ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾ! ജെഴ്‌സിയിലൂടെ പ്രതിഷേധം ഉയർത്തി ഡെന്മാർക്ക് ലോകകപ്പിന് എത്തും

Wasim Akram

Screenshot 20220928 235320 01
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പിന് എത്തുന്ന ഡെന്മാർക്ക് ദേശീയ ടീം തങ്ങളുടെ ഫുട്‌ബോൾ കിറ്റിലൂടെ ഖത്തറിലെ കുടിയേറ്റ ജോലിക്കാർക്ക് എതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ പ്രതിഷേധിക്കും. ഡെന്മാർക്ക് ടീമിന്റെ ജെഴ്‌സി സ്പോൺസർ ആയ ഹമ്മൽ 1992 ലെ യൂറോ കപ്പ് ജെഴ്‌സിയിൽ പ്രചോദനം ഉൾക്കൊണ്ട കിറ്റ് ആണ് അവർക്ക് ആയി ഒരുക്കിയത്. എന്നാൽ ജെഴ്‌സിയിൽ ടീം ലോഗോയും സ്പോൺസർമാരുടെ ലോഗോയും എല്ലാം മങ്ങി ആയിരിക്കും കാണുക. ഇത് കൂടാതെ പ്രതിഷേധത്തിന്റെ ഭാഗമായി അവരുടെ മൂന്നാം ജെഴ്‌സി മുഴുവൻ കറുത്ത നിറത്തിൽ ആണ്. വിലാപത്തിന്റെ നിറമായ കറുപ്പ് തങ്ങൾ പ്രതിഷേധത്തിന് ആയി തിരഞ്ഞെടുക്കുക ആണെന്ന് ഡെന്മാർക്ക് അധികൃതരും വ്യക്തമാക്കി.

ഡെന്മാർക്ക്

ഡെന്മാർക്ക് ദേശീയ ടീമിനെ ഞങ്ങൾ പിന്തുണക്കുന്നു എന്നാൽ ആയിരക്കണക്കിന് ആളുകളെ മരണത്തിനു തള്ളി വിട്ട ഖത്തറിനെ പിന്തുണക്കാൻ ഞങ്ങൾക്ക് ആവില്ല എന്നാണ് ഹമ്മൽ ഔദ്യോഗികമായി വ്യക്തമാക്കിയത്. അതിനാൽ തന്നെ ഖത്തറിൽ ഞങ്ങളുടെ ലോഗോ ഒന്നും കാണരുത് എന്നാണ് തങ്ങളുടെ ലക്ഷ്യം എന്നും അവർ കൂട്ടിച്ചേർത്തു. ഡെന്മാർക്കിന്റെ ആദ്യ ജെഴ്‌സി ചുവപ്പും രണ്ടാം ജെഴ്‌സി വെള്ളയും ആണ്. ഡെന്മാർക്ക് പരിശീലനത്തിന് ഇടുന്ന ജെഴ്‌സിയിലെ സ്പോൺസർമാരും ഖത്തറിനു എതിരായ പ്രതിഷേധങ്ങൾക്ക് ഇടം നൽകാൻ ആയി പിന്മാറിയിട്ടുണ്ട്. ലോകകപ്പ് ആതിഥേയരാവും എന്നു ഉറപ്പായ ശേഷം ഇത് വരെ ഇന്ത്യക്കാർ അടക്കം 6,500 ൽ അധികം കുടിയേറ്റ ജോലിക്കാർ ലോകകപ്പും ആയുള്ള പണികളിൽ ഏർപ്പെടുന്നതിനു ഇടയിൽ മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഔദ്യോഗിക കണക്കുകൾ പുറത്ത് വിടാനോ ഇതിനു എതിരായ പ്രതിഷേധങ്ങൾക്ക് ചെവി കൊടുക്കാനോ ഇത് വരെ ഖത്തർ തയ്യാറായിട്ടില്ല. ഇപ്പോഴും വെറും 40 തിൽ താഴെ മരണങ്ങൾ ആണ് ഇത്തരത്തിൽ സംഭവിച്ചത് എന്നാണ് ഖത്തർ വാദം. ഫിഫ ഖത്തറിനു എതിരെ വലിയ ശിക്ഷ നടപടികളോ മുന്നറിയിപ്പോ നൽകുന്നില്ല എന്ന വിമർശനവും പല രാജ്യങ്ങളും ഉയർത്തിയിട്ടുണ്ട്. അതേസമയം സ്വവർഗ അനുരാഗം പാപം ആയി കാണുന്ന ഖത്തറിൽ അനുവാദം ഇല്ലെങ്കിലും അവർക്ക് പിന്തുണ ആയി ‘റെയിൻബോ’ ആം ബാൻഡ് തങ്ങളുടെ ക്യാപ്റ്റൻ അണിയും എന്ന നിലപാട് ഹോളണ്ട് ടീം എടുത്തിരുന്നു. തുടർന്നു ഇതേ ആം ബാൻഡ് താൻ അണിയും എന്നു ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിൻ വ്യക്തമാക്കിയിരുന്നു. നിലവിൽ ഹോളണ്ട്, ഇംഗ്ലണ്ട് എന്നിവർക്ക് പുറമെ ബെൽജിയം, ഡെന്മാർക്ക്, ഫ്രാൻസ്, ജർമ്മനി, വെയിൽസ്, സ്വിസർലാന്റ് ടീമുകളും ഈ പ്രതിഷേധം സ്വീകരിക്കും എന്നു അറിയിച്ചിട്ടുണ്ട്.