പരമ്പരാഗത നീല കുപ്പായത്തിലേക്ക് തിരികെ ഹോക്കി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ നീല ജേഴ്സിയിൽ കളിക്കും

ഇന്ത്യൻ ഹോക്കി ടീം തങ്ങളുടെ പരമ്പരാഗത നീല നിറത്തിലുള്ള ജേഴ്സിയിലേക്ക് തിരിച്ചെത്തുന്നു. നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടന്ന ലോകകപ്പിൽ കാവി നിറത്തിലുള്ള ജേഴ്സി അണിഞ്ഞാണ് ടീം കളത്തിലിറങ്ങിയിരുന്നത്. എന്നാൽ ഇതിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെയാണ് ഹോക്കി ഇന്ത്യ തങ്ങളുടെ തീരുമാനം തിരുത്തിയത്. ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ടീം വീണ്ടും നീല കുപ്പായത്തിൽ അണിനിരക്കും.
ഏഷ്യൻ ഗെയിംസിനായി സമർപ്പിച്ച ഔദ്യോഗിക പട്ടികയിൽ നീല നിറത്തെ ഒന്നാം മുൻഗണനയുള്ള ജേഴ്സിയായാണ് ഹോക്കി ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം കാവി നിറത്തെ രണ്ടാമത്തെ ഓപ്ഷണൽ ജേഴ്സിയായി നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ആരാധകരുടെ വികാരം മാനിച്ചും വിമർശനങ്ങൾ കണക്കിലെടുത്തുമാണ് തങ്ങളുടെ പ്രിയപ്പെട്ട നീല കുപ്പായത്തിലേക്ക് തിരിച്ചെത്താൻ ബോർഡ് തീരുമാനിച്ചത്.