FootballFeatured

കേരളത്തിലെ മികച്ച അക്കാദമി തുടർച്ചയായ രണ്ടാം തവണയും മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്ക്

Resizedimage 2026 08 22 17 05 16 1

എറണാകുളം: തുടർച്ചയായ രണ്ടാം തവണയും കേരള ഫുട്ബോൾ അസോസിയേഷന്റെ (KFA) മികച്ച അക്കാദമിക്കുള്ള പുരസ്കാരം സ്വന്തമാക്കി മുത്തൂറ്റ് ഫുട്ബോൾ അക്കാദമി.

കൊച്ചിയിലെ IMA ഹൗസിൽ നടന്ന കേരള ഫുട്ബോൾ അസോസിയേഷൻ അവാർഡ് ദാനച്ചടങ്ങിൽ അക്കാദമി കോർഡിനേറ്റർ രൂപേഷ് കൃഷ്ണയും അക്കാദമി മാനേജർ നാഫിഹ് നാലകത്തും KFA പ്രസിഡന്റ് നവാസ് മീരാനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ഇതിന് പുറമെ, മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്ക് അഭിമാനിക്കാവുന്ന രണ്ട് നേട്ടങ്ങൾ കൂടി ഇതേ വേദിയിൽ ലഭിച്ചു. ജൂനിയർ വിഭാഗത്തിലെ മികച്ച താരമായി ദാരിസ് സാക്കീറും, അണ്ടർ-20 വിഭാഗത്തിലെ മികച്ച താരമായി മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയുടെ മുൻ Graduated കാൽവിൻ തോമസും പുരസ്കാരത്തിന് അർഹരായി.
കഴിഞ്ഞ തവണ മികച്ച ക്ലബ്ബിനും മികച്ച അക്കാദമിക്കുമുള്ള പുരസ്കാരങ്ങൾ മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്കായിരുന്നു. അന്ന് സീനിയർ വിഭാഗത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ അക്കാദമി സ്വന്തമാക്കിയിരുന്നു. കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാർ, റിലയൻസ് ഡെവലപ്‌മെന്റ് ലീഗ് കേരള സോൺ & സൗത്ത് സോൺ ചാമ്പ്യന്മാർ, നാഷണൽ റൗണ്ടിൽ നാലാം സ്ഥാനം തുടങ്ങിയ നേട്ടങ്ങൾ മുത്തൂറ്റിന്റെ അക്കൗണ്ടിലുണ്ടായിരുന്നു.
എന്നാൽ ഈ സീസണിൽ സീനിയർ വിഭാഗത്തിലെ മത്സരങ്ങളിൽ മുത്തൂറ്റ് ഫുട്ബോൾ അക്കാദമി പങ്കെടുത്തിരുന്നില്ല. ഇതോടെ മികച്ച ക്ലബ്ബിനുള്ള പുരസ്കാരം നിലനിർത്താൻ സാധിച്ചില്ല.

വരും വർഷങ്ങളിൽ സീനിയർ വിഭാഗത്തിലും കൂടുതൽ അവസരങ്ങൾ ലഭിക്കുകയും മുത്തൂറ്റ് ഫുട്ബോൾ അക്കാദമി വീണ്ടും ഉയർന്ന നേട്ടങ്ങളിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അക്കാദമി.
അതേസമയം, ഈ വർഷവും കഴിഞ്ഞ വർഷവുമായി കേരളത്തിൽ നിന്ന് ഏഴോളം താരങ്ങളെ ദേശീയ ടീമുകളുടെ ഭാഗമാക്കാൻ മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്ക് സാധിച്ചു.

കേരളത്തിലെ വിവിധ പ്രായവിഭാഗങ്ങളിലെ മത്സരങ്ങളിലും അക്കാദമി മികച്ച പ്രകടനം കാഴ്ചവച്ചു.
KFA അണ്ടർ-15 – ചാമ്പ്യന്മാർ
KFA അണ്ടർ-13 – റണ്ണേഴ്‌സ്-അപ്പ്
KFA അണ്ടർ-18 – മൂന്നാം സ്ഥാനം
തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെയും താരങ്ങളെ വളർത്തിയെടുക്കുന്നതിലൂടെയും കേരള ഫുട്ബോളിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ് മുത്തൂറ്റ് ഫുട്ബോൾ അക്കാദമി.

താരങ്ങളുടെയും പരിശീലകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിലൂടെ വരും വർഷങ്ങളിലും കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്ക് സാധിക്കട്ടെ.