മൗറിഞ്ഞോക്ക് പിന്തുണയുമായി ഇബ്രാഹിമോവിച്ചും

മൗറിഞ്ഞോക്ക് പിന്തുണയുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇബ്രാഹിമോവിച്ചും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം ഫോമിന് കാരണം മൗറിഞ്ഞോ അല്ലെന്നും കളിക്കാർ ആണെന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു. സ്ഥിരത കൈവരിക്കാൻ വിഷമിക്കുന്ന യുണൈറ്റഡ് മെച്ചപ്പെട്ട് വരുന്നുണ്ടെന്നും താരം പറഞ്ഞു. എം.എൽ.എസ്സിൽ ലാ ഗാലക്‌സിയുടെ താരമാണ് ഇബ്രാഹിമോവിച്ച് ഇപ്പോൾ.

മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് കിരീടം നേടി കൊടുക്കാൻ മൗറിഞ്ഞോക്ക് കഴിയുമെന്നും എന്നാൽ ഈ ടീം വെച്ച് മൗറിഞ്ഞോ അത്ഭുതം കാണിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു. മൗറിഞ്ഞോ ഒരു ജേതാവ് ആണെന്നും ഈ ഘട്ടത്തിൽ യുണൈറ്റഡിനെ മുൻപോട്ട് നയിക്കാൻ മൗറിഞ്ഞോയ്ക്ക് മാത്രമേ കഴിയു എന്നും താരം പറഞ്ഞു.

പ്രീമിയർ ലീഗിൽ മോശം ഫോം തുടരുന്ന യുണൈറ്റഡ് ഇപ്പോൾ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ലീഗിൽ 4 മത്സരം മാത്രം ജയിച്ച യുണൈറ്റഡ് മൂന്ന് മത്സരങ്ങൾ തോൽക്കുകയും ചെയ്തിരുന്നു.