FootballFeatured

ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് പൊരുതി വീണ് കേരള ബ്ലാസ്റ്റേഴ്‌സ്

Resizedimage 2026 02 14 19 56 25 1

കൊൽക്കത്ത, ഫെബ്രുവരി 14, 2026: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. കൊൽക്കത്തയിലെ സാൾട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം.

ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴിൽ 4-3-3 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങിയത്. ആദ്യ ഇലവനിൽ രണ്ട് വിദേശ താരങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്ന സമീപനമാണ് കറ്റാല സ്വീകരിച്ചത്. കെവിൻ യോക്ക്, മർലോൺ ട്രൂജിലോ, ഉമർ ബാഹ്, വിക്ടർ ബെർട്ടോമിയു എന്നീ വിദേശ താരങ്ങൾക്കും മലയാളി യുവതാരം എബിദാസ് യേശുദാസനും ഇത് ഐഎസ്എൽ അരങ്ങേറ്റ മത്സരമായിരുന്നു. റൗളിൻ ബോർജസും ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയിൽ ആദ്യമായി കളത്തിലിറങ്ങി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തിനുമേൽ കൂടുതൽ നിയന്ത്രണം പുലർത്തിയ മോഹൻ ബഗാൻ തുടർച്ചയായ സമ്മർദ്ദമാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് മേൽ ചെലുത്തിയത്. എന്നാൽ കൃത്യമായ അച്ചടക്കത്തോടെ നിലയുറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര ആതിഥേയരുടെ ആക്രമണങ്ങളെ തടഞ്ഞുനിർത്തി. ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ സേവുകളാണ് ഈ ഘട്ടത്തിൽ ടീമിന് കരുത്തായത്. ദിമിത്രിയോസ് പെട്രാറ്റോസ്, ജെമി മക്ലാരൻ എന്നിവരുടെ ഗോളെന്നുറച്ച നീക്കങ്ങൾ സച്ചിൻ തടഞ്ഞിട്ടു. മികച്ച രീതിയിൽ പ്രതിരോധം തുടർന്ന ബ്ലാസ്റ്റേഴ്‌സിനെതിരെ 36-ാം മിനിറ്റിൽ ജെമി മക്ലാരനിലൂടെയാണ് മോഹൻ ബഗാൻ ആദ്യ ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ കൂടുതൽ മികച്ച ആക്രമണോത്സുകത പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തി. പകരക്കാരായി എത്തിയ മർലോൺ ട്രൂജിലോയും നവോച്ച സിംഗും ടീമിന് കൂടുതൽ വേഗത നൽകി. 56-ാം മിനിറ്റിൽ നിഹാലിനു പകരക്കാരനായെത്തിയ കെവിൻ യോക്ക് വിങ്ങിലൂടെ നടത്തിയ കുതിപ്പുകൾ മോഹൻ ബഗാൻ പ്രതിരോധത്തെ പലപ്പോഴും സമ്മർദ്ദത്തിലാക്കി. 77-ാം മിനിറ്റിൽ കെവിൻ നൽകിയ മികച്ചൊരു ക്രോസ് ഗോളാക്കാൻ വിക്ടർ ബെർട്ടോമിയുവിന് സാധിച്ചില്ല. 85-ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിനെ ഫൗൾ ചെയ്തതിനെ തുടർന്ന് കിട്ടിയ ഫ്രീകിക്ക് എടുത്ത മാർലോണിനു ലക്ഷ്യം കാണാനായില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഇൻജുറി ടൈമിൽ മൈക്കൽ ആൽഡ്രെഡിലൂടെ മോഹൻ ബഗാൻ തങ്ങളുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

മത്സരഫലം അനുകൂലമായില്ലെങ്കിലും രണ്ടാം പകുതിയിൽ ടീം പുറത്തെടുത്ത പോരാട്ടവീര്യവും അരങ്ങേറ്റ താരങ്ങളുടെ പ്രകടനവും വരാനിരിക്കുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നൽകുന്നതാണ്. ഫെബ്രുവരി 22ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ കൊച്ചിയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ആരാധകർക്ക് മുന്നിൽ വിജയവഴിയിൽ തിരിച്ചെത്താനാവും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുക.