മൗറീസിയോ സാരി പരിശീലന തന്ത്രങ്ങൾ ഇനി ചെൽസിക്ക് സ്വന്തം

- Advertisement -

ചെൽസി ആരാധകരുടെ ക്ഷമ പരീക്ഷിച്ച ട്രാൻസ്ഫർ മാമാങ്കത്തിന് അവസാനം. ഒടുവിൽ മൗറീസിയോ സാരി ചെൽസി പരിശീലകൻ. ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ നീണ്ട കാലം നിന്ന ആനിശ്ചിതത്വങ്ങൾക്കാണ് അവസാനമായത്. അന്റോണിയോ കോണ്ടേയെ പുറത്താക്കിയാണ് ചെൽസി മുൻ നാപോളി പരിശീലകനെ സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ ചുമതല ഏൽപ്പിക്കുന്നത്. ചെൽസി ഇതിഹാസം ജിയഫ്രാങ്കോ സോള അദ്ദേഹത്തിന്റെ സഹ പരിശീലകനായും കരാർ ഒപ്പിട്ടിട്ടുണ്ട്.

നാപോളി പരിശീലകനായി കാർലോ ആഞ്ചലോട്ടിയെ നിയമിച്ചതോടെ ചെൽസിക്ക് തടസ്സങ്ങൾ ഇല്ലാതെ സാരിയെ സ്വന്തമാക്കാൻ പറ്റുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും തങ്ങൾക്ക് കീഴിൽ കരാറിലുള്ള സാരിയെ വിട്ട് നൽകാൻ നാപോളി വിസമ്മതിച്ചതോടെ ചെൽസിക്ക് ദീർഘനാൾ പ്രശ്ന പരിഹാരത്തിന് എടുത്തു. ഒടുവിൽ മധ്യനിര താരം ജോർജിഞ്ഞോയെയും സാരിക്കൊപ്പം 65 മില്യൺ പൗണ്ടോളം വരുന്ന തുകയിൽ ചെൽസിക്ക് നൽകാൻ അവർ തീയുമാനിക്കുകയായിരുന്നു.

ആക്രമണ ഫുട്ബോളിന് പേര് കേട്ട സാരി എത്തുന്നതോടെ ചെൽസിയിൽ അത് പുതുയുഗ പിറവിയാകും. പ്രതിരോധത്തിൽ ഊന്നിയുള്ള കളി ശൈലിക്ക് ഏറെ വിമർശങ്ങൾ കേട്ട ചെൽസിയിൽ സാരി തന്റെ ആക്രമണ ഫുട്ബോൾ ഫിലോസഫി തന്നെയാവും അവതരിപ്പിക്കുക. നാപോളിയുടെ ശൈലി യൂറോപ്പിൽ ഏറെ പ്രശസ്തമായിരുന്നു. കരിയറിൽ കാര്യമായ കിരീട നേട്ടങ്ങൾ ഇല്ല എന്നത് പോരായ്മ ആണെങ്കിലും ചെൽസി പോലൊരു ക്ലബ്ബിനോപ്പം അത് സാധ്യമാകും എന്ന് തന്നെയാവും അദ്ദേഹത്തിന്റെ പ്രതീക്ഷ.

നാപോളിക്ക് പുറമെ എംപോളിയെയും സാരി പരിശീലിപിച്ചിട്ടുണ്ട്. പരിശീലകന്റെ കാര്യത്തിൽ തീരുമാനം ആയതോടെ വരും നാളുകളിൽ ചെൽസിയിലേക്ക് കൂടുതൽ കളിക്കാർ എത്തും എന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement