ഗോളടി തുടർന്ന് മാർട്ടിനസ്‌, ഇന്ററിന് വിജയം

സീരി എയിലെ ഗോൾ വരൾച്ചക്ക് ലൗട്ടാരോ മാർട്ടിനസ് അറുതി വരുത്തിയ മത്സരത്തിൽ സെലെർനിട്ടാനക്കെതിരെ ഇന്റർ മിലാന് എതിരില്ലാത്ത രണ്ടു ഗോൾ വിജയം. സീസണിലെ മോശം തുടക്കത്തിന് ശേഷം ബാഴ്‌സക്കെതിരായ മത്സരങ്ങളിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ററിനെയാണ് ഒരിക്കൽ കൂടി കളത്തിൽ കണ്ടത്. ബരെല്ല രണ്ടാം ഗോളോടെ പട്ടിക പൂർത്തിയാക്കി. വിജയത്തോടെ യുവന്റസിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് എത്താനും ഇന്ററിനായി.

മാർട്ടിനസ്

തുടർച്ചയായ അഞ്ച് ലീഗ് മത്സരങ്ങൾക്ക് ശേഷമുള്ള ലൗട്ടാരോ മർട്ടിനസിന്റെ ഗോൾ തന്നെ ആയിരുന്നു മത്സരത്തിലെ പ്രത്യേകത. ലുക്കാകു പരിക്കേറ്റ് പുറത്തായ ശേഷം ഗോൾ കണ്ടെത്താൻ ആവാതെ മുന്നേറ്റ നിര നിറം മങ്ങിയത് പലപ്പോഴും ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ബാഴ്‌സക്കെതിരെ ഗോൾ കണ്ടെത്തിയിരുന്ന താരം തുടർച്ചയായ രണ്ടാം മത്സരത്തിലും വലകുലുക്കിയത് ടീമിന് വലിയ ആശ്വാസം സമ്മാനിക്കും എന്ന കാര്യത്തിൽ സംശയമില്ല. ബോക്സിന് പുറത്തു വെച്ചു അർജന്റീനൻ താരം തൊടുത്തു വിട്ട മികച്ചൊരു ഷോട്ടാണ് ഇന്ററിന് ആദ്യ ഗോൾ സമ്മാനിച്ചത്. ചൽഹനോഗ്ലു ബോക്സിലേക്ക് നീട്ടി നൽകിയ പാസ് നിയന്ത്രണത്തിൽ ആക്കിയ ബരെല്ലയെ തടയാൻ എതിർ പ്രതിരോധ താരങ്ങൾക്ക് കഴിയാതെ ഇരുന്നതോടെ ഇറ്റാലിയൻ താരം ടീമിന്റെ ലീഡ് ഇരട്ടിയാക്കി.