ബ്രൂണോ ഹാട്രിക്ക്!! 5സ്റ്റാർ പ്രകടനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
![Resizedimage 2026 08 30 22 53 32 0677[1]](https://fanport.in/wp-content/uploads/2026/08/ResizedImage_2026-08-30_22-53-32_06771.avif)
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ് ബാക്ക്! സീസണിലെ ആദ്യ മത്സരത്തിൽ ഹൾ സിറ്റിയോട് ഏറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്ന് തകർപ്പൻ പ്രകടനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരകയറിയിരിക്കുകയാണ്. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ഇപ്സ്‌വിച്ച് ടൗണിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടിനെതിരെ അഞ്ച് ഗോളുകളുടെ മാസ്മരിക വിജയം തന്നെ നേടാനായി.
ഇന്ന് തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 29-ാം മിനിറ്റിൽ ഡേവിസിലൂടെ ഇപ്സ്‌വിച്ച് ടൗൺ ഗോൾ നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൂടി പതറുകയാണോ എന്ന് ആരാധകർ സംശയിച്ചു. എന്നാൽ ഇതിനുശേഷം കണ്ടത് ഉയർത്തെഴുന്നേൽക്കാൻ കൊതിക്കുന്ന, കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ കണ്ട കാരിക്കിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആയിരുന്നു.
40-ാം മിനിറ്റിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില പിടിച്ചു. മാത്യസ് കൂഞ്ഞ്യയുടെ പാസ് സ്വീകരിച്ച് ഒരു ബുള്ളറ്റ് ഷോട്ടിലൂടെയായിരുന്നു ബ്രൂണോയുടെ സമനില ഗോൾ.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കത്തിൽ തന്നെ ഗിയർ മാറ്റി. 56-ാം മിനിറ്റിൽ ഹാരി മഗ്വയറിന്റെ ഒരു തകർപ്പൻ ഷോട്ട് ഡിഫ്ലെക്റ്റഡ് ആയി ഗോൾ ആയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1 ന് മുന്നിലെത്തി. പിന്നീട് കണ്ടത് ഗോൾവേട്ടയായിരുന്നു!
61-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഉയർത്തി. 68-ാം മിനിറ്റിൽ ബ്രൂണോ തന്റെ ഹാട്രിക്കും പൂർത്തിയാക്കി. പിന്നീട് 82-ാം മിനിറ്റിൽ ബ്രൂണോയുടെ മനോഹരമായ പാസ് സ്വീകരിച്ച്, ചിപ്പിലൂടെ ഗോൾകീപ്പറെ മറികടന്ന് എംബ്യൂമോ യുണൈറ്റഡിന്റെ അഞ്ചാം ഗോളും നേടി വിജയം ഉറപ്പിച്ചു.