കോച്ചുമാര്‍ക്ക് പരിശീലനം ഒരുക്കി കണ്ണൂര്‍ വാരിയേഴ്‌സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ പരിശീലകര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. പൊസിഷന്‍ സ്‌പെസിഫിക് പരിശീലനം എന്ന വിഷയത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സഹപരിശീലകനും സന്തോഷ് ട്രോഫി കേരള ടീമിന്റെ മുഖ്യ പരിശീലകനുമായ ഷഫീഖ് ഹസ്സനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് രണ്ട് ദിവസം നീളുന്ന പരിശീലനം നടക്കുന്നത്.
പരിപാടില്‍ ഇന്റര്‍നാഷണല്‍ എക്‌സ്‌പേര്‍ട്ട് സെഷനില്‍ കണ്ണൂര്‍ വാരിയേഴ്‌സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ഓണ്‍ലൈനായി വിദേശ രാജ്യങ്ങളിലെ പരിശീലന രീതികളെ കുറിച്ച് ക്ലാസ് നല്‍കി. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.കെ. അബ്ദുല്‍ നിസാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വാരിയേഴ്‌സ് ഓപ്പറേഷന്‍ മാനേജര്‍ ആല്‍ഫിന്‍ കെ ജോസഫ് സംസാരിച്ചു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി നാളെ (05-03-2026) അവസാനിക്കും.