ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട്: ഇന്ത്യയുടെ ഗ്രൂപ്പിൽ മലേഷ്യയും സിറിയയും ഇറാഖും

എഎഫ്‌സി അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിനായുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ഇ-യിലാണ് ഇന്ത്യൻ ടീമിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മലേഷ്യ, സിറിയ, ഇറാഖ് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഇന്ത്യയുടെ എതിരാളികൾ.
2026 ഒക്ടോബർ 5 മുതൽ 11 വരെ മലേഷ്യയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇറാഖിനെ നേരിടും. തുടർന്ന് സിറിയയുമായും അവസാന മത്സരത്തിൽ ആതിഥേയരായ മലേഷ്യയുമായും ഇന്ത്യ കളത്തിലിറങ്ങും.
കഴിഞ്ഞ തവണ നോക്കൗട്ട് ഘട്ടത്തിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ പെൺകുട്ടികൾ ഇത്തവണ ഇറങ്ങുന്നത്. ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീമിന് മാത്രമാണ് ചൈനയിൽ നടക്കാനിരിക്കുന്ന ഫൈനൽ ടൂർണമെന്റിലേക്ക് പ്രവേശനം ലഭിക്കുക.
ചൈനയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നാല് ടീമുകൾക്ക് 2027-ൽ മൊറോക്കോയിൽ നടക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിലേക്ക് യോഗ്യത ലഭിക്കും. അതിനാൽ തന്നെ ഈ യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഇന്ത്യൻ ടീമിന് നിർണ്ണായകമാണ്. ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.