കലിപ്പ് അടങ്ങുന്നില്ല എന്നിട്ടല്ലെ കപ്പ്

കേരള ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിക്കുന്നത്. കലിപ്പ് അടക്കണം കപ്പ് അടിക്കണം എന്നു പറഞ്ഞു പുതിയ സീസണായി ഒരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസൺ പകുതിയോടടുക്കുമ്പോഴും ഒരു താളവും കളത്തിൽ കിട്ടിയിട്ടില്ല എന്നതാണ് സത്യം. 8 മത്സരങ്ങളിൽ വെറും 1 ജയം മാത്രമെ ഉള്ളൂ എന്നത് തന്നെ ആരുടെയും കലിപ്പ് അടക്കാൻ റെനെ മുളൻസ്റ്റീനും സംഘത്തിനും ഇതുവരെ ആയിട്ടില്ല എന്നതിന് തെളിവാണ്.

കഴുത്ത് അറ്റ് വീണാലും ബ്ലാസ്റ്റേഴ്സിനു വേണ്ടി ശബ്ദം മുഴക്കുന്ന ആരാധകർ മാത്രമാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ കപ്പടിക്കണം എന്ന രണ്ടാമത്തെ ആഗ്രഹത്തിന് ജീവൻ ബാക്കിയുണ്ടാകാനുള്ള ഒരേയൊരു കാരണം. എന്ത് നടന്നാലും അഹങ്കരിക്കാൻ ആരാധകർ ഉണ്ട് എന്ന മയക്കത്തിലാണോ കളിക്കാർ എന്നതാണ് ചോദ്യം.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ ഇത്തിരി തപ്പി തടഞ്ഞപ്പോഴും ടീമിനു വേണ്ടി മയ്യും മനസ്സും മറന്ന് കളിക്കുന്ന കുറേ കളിക്കാർ ടീമിനൊപ്പം ഉണ്ടായിരുന്നു. ഹെങ്ബർട്ടിനു ക്യാപ്റ്റൻ ഹ്യൂസിനും ഉൾപ്പെടെയുള്ളവർ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതും അതുകൊണ്ടാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ‌ സീസണിൽ ഇതുവരെ കളത്തിൽ ആ ആത്മാർത്ഥത കാണാനില്ല.

ഒരു കൂട്ടം മടിയന്മാരെ പോലെയാണ് കളിക്കാർ കളിക്കുന്നത്. ഒരു ഗോളിന് പിറകിൽ ആയാൽ പോലും പന്തുമായി മുന്നേറാനുള്ള ആവേശമോ 50-50 പന്തുകൾ വിജയിക്കാനുള്ള ശ്രമോ ബ്ലാസ്റ്റേഴ്സിന്റെ ടീമിൽ നിന്ന് കാണാനില്ല. കളി കഴിഞ്ഞും കളിക്കു മുന്നേയും സാമൂഹിക മാധ്യമങ്ങളിൽ ആരാധകരെ‌ നല്ലതു പറഞ്ഞാൽ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന ആശ്വാസത്തിലാണ് കളിക്കാർ എന്നു തോന്നും.

ഒരുപാട് പ്രതീക്ഷയോടെ എത്തിയ റെനെ മുളൻസ്റ്റീനും കാര്യമായ ചലനങ്ങൾ ഫുട്ബോൾ സ്റ്റൈലിൽ പോലും ബ്ലാസ്റ്റേഴ്സ് ടീമിൽ കൊണ്ടുവരാൻ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം. മിഡ്ഫീൽഡിൽ ഒരു നല്ല കൂട്ടുകെട്ട് കണ്ടെത്താൻ വരെ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ആയില്ല. ഡിഫൻഡറായ കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന ബ്രൗണിനെ മിഡ്ഫീൽഡിൽ കൊണ്ടുവരേണ്ട ഗതികേടിലാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സ്.

എട്ടാമത്തെ സൈനിംഗ് ആയ വിദേശ മിഡ്ഫീൽഡർ എത്തുന്നതോടെ മിഡ്ഫീൽഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നു കരുതാം, എന്നാലും കിടക്കുന്നു ഒരായിരം പ്രശ്നങ്ങൾ വേറെയും. ഏറ്റവും കൂടുതൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വെറുത്തിരുന്ന ബെംഗളൂരുവിനോട് വളരെ ദയനീയമായി പരാജയപ്പെട്ടിട്ടും ആരാധകർ പിറകിൽ ഉണ്ടെങ്കിൽ അവർ ഇതിലും മികച്ചത് അർഹിക്കുന്നു കേരള ബ്ലാസ്റ്റേഴ്സ്.

എതിരാളികളൊക്കെ വന്നു അത്ഭുതപെട്ട്, ബഹുമാനിക്കുകയും നന്ദി പറയുകയും ചെയ്ത ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടത്തിനോട് ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരും ഇത്തിരി ബഹുമാനവും നന്ദിയും കാണിക്കണം. കാണിച്ച് തുടങ്ങണം. ഇല്ലായെങ്കിൽ കലിപ്പ് പോലും അടങ്ങില്ല കപ്പ് അവിടെ നിക്കട്ടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്കേറ്റ് ജിസൂസും ഡു ബ്രെയ്‌നയും, സിറ്റിക്ക് ആശങ്ക

മാഞ്ചസ്റ്റർ സിറ്റിക്ക് കടുത്ത നിരാശ സമ്മാനിച്ച സമനിലക്ക് പിന്നാലെ സിറ്റിയുടെ പ്രധാന താരങ്ങളായ ഗബ്രിയേൽ ജിസൂസും കെവിൻ ഡു ബ്രെയ്‌നയും പരിക്ക് കാരണം ഏതാനും മത്സരങ്ങളിൽ പുറത്തിരിക്കും എന്ന് ഉറപ്പായി. ജിസൂസിന് രണ്ടു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും എന്ന് പരിശീലകൻ ഗാർഡിയോള സ്ഥിരീകരിച്ചിട്ടുണ്ട്. ഡു ബ്രെയ്‌നയുടേത് കാര്യമായ പരിക്ക് അല്ലെങ്കിലും അടുത്ത ആഴ്ച കളിക്കാൻ ആയേക്കില്ല.

പാലസിന് എതിരായ മത്സരത്തിനിടെ ഓവർ സ്ട്രെച് ചെയ്ത് വീണതാണ് ജിസൂസിന് വിനയായത്. അഗ്യൂറോക്ക് മുന്നിൽ മത്സരം ആരംഭിച്ച ജിസൂസിന് പക്ഷെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പിന്മാറേണ്ടി വന്നിരുന്നു. കരഞ്ഞുകൊണ്ടാണ് യുവ താരം മൈതാനം വിട്ടത്. ഡു ബ്രെയ്‌നെ സ്ട്രെച്ചറിൽ കളം വിട്ടെങ്കിലും ഭാഗ്യം കൊണ്ട് കാര്യമായ പരിക്കിലാതെ രക്ഷപെട്ടു. എങ്കിലും വരും ദിവസങ്ങളിൽ മാത്രമേ താരത്തിന് ഏറെ നാൾ വിശ്രമം വേണ്ടി വരുമോ ഇല്ലയോ എന്ന് പറയാനാവൂ എന്നും ഗാർഡിയോള പ്രതികരിച്ചിട്ടുണ്ട്. നേരത്തെ പാലസിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയ സിറ്റിക്ക് തുടർച്ചയായ 18 ജയങ്ങളുടെ ജൈതയാത്ര അവസാനിപ്പിക്കേണ്ടി വന്ന മത്സരത്തിൽ ഭാഗ്യം കൊണ്ടാണ് തോൽവിയിൽ നിന്ന് അവർ രക്ഷപ്പെട്ടത്. 90 ആം മിനുട്ടിലെ പാലസ് പെനാൽറ്റി എഡേഴ്സൻ തടുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രീമിയർ ലീഗിൽ ഫെർഗൂസണെ മറികടന്ന് വെങ്ങറാശാൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു റെക്കോർഡിന് കൂടെ ആഴ്സണൽ മാനേജർ വെങ്ങർ ഉടമയായിരിക്കുക ആണ്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരിശീലിപ്പിച്ച മാനേജർ എന്ന റെക്കോർഡാണ് ഇന്നലത്തെ മത്സരത്തോടെ വെങ്ങർ സ്വന്തമാക്കിയത്. മത്സരത്തിൽ ആഴ്സണൽ അവസാന നിമിഷത്തിൽ വഴങ്ങിയ പെനാൾട്ടി കാരണം ജയം വെങ്ങറിന് അന്യം നിന്നു.

ഇന്നലത്തെ മത്സരത്തോടെ 811 മത്സരങ്ങളിൽ വെങ്ങർ ആഴ്സണലിനെ പരിശീലിപ്പിച്ചു. 810 മത്സരങ്ങൾ പരിശീലിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ മാനേജർ സർ അലക്സ് ഫെർഗൂസന്റെ റെക്കോർഡാണ് വെങ്ങർ ഇതോടെ മറികടന്നത്.

ഹാരി റെഡ്നാപ്പ് 641 മത്സരങ്ങൾ, ഡേവിഡ് മോയെസ് 508 മത്സരങ്ങൾ, ബിഗ് സാം 495 മത്സരങ്ങൾ എന്നിവരാണ് വെങ്ങറിനും ഫെർഗൂസണും പിറകിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സലായുടെ കുതിപ്പിന് പരിക്കിന്റെ കുരുക്ക്

ലിവർപൂൾ ഫോർവേഡ് മൊഹമ്മദ് സലായ്ക്ക് പരിക്ക്. ഇന്ന് നടക്കുന്ന ബേൺലിക്കെതിരായ മത്സരത്തിന് സലാഹ് ഉറപ്പായും ഇറങ്ങില്ല എന്നാണ് റിപ്പോർട്ടുകൾ. മികച്ച ഫോമിലുള്ള സലാഹ് കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ഇരട്ട ഗോളുകളുമായി ലിവർപൂളിനെ ജയത്തിലേക്ക് നയിച്ചിരുന്നു.

ആ മത്സരത്തിനിടെയാണ് സലായ്ക്ക് പരിക്കേറ്റതും. മുട്ടിന് പരിക്കേറ്റ താരം ഇന്ന് മാത്രമായിരിക്കില്ല പുറത്ത് ഇരിക്കുക. രണ്ടാഴ്ചയോളം സലാഹ് പുറത്തിരിക്കേണ്ടി വരുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരുന്ന വാരാന്ത്യത്തിൽ എവർട്ടണെയും അതിനു പിറകിൽ മാഞ്ചസ്റ്റർ സിറ്റിയേയും നേരിടാനുള്ള ലിവർപൂളിന് സലായുടെ പരിക്ക് വലിയ തിരിച്ചടിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിവാദ പെനാൽറ്റിയിൽ സമനില വഴങ്ങി ഗണ്ണേഴ്‌സ്

റഫറി മൈക്ക് ഡീൻ അനുവദിച്ച വിവാദ പെനാൽറ്റിയിൽ ആഴ്സണലിന് വെസ്റ്റ് ബ്രോമിനെതിരെ സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ 89 ആം മിനുട്ടിലാണ് വെസ്റ്റ് ബ്രോം വിവാദ തീരുമാനത്തിലൂടെ പെനാൽറ്റി നേടിയത്. 2 പോയിന്റ് നഷ്ടപെടുത്തിയതോടെ ആഴ്സണൽ 38 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌. 16 പോയിന്റ് ഉള്ള വെസ്റ്റ് ബ്രോം 19 ആം സ്ഥാനത് തുടരും.

വെങ്ങറുടെ റെക്കോർഡ് 811 ആം ലീഗ് മത്സരത്തിൽ 83 ആം മിനുട്ടിൽ അലക്‌സി സാഞ്ചസിന്റെ ഫ്രീകിക്ക് ജെയിംസ് മക്ളീന്റെ ദേഹത്ത് തട്ടി വലയിൽ പതിച്ചതോടെ ആഴ്സണൽ ഏക ഗോളിന്റെ ജയം ഉറപ്പിച്ചതാണ്. പക്ഷെ 89 ആം മിനുട്ടിൽ കാലം ചേമ്പേഴ്‌സ് ബോക്സിൽ പന്ത് കൈകൊണ്ട് തടുത്തതിന് റഫറി വെസ്റ്റ് ബ്രോമിന് പെനാൽറ്റി നൽകി. ആഴ്സണൽ താരങ്ങൾ പ്രതിഷേധിചെങ്കിലും ഫലം ഉണ്ടായില്ല. ജെ റോഡ്രിഗസിന്റെ കിക്ക് വലയിലായതോടെ സ്കോർ 1-1.  റിപ്ലെകളിൽ ചേംബേഴ്സിന്റേത് മനഃപൂർവമായ ഹാൻഡ് ബോൾ അല്ലായിരുന്നു എന്ന് വ്യക്തമായിരുന്നു. ആഴ്സണൽ താരം പീറ്റർ ചെക്കും, പരിശീലകൻ വെങ്ങറും മത്സരത്തിന് ശേഷം റഫറിമാർക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മൂന്നാം തിയതി ചെൽസിക്ക് എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യൻ സൂപ്പർ ലീഗ് ആരവമുയരുന്നു

കാൽപന്തു കളിയിൽ ഇന്ത്യക്കു പുതിയ താളം നൽകിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം പതിപ്പിന് ഒക്ടോബർ ഒന്നു മുതൽ പന്തുരുളുകയാണ്. ഗുവാഹത്തിയിൽ  കേരളത്തിന്റെ മഞ്ഞപ്പട നോർത്ത് ഈസ്റ്റിന്റെ കരുത്തിനെ നേരിടുന്നതോടെ 79 ദിവസം നീണ്ടുനിൽക്കുന്ന ഐഎസ്എൽ അങ്കത്തിന് കിക്കോഫ് ആകും.

ആദ്യ രണ്ടു സീസണുകളിലെ വിജയം കൊണ്ടു ശ്രദ്ധ പിടിച്ചു പറ്റിയ ഐഎസ്എല്‍ മൂന്നാം സീസണിലേക്ക് കടക്കുമ്പോള്‍ വീണ്ടും ലോകഫുട്ബോളിന്റെ കണ്ണുകള്‍ ഇന്ത്യയിലേക്കെത്തിക്കുകയാണ്. ഏറ്റവുമധികം കാണികളുടെ പങ്കാളിത്തമുള്ള മികച്ച മൂന്നാമത്തെ ലീഗെന്ന നേട്ടത്തോടെയാണ് ചെന്നൈയിൻ എഫ് സി കിരീടമണിഞ്ഞ രണ്ടാമത്തെ ഐഎസ്എൽ അവസാനിച്ചത്, അതും ലാലിഗയ്ക്കും മുകളിൽ. ജർമ്മൻ ലീഗും ഇംഗ്ലീഷ് പ്രീമിയർ ലീഗും മാത്രാണ് ഐഎസ്എല്ലിനെക്കാൾ ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്.

സച്ചിന്റെ ഉടമസ്ഥതയിലുള്ള മലയാളിയുടെ ആവേശമായ കേരള ബ്ലാസ്റ്റേഴ്സ്, കഴിഞ്ഞ തവണ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌ സി, രണ്ടാം സ്ഥാനക്കാരായ ഗോവ എഫ് സി, മുൻ ചാമ്പ്യന്മാരായ അത്‍ലറ്റിക്കോ ഡി കൊൽക്കത്ത, നോർത്ത് ഇന്ത്യയുടെ ഒരേയൊരു ഐഎസ്എൽ ക്ലബായ ഡെൽഹി ഡൈനാമോസ്, നെലോ വിൻഗാദ  പരിശീലിപ്പിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഡീഗോ ഫോർലാൻ ഇറങ്ങുന്ന മുംബൈ സിറ്റി എഫ് സി, ആദ്യ രണ്ടു സീസണിലെ നിരാശ മാറ്റാൻ ഇറങ്ങുന്ന പൂനെ സിറ്റി എഫ് സി എന്നീ എട്ടു ക്ലബുകളാണ് ഐഎസ്എൽ കപ്പുയർത്താൻ പോരിനിറങ്ങുന്നത്.

ഓരോ ടീമും പതിനാലു കളികൾ വീതം കളിക്കുന്ന ആദ്യ റൗണ്ടും രണ്ടു പാദങ്ങളായി കളിക്കുന്ന സെമിഫൈനലും കടന്ന് ആര് ഡിസംബർ 18ന് നടക്കുന്ന കലാശ പോരാട്ടത്തിൽ കിരീടം കൈക്കലാക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസൺ വിജയികളായ മാർക്കോ മറ്റെരാസിയുടെ ചെന്നൈയും ഗോവയും  ഒഴികെ ആറു ക്ലബുകളും പുതിയ പരിശീലകരുടെ കീഴിലാണ് അണിനിരക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ബ്രസീൽ ഇതിഹാസം റോബോർട്ടോ കാർലോസ് ഉൾപ്പെടെ അഞ്ചു പരിശീലകർ ഇന്ത്യൻ സൂപ്പർ ലീഗിനു പുറത്തായപ്പോൾ കൊൽക്കത്തയെ ആദ്യ സീസണിൽ കിരീടമണിയിക്കുകയും കഴിഞ്ഞ സീസണിൽ സെമിഫൈനൽ വരെ എത്തിക്കുകയും ചെയ്ത  അന്റോണിയോ ലോപസ് ഹബാസ് പൂനെ സിറ്റി എഫ് സിയുടെ ചുക്കാൻ ഏറ്റെടുത്തു.

കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറക്കാൻ ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കപ്പിലേക്കു വഴികാട്ടുന്നത് പുതിയ പരിശീലകനും പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ സ്റ്റീവ് കോപ്പലാണ്. ആരോൺ ഹ്യൂസ് നയിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിനു ഗ്രഹാം സ്റ്റാക്ക്, കെവൻസ് ബെൽഫോർട്ട്, അന്റോണിയോ ജർമൻ, ഹോസു തുടങ്ങി വലിയ താരനിര തന്നെയുണ്ട്. മലയാളി താരങ്ങളായ സികെ വിനീത് ,റിനൊ ആന്റോ, മുഹമ്മദ് റാഫി എന്നിവരും കൂടെയാകുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ കൂടുന്നു. തായ്‌ലാന്റിൽ പ്രീസീസൺ കഴിഞ്ഞു വരുന്ന ടീം ആദ്യ സീസണിൽ അവസാന‌ നിമിഷം കൈവിട്ട ചാമ്പ്യൻ പട്ടം നേടാൻ ഒരുങ്ങി കഴിഞ്ഞു എന്നണ് ടീം മാനേജ്‌മെന്റ് പറയുന്നത്.

ഫുട്ബോളിനെ നെഞ്ചിലേറ്റിയ യുവ ഇന്ത്യൻ പ്രതിഭകളും ഐഎസ്എല്ലിനെ ഉറ്റുനോക്കുകയാണ്. 3.06 ഗോൾ ശരാശരിയിൽ 186 ഗോളുകൾ പിറന്ന കഴിഞ്ഞ ഐഎസ്എൽ സീസണിൽ 48 ഗോളുകൾ മാത്രമാണ് ഇന്ത്യൻ ബൂട്ടുകൾ നേടിയത് എന്ന വിമർശനത്തിന് കളത്തിൽ സുനിൽ ചേത്രി മുതൽ ഉദാന്താ സിംഗ്‌ വരെയുള്ള ഇന്ത്യൻ താരങ്ങൽ മറുപടി നൽകേണ്ടി വരും.

ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‍ലറ്റിക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച മുഴങ്ങുന്ന  ഈ സീസണിലെ ആദ്യ വിസിൽ പ്രവചനങ്ങൾക്കപ്പുറമുള്ള ഒരു സീസണാകും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കു നൽകാൻ പോകുന്നത്.

ഒളിംപ്യൻ റഹ്‌മാൻ ഓർമ്മ

“Rajasthan Club rebrought China Wall from Kerala”  എന്ന വാക്കുകൾ സ്റ്റേറ്റ്സ് മാൻ പത്രത്തിൽ തിളങ്ങി നിന്നു. ആ വാക്കുകൾ ടി അബ്ദുറഹ്മാൻ എന്ന നമ്മുടെ ഒളിമ്പ്യൻ റഹ്‌മാനെ കുറിച്ചായിരുന്നു. പ്രതാപത്തിലായിരുന്ന‌ മുഹമ്മദൻസിനെതിരെ രാജസ്ഥാൻ ക്ലബിനു വേണ്ടി അന്ന് ആ ഡിഫൻഡർ വൻമതിലായി തന്നെ മാറി.

കോഴിക്കോടിന്റെ‌ മൈതാനികളിലൂടെയാണ് ഒളിമ്പ്യൻ റഹ്‌മാൻ യാത്ര തുടങ്ങിയത്. ബ്രിട്ടീഷുകാർ കോഴിക്കോടിനു നൽകിയ മികച്ച സംഭാവന ഫുട്ബോൾ ആയിരുന്നു എന്ന് പറയാം. ഫുട്ബോൾ ഇന്ത്യയിൽ വളരാൻ തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ തന്നെ കോഴിക്കോടിനും ഫുട്ബോൾ കമ്പം കയറി. റിക്ഷാക്കാരനായ‌ കുട്ടന് എന്തുകൊണ്ട് കോഴിക്കോടിന് സ്വന്തമായി ഒരു ഫുട്ബോൾ ക്ലബ് ആയിക്കൂടാ എന്ന ചിന്ത വന്നു. പന്തു കളിക്കുന്ന കുറച്ച് യുവാക്കളെ ചേർത്ത് അദ്ദേഹം ‘കുട്ടൻസ് ക്ലബ്’ ആരംഭിക്കുന്നതോടെ കോഴിക്കോടിന്റെ ഫുട്ബോൾ ചരിത്രം ആരംഭിക്കുകയാണ്. കുട്ടൻസ് ക്ലബ് പിന്നീട് ‘ചാലഞ്ചേഴ്സ്’ ആയി. 1930കളുടെ അവസാനം മൈസൂരിൽ ചെന്ന് ദസ്റ കപ്പുമായി ആ  ടീം വന്നതാണ് കോഴിക്കോടിന്റെ ആദ്യത്തെ ഫുട്ബോൾ കപ്പ്. ചാലഞ്ചേഴ്സ്, യങ്ങ് ജംസ്, രാജാ ക്ലബ്, കാലിക്കറ്റ് മുസ്ലിംസ്, അക്ബർ ക്ലബ് , മലബാർ ഹണ്ടേർസ്, ബ്ലൂസ് തുടങ്ങി നിരവധി നിരവധി ക്ലബുകൾ… മുഹമ്മദ് അബ്ദുറഹ്മാൻ, നാഗ്ജി എന്നിങ്ങനെ അനവധി ടൂർണമെന്റുകൾ… കേശവൻ നായർ, ലേബേട്ടൻ, പ്രേംനാഥ് ഫിലിപ്പ് , നജീബ്, ജയറാം എന്നിങ്ങനെ മികച്ച താരങ്ങൾ. എങ്കിലും കോഴിക്കോടിന്റെ ഈ മികവിനൊക്കെ ഏറ്റവും മുകളിലായി ഒളിമ്പ്യൻ റഹ്‌മാൻ ഇരിക്കുന്നു.

1934 ജനുവരിയിലാണ് ഒളിമ്പ്യൻ റഹ്‌മാൻ ജനിക്കുന്നത്. ഫോർത്ത് ഗ്രേഡിൽ പഠനമവസാനിപ്പിച്ച് ഫുട്ബോൾ കളിയിലേക്കിറങ്ങി. ഇൻഡിപെൻഡൻസിനു വേണ്ടി കോഴിക്കോട് കോടതി മൈതാനിയിൽ പന്തുതട്ടി റഹ്മാൻ ആ വലിയ ഫുട്ബോൾ യാത്ര ആരംഭിച്ചു. യൂണിവേഴ്സലിന്റേയും യങ്ങ് ജംസിന്റേയും മലബാർ ഹണ്ടേർസിന്റേയും കുപ്പായമണിഞ്ഞ് മലബാർ ഫുട്ബോളിന്റെ കേന്ദ്രബിന്ദുവായി ആ ഡിഫൻഡർ തിളങ്ങി.

1954ൽ മലബാർ ഇലവനെ റോവേർസ് കപ്പിന്റെ സെമിവരെ റഹ്മാൻ എത്തിച്ചു. റോവേർസ് കപ്പിൽ മുംബൈയിൽ തിളങ്ങിയ കേരളാ ഇലവൻസിന്റെ ഒറ്റ കളിക്കാരനും കേരളത്തിലേക്ക് തിരിച്ചു വന്നില്ല. അബ്ദുറഹ്മാനെ കൊൽക്കത്തയിലെ രാജസ്ഥാൻ ക്ലബ് കൊണ്ടുപോയപ്പോൾ ബാക്കിയുള്ളവർ കാൾ ടെക്സ് ടീമിലും ടാറ്റാ ക്ലബിലും ചേർന്നു. രാജസ്ഥാൻ ക്ലബിലിരുന്ന് വമ്പന്മാരെ വിറപ്പിച്ച റഹ്മാനെ 59ൽ ബഗാൻ വാങ്ങി. അറുപതുകളിൽ ബഗാനെ റഹ്മാൻ നയിക്കുകയും ചെയ്തു.

1955ൽ തിരുവനന്തപുരത്തു നടന്ന ഇന്ത്യ റഷ്യാ മത്സരത്തിൽ റഹ്മാൻ ആദ്യമായി ഇന്ത്യക്കു വേണ്ടി ബൂട്ടണിഞ്ഞു. ഇന്ത്യയുടെ‌ എക്കാലത്തേയും മികച്ച ടീമായ 1956ലെ മെൽബൺ ഒളിമ്പിക്സ്‌ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു റഹ്മാൻ. അബ്ദുറഹ്മാന്റെയും ഗോളടി യന്ത്രം നെവിൽ ഡിസൂസയുടെയും മികവിൽ ഇന്ത്യ  സെമിവരെ‌ കുതിച്ചു. ആതിഥേയരായ ആസ്ത്രേലിയയെ 4-2ന് തകർത്താണ് ഇന്ത്യ സെമിയിലെത്തിയത്. സെമിയിൽ യുഗോസ്ലാവിയയോട് പരാജയപ്പെട്ട് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തേയും ഏറ്റവും വലിയ‌നേട്ടമായി ആ നാലാം സ്ഥാനം തുടരുന്നു. റോമിലെ ഒളപിക്സിനും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പരിക്കു കാരണം പിൻവാങ്ങേണ്ടി വന്നു.

റഹ്മാൻ ഒമ്പതു തവണ ബംഗാളിനെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫിയിൽ ഇറങ്ങി. നാലു തവണ കിരീടം സ്വന്തമാക്കി. 1962ൽ ബാംഗ്ലൂരിനെ നായകനായി നയിച്ചും അദ്ദേഹം സന്തോഷ് ട്രോഫിയിൽ ചുംബിച്ചു.

1967 നവംബറിൽ ഒളിമ്പ്യൻ റഹ്‌മാൻ ബൂട്ടഴിച്ചു. തിരിച്ച് കേരളത്തിലെത്തിയ അദ്ദേഹം പരിശീലകനാകാൻ തീരുമാനിച്ചു. കേരള ജൂനിയർ ടീമിനെ പരിശീലിപ്പിച്ച് തുടങ്ങിയ അദ്ദേഹം ടൈറ്റാനിയം, കെഎസ്ഇബി, പ്രീമിയർ ടയേഴ്സ് , മുഹമ്മദൻസ് തുടങ്ങിയ വലിയ ടീമുകളുടെ പരിശീലകനായി.

അറുപത്തി ഒമ്പതാം വയസ്സിൽ മരണപ്പെടുമ്പോൾ കേരളാ ഫുട്ബോളിന്റെ കാരണവർ അദ്ദേഹത്തിന്റെ സ്വപ്നമായ യൂണിവേഴ്സൽ സോക്കർ സ്കൂൾ ഫുട്ബോളിനെ സ്നേഹിക്കുന്നവരെ ഏല്പിച്ചു. മലബാറിലെ കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കാനുള്ള ഒളിമ്പ്യൻ റഹ്മാന്റെ ശ്രമമായിരുന്നു യൂണിവേഴ്സൽ സോക്കർ സ്കൂൾ.

പി എ ബേക്കറിന്റെ ‘ചുവന്ന വിത്തുകൾ’ എന്ന സിനിമയിലെ നായകനായി റഹ്മാൻ മലയാള സിനിമയിലും കാലെടുത്തു വെച്ചിരുന്നു. മകൻ ഹാരിസ് റഹ്മാനും ഉപ്പയ്ക്കു പിറകെ ബൂട്ട് കെട്ടി. പതിനൊന്നു കൊല്ലം സതേൺ റെയിൽവേയുടെ വല ഹാരിസ് റഹ്മാൻ കാത്തു.

സുഹൃത്തായ പിപി മുഹമ്മദ്‌ കോയ പരപ്പിൽ ഒളിമ്പ്യൻ റഹ്മാന്റെ ജീവചരിത്രം മലയാളത്തിൽ രചിച്ചു. ഇന്ത്യൻ ചരിത്രത്തിൽ ഒരു ഫുട്ബോളറുടെ ആദ്യ‌ ജീവചരിത്രം അതായിരുന്നു.

2005ൽ കോഴിക്കോട് ജില്ലാ ഫുട്ബോൾ അസ്സോസിയേഷൻ ടി എ റഹ്മാന്റെ ഓർമ്മയ്ക്കായി ORMA( Olympian Rahman Memmorial Academy) തുടങ്ങിയെങ്കിലും മലയാളികൾ അദ്ദേഹത്തെ മറന്നു തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം. കോഴിക്കോട് EMS സ്റ്റേഡിയത്തിന് ഒളിമ്പ്യൻ റഹ്മാന്റെ പേരു നൽകാൻ വേണ്ടി ഫുട്ബോൾ പ്രേമികൾ ആവശ്യമുന്നയിച്ചപ്പോൾ ഉണ്ടായ എതിർപ്പുകൾ ആ താരത്തിന്റെ ഓർമ്മകൾക്ക് മങ്ങലേറ്റു എന്ന സത്യം ഫുട്ബോൾ സ്നേഹികളെ ഓർമ്മിപ്പിച്ചു. 2016 കേരളാ ബജറ്റിൽ കോഴിക്കോട്‌ നിർമ്മിക്കാൻ തീരുമാനിച്ച ഇൻഡോർ സ്റ്റേഡിയത്തിന് ഒളിമ്പ്യൻ റഹ്മാന്റെ പേരിടാൻ തീരുമാനിച്ചത് അതിനുള്ള പ്രായശ്ചിത്തമാകാം.

എന്തായാലും ഇന്ത്യ‌ കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ നിരക്കാരനായി താഴത്തേരി അബ്ദുറഹ്മാൻ എന്ന ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ചരിത്രത്തിൽ വൻമതിൽ പോലെ നെഞ്ചും വിരിച്ചു തന്നെ നിൽക്കും.

കൊല്‍ക്കത്ത ഡെർബി – ബംഗാള്‍ ഏറ്റുമുട്ടുമ്പോള്‍

കാല്‍പന്ത്‌ കളി ഒരു വികാരമാണ്, അതൊരു ഡെർബി ആണെങ്കിലോ? ഒരേ പ്രദേശത്ത് നിന്നുള്ള ടീമുകൾ ഏറ്റുമുട്ടുമ്പോൾ അത്   വികാരങ്ങൾക്കുമപ്പുറം ഒരു യുദ്ധമായി മാറും. അതാണ്‌ നമ്മള്‍ മാഞ്ചസ്റ്ററിലും മാഡ്രിഡിലും എല്ലാം കാണുന്നത്. പക്ഷെ അതിനെക്കാള്‍ തീക്ഷ്ണതയോടെ ഓരോ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമിയും ഒരിക്കല്‍ എങ്കിലും അനുഭവിച്ചറിയേണ്ട ഒരു ഡെർബിയുണ്ട്, കൊല്‍ക്കത്ത ഡെർബി. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ക്ലബായ മോഹന്‍ ബഗാനും ഏകദേശം നൂറു വര്‍ഷത്തിന്‍റെയടുത്ത് ചരിത്രമുള്ള ഈസ്റ്റ് ബംഗാളും തമ്മില്‍ നടക്കുന്ന നാട്ടങ്കം. ഫുട്ബാൾ രംഗത് കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഒരു രാജ്യത്തിന് നിന്ന്, ഫിഫയുടെ മികച്ച 50 ഡെർബികളുടെ ലിസ്റ്റില്‍ ഒരു ഡെർബി സ്ഥാനം പിടിക്കുക എന്നത് തന്നെ ഈ ഡെർബിയുടെ മാറ്ററിയിക്കുന്നു.

ദശകങ്ങളായി ഈ ഫുട്ബാള്‍ വൈരാഗ്യം ഒട്ടും വീര്യം കുറയാതെ തുടര്‍ന്ന് വരുന്നു, പടിഞ്ഞാറന്‍ ബംഗാളിന്റെ ആവേശമായ മോഹന്‍ ബഗാനും നിലവിലെ ബംഗ്ലാദേശ് നിലനില്‍ക്കുന്ന കിഴക്കന്‍ ബംഗാള്‍ സ്വദേശികൾ പിന്തുണ നല്‍കുന്ന ഈസ്റ്റ് ബംഗാളും വര്‍ഷത്തില്‍ കുറഞ്ഞത് 4 തവണ വീതം ഏറ്റുമുട്ടുമ്പോള്‍ ലോകത്തിലെ തന്നെ വലിയ സ്റ്റേഡിയങ്ങളില്‍ ഒന്നായ സാള്‍ട്ട് ലേക്ക് ജനസാഗരമായി മാറും. പച്ചയും മെറൂണും നിറങ്ങളിൽ ബഗാന്‍ ആരാധാകരും ചുവപ്പും സ്വർണ്ണ നിറവുമണിഞ്ഞ് ഈസ്റ്റ് ബംഗാള്‍ ആരാധകരും കൊല്‍കത്ത തെരുവുകളില്‍ നിറയും. അവിടെ ബോറോ എന്നു വിളിപ്പേരുള്ള ഈ ഫുട്ബോള്‍ വൈരാഗ്യത്തെ എത്ര വികാരപരമയാണ് അവർ  കാണുന്നതെന്ന് മനസ്സിലാകും.

പ്രായഭേദമന്യേ, സമൂഹത്തിന്റെ നിരവധി തട്ടിലുള്ളവർ ഈ ഡെർബിക്കായി കാത്തിരിക്കുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് ഒരു സാധാരണ ഫുട്ബാള്‍ മത്സരം ആയി തോന്നുമെങ്കിലും കൊല്‍ക്കത്തയിലെ പല തലമുറകള്‍ക്ക്, കൊല്‍ക്കത്ത എന്ന നഗരത്തിന് ചരിത്ര പ്രധാനമായ ഒരു ദിശാബോധം നല്‍കിയിട്ടുണ്ട് ഈ ഫുട്ബാള്‍ വൈരാഗ്യം. ഫുട്ബാള്‍ എന്നതിലുപരി മറ്റു ചില വികാരങ്ങളും ഈ ഡെർബിയില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഈസ്റ്റ് ബംഗാള്‍ സ്ഥാപകര്‍ ഇന്നത്തെ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണ്. അതുകൊണ്ട് തന്നെ ബംഗ്ലാദേശില്‍ നിന്നുള്ളവരുടെ പിന്തുണ ഈസ്റ്റ് ബംഗാളിനു ലഭിച്ചു വരുന്നു. മറുവശത്ത്, ഇന്നത്തെ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരും. ഇത് കൊണ്ട് തന്നെ 1924ല്‍ ആദ്യ ഡിവിഷനിലേക്കുള്ള ഈസ്റ്റ് ബംഗാളിന്റെ സ്ഥാനക്കയറ്റത്തെ മോഹന്‍ ബഗാന്‍ എതിര്‍ത്തിരുന്നു.

ഈസ്റ്റ് ബംഗാള്‍ 1-0 നു ജയിച്ച 1925ലെ IFA ലീഗില്‍ ആണ് ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നത്. നിലവില്‍ 345 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 107നെതിരെ 125 വിജയങ്ങളുമായി ഈസ്റ്റ് ബംഗാള്‍ ഒരു പടി മുന്നിലാണ്, 113 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

1997ൽ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫെഡറേഷൻ കപ്പ് സെമി ഫൈനൽ കാണാൻ എത്തിയത് 130,000ൽ അധികം കാണികൾ ആണ്. ഇത് ഇപ്പോഴും ഒരു ഏഷ്യൻ റെക്കോർഡ് ആയി നിലനിൽക്കുന്നു. ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും തിളങ്ങുന്ന നക്ഷത്രളിൽ ഒന്നായ ബൈചൂങ് ബൂട്ടിയ നേടിയ ഹാട്രിക്കിന്റെ സഹായത്തോടെ ഈസ്റ്റ് ബംഗാൾ 4 – 1 എന്ന സ്കോറിന് മോഹൻ ബഗാനെ പരാജയപ്പെടുത്തിയെങ്കിലും ഫൈനലിൽ സാൽഗോക്കറിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.

വര്‍ഷങ്ങള്‍ കഴിയും തോറും ഇരു ടീമുകളും തമ്മിലുള്ള വൈരാഗ്യം കൂടിക്കൊണ്ടിരുന്നു, അതിന്‍റെ ബാക്കി പത്രമായിരുന്നു 1980ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നത്. ഇരു ടീമുകളുടെ കാണികൾ തമ്മിൽ ഏറ്റുമുട്ടുകയും 16 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തത് ഇന്ത്യന്‍ ഫുട്ബാളിന്റെ ചരിത്രത്തിലെ തന്നെ ഒരു കറുത്ത ഏടായി അവശേഷിക്കുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ കാര്യങ്ങള്‍ കുറച്ചു തണുത്തു എങ്കിലും 2012ല്‍ നടന്ന മത്സരത്തില്‍ കാണികള്‍ ആരോ എറിഞ്ഞ പടക്കം മോഹന്‍ ബഗാന്‍ കളിക്കാരന്‍ സയിദ് റഹിം നബിയുടെ മുഖത്ത് പതിക്കുകയും ചോര ചിന്തിയ മുഖവുമായി കളം വിടുകയും ചെയ്തത് മറ്റൊരു കറുത്ത ഏടാണ്.

വീണ്ടും ഒരു ഡെർബി മത്സരം അടുത്തെത്തിയിരുന്നു, ഇപ്രാവശ്യത്തെ ഡെർബിയിൽ കൊൽക്കത്തക്കാരുടെ ആവേശത്തിന് മാറ്റു കൂട്ടാൻ മലയാളി താരങ്ങളായ ടിപി രഹാനേശും അനസ് എടത്തൊടികയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റഫീഖും എല്ലാം ഉണ്ട്. കാത്തിരിക്കാം ആ ഫുട്ബാൾ ആവേശത്തിനായി..

Exit mobile version