CricketFeaturedT20 World Cup

മാര്‍ക്കോ ജാന്‍സന്‍ ഹീറോ!!! വന്‍ തകര്‍ച്ചയിൽ നിന്ന് ദക്ഷിണാഫ്രിക്ക 169 റൺസിലേക്ക്

Marcojansen

ഐസിസി ടി20 ലോകകപ്പ് സെമിയിൽ ന്യൂസിലാണ്ടിനെതിരെ 169 റൺസ് നേടി ദക്ഷിണാഫ്രിക്ക. ഇന്ന് ഒരു ഘട്ടത്തിൽ 77/5 എന്ന നിലയിൽ നിന്ന് 169 റൺസിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത് മാര്‍ക്കോ ജാന്‍സനും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്നാണ്. 47 പന്തിൽ നിന്ന് 73 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ജാന്‍സന്‍ 30 പന്തിൽ പുറത്താകാതെ 55 റൺസ് നേടി.

Colemconchie

ഒരേ ഓവറിൽ ക്വിന്റൺ ഡി കോക്കിനെയും റയാന്‍ റിക്കൽട്ടണിനെയും പുറത്താക്കി കോള്‍ മക്കോംഗി ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ട പ്രഹരം ഏല്പിച്ചപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 12 റൺസ് മാത്രമാണ് പിറന്നത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 48 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്.

പവര്‍പ്ലേ അവസാനിച്ച് അധികം വൈകാതെ എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കി രച്ചിന്‍ രവീന്ദ്ര മൂന്നാം വിക്കറ്റിലെ 43 റൺസ് കൂട്ടുകെട്ട് അവസാനിപ്പിച്ചു. ഡേവിഡ് മില്ലറെ പത്താം ഓവറിൽ പുറത്താക്കി രച്ചിന്‍ രവീന്ദ്ര വീണ്ടും ന്യൂസിലാണ്ടിന് ബ്രേക്ക്ത്രൂ നൽകി.

പത്തോവര്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. 27 പന്തിൽ 34 റൺസ് നേടിയ ഡെവാള്‍ഡഡ് ബ്രെവിസിനെ ജെയിംസ് നീഷം പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 5ാം വിക്കറ്റ് നഷ്ടമായി.

Stubbs

മാര്‍ക്കോ ജാന്‍സന്‍ ക്രീസിലെത്തിയ ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ സ്കോറിംഗ് വേഗത്തിലാകുന്നത് കണ്ടത്. ട്രിസ്റ്റന്‍ സ്റ്റബ്സ് കരുതലോടെ ബാറ്റ് വീശിയപ്പോള്‍ പ്രധാന സ്കോറിംഗ് ദൗത്യം ഏറ്റെടുത്തത് ജാന്‍സന്‍ ആയിരുന്നു. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 47പന്തിൽ നിന്ന് 73 റൺസാണ് നേടിയത്.

സ്റ്റബ്സ് 29 റൺസ് നേടി പുറത്തായ ശേഷം രണ്ട് വിക്കറ്റ് കൂടി ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാക്കി. കോള്‍ മക്കോംഗി, രച്ചിന്‍ രവീന്ദ്ര, മാറ്റ് ഹെന്‍റി എന്നിവര്‍ ന്യൂസിലാണ്ടിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.