ഒന്നിലധികം ക്ലബുകൾ സ്വന്തമാക്കി സിറ്റി ഗ്രൂപ്പ് മാതൃക പിന്തുടരാൻ ആഴ്‌സണൽ,ചെൽസി,ലിവർപൂൾ ക്ലബുകളും ശ്രമിക്കുന്നു

Wasim Akram

20220928 213918
Download the Fanport app now!
Appstore Badge
Google Play Badge 1

സിറ്റി, റെഡ് ബുൾ ഫുട്‌ബോൾ ഗ്രൂപ്പുകളുടെ മാതൃക പിന്തുടരാൻ ആഴ്‌സണൽ ഉടമകൾ ആയ ക്രോയെങ്കെ സ്പോർട്സ് എന്റർടൈൻമെന്റ്(കെ.എസ്.ഇ) ഗ്രൂപ്പ് ശ്രമിക്കുന്നത് ആയി റിപ്പോർട്ടുകൾ. 1999 ൽ അമേരിക്കൻ ബിസിനസ് ഉടമ സ്റ്റാൻ ക്രോയെങ്കെ സ്ഥാപിച്ച കെ.എസ്.ഇക്ക് കീഴിൽ ആഴ്‌സണലിന് പുറമെ അമേരിക്കൻ ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ, ഹോക്കി, മേജർ ലീഗ് സോക്കർ എന്നിവയിലും ടീമുകൾ ഉള്ള ക്രോയെങ്കെ ഗ്രൂപ്പ് നിലവിൽ സിറ്റി, റെഡ് ബുൾ ഗ്രൂപ്പുകളുടെ മാതൃകയിൽ ഒന്നിലധികം ഫുട്‌ബോൾ ക്ലബുകളെ സ്വന്തമാക്കാൻ ആണ് നിലവിൽ ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് പുറമെ, ന്യൂയോർക്ക്, മെൽബൺ, മുംബൈ, പലേർമോ തുടങ്ങി പല രാജ്യങ്ങളിൽ സിറ്റിക്ക് ടീമുകൾ ഉണ്ട്.

അതേസമയം റെഡ് ബുള്ളിന്റെ ലൈപ്സിഗ്, സാൽസ്ബർഗ് ടീമുകൾക്ക് ഒരുമിച്ച് ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള അനുമതിയും യുഫേഫ നൽകുന്നുണ്ട്. നിലവിൽ ഈ മാതൃക താരങ്ങളെ വളർത്തി എടുക്കാനും സാമ്പത്തികമായി ലാഭം ഉണ്ടാക്കാനും കൂടുതൽ വളരാനും ഈ ഗ്രൂപ്പുകളെ സഹായിക്കുന്നുണ്ട്. ഈ മാതൃക പിന്തുടരാൻ ആണ് ക്രോയെങ്കെ ഗ്രൂപ്പ് നിലവിൽ ശ്രമിക്കുന്നത്. നിലവിൽ ബെൽജിയം, പോർച്ചുഗൽ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നാവും ക്രോയെങ്കെ ഗ്രൂപ്പ് ക്ലബിനെ സ്വന്തമാക്കുക എന്നാണ് സൂചന. ഉടനെ ഒന്നും ക്ലബിനെ സ്വന്തമാക്കില്ല എങ്കിലും ആഴ്‌സണലിന് വലിയ ബന്ധങ്ങൾ ഉള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ആവും പ്രഥമ പരിഗണന എന്നാണ് സൂചന.

ആഴ്‌സണൽ

നേരത്തെ ഇത്തരം ഒരു നീക്കത്തെ കുറിച്ചു ചെൽസി ഉടമ ടോഡ് ബോഹ്ലിയും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പോർച്ചുഗീസ് ക്ലബിനെ സ്വന്തമാക്കാനുള്ള നീക്കത്തിൽ ചെൽസി ഉടമ വളരെയധികം മുന്നോട്ട് പോയി എന്നാണ് നിലവിലെ സൂചന. അതേസമയം ലിവർപൂൾ ഉടമകൾ ആയ ജോൺ ഹെൻറി ഗ്രൂപ്പും ഇതേപോലുള്ള നീക്കം നടത്തുന്നത് ആയി റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ യൂറോപ്യൻ സൂപ്പർ ലീഗ് നീക്കം ആരാധകരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച അമേരിക്കൻ ഉടമകളുടെ പുതിയ നീക്കത്തെ ആരാധകർ എങ്ങനെ എടുക്കും എന്നു കണ്ടു തന്നെ അറിയാം. അതേസമയം നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയകരമായ മാതൃക പിന്തുടർന്ന് ഫുട്‌ബോൾ മാർക്കറ്റിൽ വിജയം കൈവരിക്കാൻ ആവും ആഴ്‌സണൽ, ചെൽസി, ലിവർപൂൾ ഉടമകളുടെ ശ്രമം.