം മിനുട്ടിലും നേടിയ ഗോളില്‍ ഓസ്ട്രേലിയ മുന്നിലെത്തിയപ്പോള്‍ ഇന്ത്യയ്ക്കായി ആറാം മിനുട്ടില്‍ വിവേക് സാഗര്‍ പ്രസാദ് ഗോള്‍ മടക്കി.

രണ്ടാം പകുതിയില്‍ അലിസ്റ്റര്‍ മുറേ ഓസ്ട്രേലിയയുടെ ലീഡ് ഉയര്‍ത്തി. വിവേക് സാഗര്‍ ഇന്ത്യയുടെയും തന്റെയും രണ്ടാം ഗോള്‍ നേടിയപ്പോള്‍ അടുത്ത മിനുട്ടില്‍ തന്നെ മരിയാസ് ബ്രാഡ്‍ലി ഓസ്ട്രേലിയയുടെ ലീഡ് ഉയര്‍ത്തി. ശിവം ആനന്ദ് ഇന്ത്യയ്ക്കായി മൂന്നാം ഗോള്‍ നേടി. 20 മിനുട്ടാണ് യൂത്ത് ഒളിമ്പിക്സില്‍ ഹോക്കിയുടെ സമയം.

ഇന്ത്യ ഇന്ന് അഞ്ചാം മത്സരത്തില്‍ കാനഡയെ നേരിടും. ഹോക്കി 5s എന്ന മത്സരയിനമാണ് യൂത്ത് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement