റോയല്‍സിനെ പിന്തള്ളി ഹോക്ക്സ് രണ്ടാം ക്വാളിഫയറിലേക്ക്

- Advertisement -

എഡ്മോണ്ടന്‍ റോയല്‍സിനെ പിന്തള്ളി വിന്നിപെഗ് ഹോക്ക്സ് ഗ്ലോബല്‍ ടി20 കാനഡ രണ്ടാം ക്വാളിഫയറിലേക്ക്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന എലിമിനേറ്ററില്‍ 7 വിക്കറ്റിന്റെ ജയമാണ് ഹോക്ക്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 183/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒരു പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ഹോക്ക്സ് ജയം സ്വന്തമാക്കി. രണ്ടാം ക്വാളിഫയറില്‍ വാന്‍കോവര്‍ നൈറ്റ്സ് ആണ് വിന്നിപെഗ് ഹോക്ക്സിന്റെ എതിരാളികള്‍.

ഡേവിഡ് വാര്‍ണര്‍(55), ബെന്‍ മക്ഡര്‍മട്ട്(65*), ലെന്‍ഡല്‍ സിമ്മണ്‍സ്(33) എന്നിവരാണ് വിജയികള്‍ക്കായി തിളങ്ങിയത്. ബെന്‍ മക്ഡര്‍മട്ട് ആണ് കളിയിലെ താരം. 39 പന്തില്‍ നിന്നാണ് താരത്തിന്റെ 65 റണ്‍സ്. 5 ബൗണ്ടറിയും 4 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍സിനായി 44 റണ്‍സുമായി അഗ സല്‍മാന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍ 41 റണ്‍സും ലൂക്ക് റോഞ്ചി 25 റണ്‍സും നേടി. റയാദ് എമ്രിറ്റ് നാല് വിക്കറ്റുമായി വിന്നിപെഗ് ഹോക്ക്സ് ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement