ബംഗ്ലാദേശിനെ 64 റൺസിന് ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ, 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി ആതിഥേയര്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ബംഗ്ലാദേശ്. ആദ്യ മത്സരത്തിലെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം ടെസ്റ്റിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 64 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
പതിനൊന്നാമനായി ക്രീസിലെത്തിയ ഷൊറിഫുള്‍ ഇസ്ലാം 14 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രണ്ടക്ക സ്കോര്‍ നേടിയത് തൈജുള്‍ ഇസ്ലാം (11*), ഹസന്‍ മഹമ്മുദ് (10), മെഹ്ദി ഹസന്‍ മിറാസ് (11) എന്നീ വാലറ്റക്കാരാണ്. അവസാന വിക്കറ്റിൽ നേടിയ 25 റൺസാണ് ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് ആറും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 165/8 എന്ന നിലയിലാണ്. 51 റൺസുമായി കാമറൺ ഗ്രീൻ ടോപ് സ്കോറര്‍ ആയി നിൽക്കുമ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 42 റൺസ് നേടി. ട്രാവിസ് ഹെഡ് 22 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ലാം 6 വിക്കറ്റ് നേടി.