സീരി എയിൽ യുവൻ്റെസിന് അപ്രതീക്ഷിത പരാജയം, ഫ്രാൻസിൽ ലിയോണെ മറികടന്ന് പി.എസ്.ജി

- Advertisement -

സീരി എയിൽ എതിരാളിക്കെതിരായ ലീഡ്‌ ഉയർത്താനിറങ്ങിയ യുവൻ്റെസിന് ജെനോവയിൽ നിന്നാണ് അപ്രതീക്ഷിത പരാജയം ഏറ്റ് വാങ്ങേണ്ടി വന്നത്, ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു യുവൻ്റെസിൻ്റെ പരാജയം. അർജൻ്റീന യുവ താരവും ഡീഗോ സിമിയോണിയുടെ മകനുമായ ഗിവാനി സിമിയോണി ആദ്യ പതിനഞ്ച് മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളുകളാണ് യുവെയെ തകർത്തത്. അലക്സ് സാന്ത്രോ വഴങ്ങിയ സെൽഫ് ഗോൾ യുവെയുടെ പതനം പൂർണ്ണമാക്കി, പ്യാനിക്കാണ് യുവെയുടെ ആശ്വാസ ഗോൾ കണ്ടത്തിയത്. മറ്റ് മത്സരങ്ങളിൽ പലേർമോക്കെതിരെ ലാസിയോ 1 – 0 ൻ്റെ വിജയം കണ്ടപ്പോൾ ഏഡൻ ചെക്കോയുടെ ഇരട്ട ഗോൾ മികവിൽ റോമ പെസ്കാരയെ 3-2 നു മറികടന്നു. ലീഗിൽ യുവെ തന്നെയാണ് ഇപ്പോഴും ഒന്നാമത്, റോമ രണ്ടാമതെത്തിയപ്പോൾ ലാസിയോ നാലാമതുമെത്തി. നാപ്പോളി ഇന്നും ഇൻ്റർ മിലാൻ നാളെ പുലർച്ചയുമായാണ് മത്സരത്തിനിറങ്ങുക.

ലീഗ് വണ്ണിൽ പതിവിന് വിപരീതമായി കിരീട പോരാട്ടം കടുക്കുകയാണ്. നീസ്, മൊണാക്കോ ടീമുകൾ ചാമ്പ്യന്മാരായ പാരിസ് സെൻ്റ് ജെർമ്മനു കനത്ത ഭീക്ഷണിയാണ് ഉയർത്തുന്നത്. എന്നാൽ എതിരാളികൾക്കെതിരായ ലീഡ് ഉയർത്താനിറങ്ങിയ നീസ് ബാസ്റ്റിയക്കെതിരെ 1-1 ൻ്റെ സമനില വഴങ്ങിയത് അവർക്ക് തിരിച്ചടിയായി. എങ്കിലും അവർ തന്നെയാണ് ലീഗിൽ ഇപ്പോഴും ഒന്നാമത്. ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ ലിയോണെ ഒന്നിനെതിരെ 2 ഗോളിനായിരുന്നു പി.എസ്.ജി മറികടന്നത്. ഉജ്ജ്വല ഫോമിലുള്ള ഉറുഗ്വ താരം എഡിസൺ കവാനിയാണ് പി.എസ്.ജിയുടെ രണ്ട് ഗോളുകളും കണ്ടത്തിയത്. വാൽബുവേന ആയിരുന്നു ലിയോണിൻ്റെ ആശ്വാസ ഗോൾ കണ്ടത്തിയത്. ഈ നിർണ്ണായക വിജയത്തോടെ നീസിന് ഒരു പോയിൻ്റ് മാത്രം പിറകിൽ ലീഗിൽ മുന്നാം സ്ഥാനതെത്താൻ അവർക്കായി.

Advertisement