ഐ ലീഗ്; ഐസാളിനെയും കീഴടക്കി റൗണ്ട്ഗ്ലാസ് പഞ്ചാബ്, കിരീടപ്പോര് മുറുകുന്നു

ഐ ലീഗിൽ പോയിന്റ് തലപ്പത്ത് പോര് മുറുക്കി കൊണ്ട് റൗണ്ട്ഗ്ലാസ് പഞ്ചാബിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഐസളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊണ്ട് അവർ വീണ്ടും ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാനുമായി പോയിന്റ് നിലയിൽ ഓപ്പമെത്തി. ഇരു ടീമുകൾക്കും മുപ്പത്തിയേഴു പോയിന്റ് വീതമായി. അഞ്ച് മത്സരങ്ങൾ മാത്രം ശേഷിക്കെ ഫോട്ടോഫിനിഷിലേക്കാണ് ഐ ലീഗ് അടുക്കുന്നത്. ഐസാൾ ആറാം സ്ഥാനത്ത് തുടരുകയാണ്.

സുദേവയോടും കെങ്ക്രെയോടും സമനിലയിൽ കുരുങ്ങിയ ശേഷം ഗോകുലത്തെ കീഴടക്കി വിജയപാതയിൽ തിരിച്ചെത്തിയ റൗണ്ട്ഗ്ലാസിന് ഇന്നും വിജയത്തിൽ കുറഞ്ഞതോന്നും മുന്നിൽ ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ പക്ഷെ ലക്ഷ്യം കാണാൻ പഞ്ചാബിനായില്ല. മാസെന്റെയും ചെഞ്ചോയുടെയും ശ്രമങ്ങൾ കീപ്പറുടെ കൈകളിൽ അവസാനിച്ചു. ഇടവേളക്ക് തൊട്ടു മുൻപ് ഐസാൾ താരം ലാൽചൗങ്കിമയുടെ ഹെഡർ ശ്രമവും അകന്ന് പോയി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവർ സ്‌കോർ ബോർഡ് തുറന്നു. അൻപതിമൂന്നാം മിനിറ്റിൽ ചെഞ്ചോ ആണ് വല കുലുക്കിയത്. കൗണ്ടറിലൂടെ എത്തിയ ബോൾ ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും നിയന്ത്രണത്തിലാക്കി ഓടിക്കയറിയാണ് താരം ബോക്സിനുള്ളിൽ നിന്നും ലക്ഷ്യം കണ്ടത്. അവസാന നിമിഷങ്ങളിൽ ഐസാൾ സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പഞ്ചാബ് വഴങ്ങിയില്ല.

ഗോകുലം കേരളയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു!! മൊഹമ്മദൻസിനോടും തോൽവി

വിജയവഴിയിൽ തിരിച്ചെത്താൻ ഉള്ള ഗോകുലം കേരളയുടെ മോഹങ്ങൾക്ക് തിരിച്ചടി നൽകി കൊണ്ട് മുഹമ്മദൻസ്. സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾ കുറിച്ചു കൊണ്ട് മുഹമ്മദൻസ്, ഗോകുലത്തിന് ഹാട്രിക് തോൽവി സമ്മാനിച്ചു. ഒന്നിന് പിറകെ ഒന്നായി പോയിന്റുകൾ നഷ്ടമാക്കിയ ഗോകുലം, ഇതോടെ മൂന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള അവസരവും നഷ്ടപ്പെടുത്തി. മുഹമ്മദൻസ് ഒൻപതാം സ്ഥാനത്തേക്ക് കയറി. തോൽവിക്ക് പിറകെ താരങ്ങളുടെ പരിക്കും ഗോകുലത്തിന്റെ തലവേദന വർധിപ്പിക്കും.

ആദ്യ പകുതിയിൽ ഗോകുലത്തിന് കാര്യമായ ഭീഷണി ഉയർത്താൻ മുഹമ്മദൻസിനായില്ല. ഭൂരിഭാഗം സമയവും പന്ത് കൈവശം വെക്കാനും ആക്രമണങ്ങൾ നടത്താനും സന്ദർശകർക്കായി. ലഭിച്ച ആദ്യ മികച്ച അവസരത്തിൽ തന്നെ ഗോകുലം വല കുലുക്കി. പതിനാലാം മിനിറ്റിൽ പോസ്റ്റിന് മുന്നിൽ നിന്നും ഹക്കുവിന്റെ ശക്തമായ ഹെഡർ കീപ്പറുടെ കൈകിൽ തട്ടി വലയിൽ തന്നെ പതിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ തുടർച്ചയായി കോർണർ വഴങ്ങിയാണ് മുഹമ്മദൻസ് പ്രതിരോധിച്ചു നിന്നത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ പരിക്കേറ്റ സൗരവിനെ തിരിച്ചു വിളിക്കേണ്ടിയും വന്നിരുന്നു ഗോകുലത്തിന്.

എന്നാൽ രണ്ടാം പകുതിയിൽ ചിത്രം മാറി മറിഞ്ഞു. മുഹമ്മദൻസ് കളി വരുതിയിൽ ആക്കി. അറുപതിയേഴാം മിനിറ്റിൽ അവർ സമനില കണ്ടെത്തി. ഹാൾഡർ ബോക്സിലേക്ക് തൂക്കിയിട്ട് നൽകിയ പാസ് സ്വീകരിച്ചു അബിയോള ദൗദയാണ് ലക്ഷ്യം കണ്ടത്. പിറകെ നിക്കോളയുടെ ലോങ്റേഞ്ചർ ശ്രമം പോസ്റ്റിന് മുകളിൽ അവസാനിച്ചു. പിറകെ ഗോകുലത്തിന്റെ കൗണ്ടറിൽ എൽഡറിന് ലഭിച്ച അവസരം താരം പുറത്തേക്ക് അടിച്ചു കളഞ്ഞു. ശേഷം നൂറിന് ഇഞ്ചുറി കാരണം തിരിച്ചു കയറേണ്ടി വന്നു. എൺപതിയേട്ടാം മിനിറ്റിൽ നിക്കോളയുടെ ഒരു ഷോട്ട് തകർപ്പൻ ഷിബിൻ രാജിന്റെ കാലുകളിൽ തട്ടി പോസ്റ്റിലും തട്ടിയാൽ തെറിച്ചത്. അവസാന നിമിഷങ്ങളിൽ ഗോകുലം പ്രതിരോധം ആടിയുലയുകയായിരുന്നു. ഇഞ്ചുറി ടൈമിൽ മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ എത്തി. ബോക്സിന് വളരെ അകലെ ഇടത് ഭാഗത്ത് നിന്നും കീൻ ലൂയിസ് തൊടുത്ത ശക്തിയേറിയ ലോങ് റേഞ്ചർ ഷിബിനും പിടി കൊടുക്കാതെ വലയിൽ ചെന്ന് പതിച്ചപ്പോൾ ഗോകുലത്തിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഈ തോൽവിയോടെ കിരീട പോരാട്ടത്തിൽ നിന്നും പൂർണമായും പുറത്തായ സ്ഥിതിയിൽ ആണ് ഗോകുലം.

രാജസ്ഥാനെയും തകർത്ത് ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി ശ്രീനിധി ഡെക്കാൻ

തുടർച്ചയായ നാലാം വിജയവുമായി ശ്രീനിധി ഡെക്കാൻ കുതിപ്പ് തുടരുന്നു. രാജസ്ഥാൻ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി അവർ ഒന്നാം സ്ഥാനത്ത് മൂന്ന് പോയിന്റ് ലീഡ് വർധിപ്പിച്ചു. ആശീർ അഖ്തർ, ലാൽറോമാവിയ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ രാജസ്ഥാൻ താരം ഗുരുങ് ഇഞ്ചുറി ടൈമിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. തുടർച്ചയായ അഞ്ചാം തോൽവി വഴങ്ങിയ രാജസ്ഥാൻ ഒൻപതാം സ്ഥാനത്താണ്.

സ്വന്തം തട്ടകത്തിൽ ആദ്യ പകുതിയിൽ ആണ് ശ്രീനിധി രണ്ടു ഗോളുകളും കണ്ടെത്തിയത്. അഞ്ചാം മിനിറ്റിൽ തന്നെ അവർ സ്‌കോർ ഷീറ്റ് തുറന്നു. വീണു കിട്ടിയ അവസരം മുതലെടുത്തു ബോക്സിനുള്ളിൽ നിന്നും മികച്ച ഫിനിഷിങ്ങോടെ ആശീർ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് നാൽപതാം മിനിറ്റിൽ കസ്റ്റാന്യെഡയുടെ പാസിൽ നിന്നും ലാൽറോമാവിയ പട്ടിക തികച്ചു. രണ്ടാം പകുതിയിൽ ഗോളൊന്നും കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. സീസണിൽ ആദ്യ തവണ രാജസ്ഥാന്റെ തട്ടകത്തിൽ ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങേണ്ടി വന്ന ശ്രീനിധിക്ക് ഈ വിജയം മധുര പ്രതികാരം ആയി.

ഇഞ്ചുറി ടൈം ഗോളിൽ രാജസ്ഥാൻ യുനൈറ്റഡിനെ വീഴ്ത്തി ഐസാൾ എഫ്സി

ലീഡ് വഴങ്ങിയ ശേഷം രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ ഐസാൾ എഫ്സിക്ക് നാടകീയ വിജയം. സ്വന്തം തട്ടകത്തിൽ രാജസ്ഥാൻ യുനൈറ്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾ അവർ കീഴടക്കി. തർപ്വിയ, ഐവാൻ വെരാസ് എന്നിവർ ഐസാളിനായി ലക്ഷ്യം കണ്ടു. രാജസ്ഥാന്റെ ഗോൾ മമ്പറ്റലീവിന്റെ പേരിൽ കുറിച്ചു. വിജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് കയറാൻ ഐസാളിനായി. രാജസ്ഥാൻ ഒൻപതാമതാണ്.

പതിനാറാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ചു കൊണ്ട് രാജസ്ഥാൻ ലീഡ് എടുത്തു. സോകിറോവിന്റെ ഫ്രീകിക്കിൽ നിന്ന് മെമ്പറ്റലീവ് ആണ് ലക്ഷ്യം കണ്ടത്. പിന്നീട് സമനില നേടാൻ ഐസാളിന് എഴുപതിയൊന്നാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. രാംസങ്ങയുടെ പാസിൽ ഹെഡർ ഉതിർത്ത് തർപ്വിയയാണ് ഐസാളിന്റെ ആദ്യ ഗോൾ നേടിയത്‌. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച സമയത്ത്, ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ ടീമിനായി ആദ്യ മത്സരത്തിന് ഇറങ്ങിയ ഐവാൻ വെരാസിന്റെ ഗോൾ എത്തി. പകരക്കാരനായി കളത്തിൽ എത്തിയതായിരുന്നു താരം. ഇതോടെ ആതിഥേയരെ പിടിച്ചു കെട്ടാമെന്ന രാജസ്ഥാന്റെ മോഹങ്ങൾ അവസാനിച്ചു.

പഞ്ചാബിനോട് തോൽവി; കിരീടത്തിൽ നിന്നും ഐ എസ് എൽ സ്വപ്നത്തിൽ നിന്നും ഗോകുലം അകലുന്നു

കിരീട പോരാട്ടത്തിൽ വലിയ തിരിച്ചടി നൽകി കൊണ്ട് ഗോകുലം കേരളക്ക് ഐ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി. കോഴിക്കോട് വെച്ചു നടന്ന മത്സരത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബ് ആണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോകുലത്തെ വീഴ്ത്തിയത്. ഇതോടെ പഞ്ചാബ് വീണ്ടും ഒന്നാം സ്ഥാനത്തുള്ള ശ്രീനിധിയുമായി പോയിന്റ് നിലയിൽ ഒപ്പമെത്തി. ഗോകുലം പത്ത് പോയിന്റ് പിറകിൽ മൂന്നാമതാണ്.

ആദ്യ പാദത്തിൽ പഞ്ചാബിനോടേറ്റ തോൽവിക്ക് സ്വന്തം തട്ടകത്തിൽ പകരം ചോദിക്കാൻ ഇറങ്ങിയ ഗോകുലത്തിന് പക്ഷെ കാര്യങ്ങൾ കരുതിയ പോലെ ആയിരുന്നില്ല. ആദ്യ മത്സരത്തിലെ എന്നപോലെ ഗോകുലം മുൻതാരം ലൂക്ക മാസെൻ ഇന്നും വില്ലൻ ആവുന്നതാണ് കണ്ടത്. നാല്പത്തിയൊന്നാം മിനിറ്റിലാണ് പഞ്ചാബിന്റെ ആദ്യ ഗോൾ എത്തിയത്. ഗോകുലം പ്രതിരോധത്തിന് മുകളിലൂടെ ആശിഷ് നൽകിയ ബോൾ നെഞ്ചിൽ സ്വീകരിച്ച മാസെൻ ബോൾ നിയന്ത്രണത്തിൽ ആകാൻ ഉള്ള ശ്രമത്തിനിടെ തടയാൻ എത്തിയ പവൻ കുമാറിന്റെ കാലുകളിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. തുടർന്ന് ഓഫ്‌സൈഡിനായി ഗോകുലം താരങ്ങൾ മുറവിളി കൂട്ടിയെങ്കിലും റഫറി വഴങ്ങിയില്ല.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ കോപ്പ് കൂട്ടി തന്നെയാണ് ഗോകുലം ഇറങ്ങിയത്. അൻപതിമൂന്നാം മിനിറ്റിൽ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും ലഭിച്ച അവസരത്തിൽ മെന്റിക്ക് പന്ത് നിയന്ത്രിക്കാൻ സാധിച്ചില്ല. പിന്നീട് കൗണ്ടറിലൂടെ മുന്നേറ്റത്തിൽ തഹീറിനെ ബോക്സിനുള്ളിൽ പഞ്ചാബ് പ്രതിരോധം തടഞ്ഞു. എഴുപതാം മിനിറ്റിൽ പഞ്ചാബിന്റെ രണ്ടാം ഗോൾ എത്തി. കോർണറിൽ നിന്നെത്തിയ ബോളിൽ ലങ്ദിമിന്റെ ഹെഡാർ ശ്രമം തടഞ്ഞ ഷിബിന്റെ സേവ് പക്ഷെ പന്ത് മാസെന്റെ കാലുകളിൽ എത്തിച്ചു. താരം അനായാസം വല കുലുക്കി. മൂന്ന് മിനിറ്റിന് ശേഷം ഗോകുലത്തിന്റെ ഗോൾ എത്തി. വലത് വിങ്ങിൽ നിന്നും സൗരവിന്റെ പാസിൽ ഫാർഷാദ് നൂർ ആണ് ലക്ഷ്യം കണ്ടത്. തുടർന്ന് ഷിജിന്റെ ക്രോസിൽ പോസ്റ്റിന് മുന്നിൽ വെച്ചു മെന്റിക്ക് പിഴച്ചു. പിന്നീട് ബോബയുടെ ഫ്രീക്കികും ഗോളിയുടെ കൈകളിൽ അവസാനിച്ചു. അവസാന മിനിറ്റികളിൽ ഗോകുലത്തിന്റെ ഇടതടവില്ലാത്ത അക്രമങ്ങൾ ആയിരുന്നു. പോസ്റ്റിൽ തട്ടി തെറിച്ചത് അടക്കം നിരവധി അവസരങ്ങൾ ടീം തുറന്നെടുത്തെങ്കിലും സമയം അതിക്രമിച്ചതോടെ ഗോകുലം സ്വന്തം ഗ്രൗണ്ടിൽ സീസണിലെ രണ്ടാം തോൽവി ഏറ്റു വാങ്ങി.

ഐ ലീഗ്; കെങ്ക്രെയെ വീഴ്ത്തി നെറോക്ക

എതിരില്ലാത്ത ഒരു ഗോളിന് കെങ്ക്രെയെ വീഴ്ത്തി നെറോക്ക എഫ്സി റിലഗെഷൻ സോണിൽ നിന്നുള്ള അകലം വർധിപ്പിച്ചു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ജോർദൻ ഫ്ലെച്ചറുടെ ഗോൾ ആണ് നെറോക്കക് തുണയായത്. ഇതോടെ നെറോക്ക പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി. കെങ്ക്രെ പതിനൊന്നാമത് തുടരുകയാണ്.

നെറോക്കക് തന്നെ ആയിരുന്നു തുടക്കം മുതൽ മുൻതൂക്കം. പതിനൊന്നാം മിനിറ്റിൽ ഫ്ലെച്ചറുടെ ഒരവസം കെങ്ക്രെ പ്രതിരോധം തടുത്തു. ആദ്യ പകുതിക്ക് പിരിയുന്നതിന് മുൻപ് കെങ്ക്രെക്ക് വേണ്ടി ബോംസോംലഗ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിധിച്ചിരുന്നു. അറുപതാം മിനിറ്റിൽ മത്സരത്തിലെ നിർണായക ഗോൾ എത്തി. കമോയുടെ പാസ് പിടിച്ചെടുത്തു എതിർ പ്രതിരോധത്തെ മറികടന്ന് ഫ്ലെച്ചർ ആണ് ഗോൾ വല കുലുക്കിയത്. പിന്നീട് എഴുപതിയെട്ടാം മിനിറ്റിൽ നെറോക്കക് തിരിച്ചടി നൽകി ജോൺസൻ സിങ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയെങ്കിലും ഗോൾ വഴങ്ങാതെ മത്സരം വരുതിയിൽ ആക്കാൻ അവർക്കായി.

നെറോക്കയോട് തോൽവി വഴങ്ങി ഗോകുലം കേരള; കിരീട പോരാട്ടത്തിൽ തിരിച്ചടി

പോയിന്റ് തലപ്പത്ത് പോരാട്ടം മുറുക്കാനുള്ള അസുലഭ അവസരം കൈവിട്ട് ഗോകുലം കേരള നെറോക്കയോട് തോൽവി വഴങ്ങി. നെറോക്കയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആതിഥേയർ വിജയം കാണുകയായിരുന്നു. സ്വീഡൻ ഫെർണാണ്ടസ്, കസിമോവ് എന്നിവർ നെറോക്കക് വേണ്ടി വല കുലുക്കിയപ്പോൾ ഗോകലത്തിന്റെ ആശ്വാസ ഗോൾ ക്യാപ്റ്റൻ ബോബ അമിനോ നേടി. രണ്ടാം സ്ഥാനത്ത് റൗണ്ട്ഗ്ലാസ് പഞ്ചാബ് പോയിന്റ് നഷ്ടപ്പെടുത്തിയതിന് തൊട്ടു പിറകെയാണ് ഗോകുലം തോൽവി വഴങ്ങിയത്. ഇരുവരും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഏഴായി തുടരുകയാണ്.

മത്സരത്തിന്റെ പതിനൊന്നാം മിനിൽ തന്നെ ഗോൾ നേടി കൊണ്ട് മികച്ച തുടക്കമാണ് നെറോക്ക കുറിച്ചത്. കാമോ ബായി നൽകിയ പാസ് സ്വീകരിച്ചു ബോക്സിനകത്തു നിന്നും സ്വീഡൻ ഫെർണാണ്ടസ് ഗോൾ നേടുകയായിരുന്നു. ഇരുപതാം മിനിറ്റിൽ മെന്റിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് ഗോകുലത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ കസിമോവിന്റെ മികച്ചൊരു ഫ്രീകിക്ക് തടുത്തു കൊണ്ട് ഷിബിൻ ടീമിന്റെ രക്ഷകനായി. എന്നാൽ തൊട്ടു പിറകെ അറുപത്തിമൂന്നാം മിനിറ്റിൽ കസിമോവിന്റെ മികച്ചൊരു നീക്കം ഗോളിൽ കലാശിച്ചു. എഴുപതിയേഴാം മിനിറ്റിൽ ഗോകലത്തിന്റെ ഗോൾ എത്തി. നൗഫലിന്റെ ക്രോസിൽ ഷോട്ട് ഉതിർത്ത് അമിനു ടീമിന്റെ തിരിച്ചു വരവിന് പ്രതീക്ഷ നൽകി. പിന്നീട് നൂറിന്റെ ഒരു ഫ്രീകിക്ക് എതിർ കീപ്പർ തടുത്തു. എട്ടു മിനിറ്റ് ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ വികാസിന്റെ ക്രോസിൽ നിന്നും മെന്റിയുടെ ഷോട്ട് പുറത്തേക്ക് പോയി. ഇതോടെ സമനില നേടാനുള്ള ഗോകുലത്തിന്റെ അവസാന ശ്രമങ്ങളും വിഫലമായി.

ഇഞ്ചുറി ടൈം ഗോളിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ പിടിച്ചു കെട്ടി സുദേവ ഡെൽഹി

ഐ ലീഗിൽ നിർണായ മത്സരത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ സമനിലയിൽ തളച്ച് സുദേവ ഡൽഹി. സുദേവയുടെ തട്ടകത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിയുനകയായിരുന്നു. ഇതോടെ ഒന്നാം സ്ഥാനത്ത് ശ്രീനിധി ഡെക്കാനും റൗണ്ട്ഗ്ലാസും പോയിന്റ് നിലയിൽ തുല്യത പാലിക്കുകയാണ്. ഗോൾ വ്യത്യാസത്തിൽ ശ്രീനിധിയാണ് മുൻപിൽ. സുദേവ ഡൽഹി അവസാന സ്ഥാനത്ത് തുടരുകയാണ്. അവരുടെ സീസണിലെ മൂന്നാമത്തെ മാത്രം സമനില ആയിരുന്നു ഇന്ന്.

പ്രതീക്ഷിച്ച പോലെ തന്നെ എതിർ തട്ടകത്തിൽ പഞ്ചാബിന്റെ അഴിഞ്ഞാട്ടം ആയിരുന്നു തുടക്കം മുതൽ. പന്ത്രണ്ടാം മിനിറ്റിൽ ഇഗ്യാടോവിച്ചിന്റെ ഹെഡർ ശ്രമം സുദേവ കീപ്പർ പ്രിയാന്ത് തടുത്തിട്ടതിൽ ലുക മെയ്ക്കൻ ഷോട്ട് ഉതിർത്തെങ്കിലും അവിശ്വാസനീയമാം വിധം പോസ്റ്റിൽ ഇടിച്ചു പുറത്തു പോയി. എങ്കിലും പിന്നീട് ആദ്യ പകുതിയിൽ പഞ്ചാബിനെ പിടിച്ചു നിർത്താൻ സുദേവക്കായി. നീണ്ട കാത്തിരിപ്പിന് ശേഷം എഴുപത്തിയോൻപതാം മിനിറ്റിൽ ലൂക്ക മെയ്ക്കൻ തന്നെ പഞ്ചാബിന്റെ രക്ഷയ്ക്കെത്തി. ചെഞ്ചോയുടെ പാസിലാണ് താരം ഗോൾ കണ്ടെത്തിയത്. ഇതോടെ മത്സരം അവർ കൈക്കലാക്കിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ വഴങ്ങിയ കോർണർ പാഞ്ചാബിന് തിരിച്ചടി ആയി. ശുഭോയുടെ കോർണർ ക്ലിയർ ചെയ്യുന്നതിൽ സന്ദർശകർക്ക് പിഴച്ചപ്പോൾ അവസരം കാത്തിരുന്ന സുജിത് സന്ധു നിർണായക ഗോൾ നേടുകയായിരുന്നു. ഇതോടെ കിരീട കുതിപ്പിൽ റൗണ്ട്ഗ്ലാസിന് കരുത്താകേണ്ട നിർണായകമായ രണ്ടു പോയിന്റുകൾ നഷ്ടപ്പെടുത്താൻ സുദേവക്കായി.

ചർച്ചിൽ ബ്രദേഴ്‌സിനെ തകർത്തെറിഞ്ഞു ശ്രീനിധി ഡെക്കാൻ ഒന്നാം സ്ഥാനത്തേക്ക്

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി ശ്രീനിധി ഡെക്കാൻ. ഹൈദരാബാദിൽ ഡെക്കാന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കസ്റ്റാന്യെഡാ, രാംലുച്ചുങ, ഒഗാന എന്നിവരാണ് വല കുലുക്കിയത്. ഇതോടെ താൽക്കാലികമായെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ ശ്രീനിധിക്കായി. അഞ്ച് വീതം ജയവും തോൽവിയും സമനിലയുമായി ചർച്ചിൽ അഞ്ചാം സ്ഥാനത്താണ്.

മത്സരത്തിന്റെ ആദ്യാവസാനം ശ്രീനിധിയുടെ പക്കൽ ആയിരുന്നു മത്സരം. ആദ്യ നിമിഷങ്ങളിലെ കായികമായി എതിരിട്ടു നിന്ന ചർച്ചിലിനെ പതിയെ പോസഷൻ കൈക്കലാക്കി കൊണ്ട് ആതിഥേയർ മറികടന്നു. ഇടവേളക്ക് തൊട്ടു മുൻപ് കോർണറിൽ നിന്നെത്തിയ ബോളിൽ മാർക് ചെയ്യപ്പെടാതെ നിന്ന അങ്കിരയുടെ ഹെഡർ ആൽബിനോ ഗോമസ് രക്ഷിച്ചെടുത്തു. രണ്ടാം പകുതിയിൽ ശ്രീനിധി ഡെക്കാൻ മത്സരം പൂർണമായും വരുതിയിൽ ആക്കി. അൻപത്തിയഞ്ചാം മിനിറ്റിൽ ക്ലമെന്റെയുടെ ഹാന്റ്ബോളിൽ റഫറി പെനാൽറ്റി വിധിച്ചപ്പോൾ ക്യാപ്റ്റൻ ഡേവിഡ് കസ്റ്റാന്യെഡ അനായാസം ലക്ഷ്യം കണ്ടു. എഴുപതിയൊന്നാം മിനിറ്റിൽ രണ്ടാം ഗോൾ എത്തി. രാംലുച്ചുങയാണ് ഇത്തവണ വലകുലുക്കിയത്. ഇഞ്ചുറി ടൈമിൽ നൈജീരിയൻ താരം ഒഗാനയുടെ ഗോളോട് ശ്രീനിധി പട്ടിക പൂർത്തിയായി. കീപ്പർ ഉബൈദിന്റെ പ്രകടനവും ശ്രീനിധിയുടെ ജയത്തിൽ നിർണായകമായി. രണ്ടാം പകുതിയിൽ സാനെയുടെ മികച്ച രണ്ടു ഷോട്ടുകളാണ് താരം തടുത്തത്.

ഐ ലീഗ്; മൊഹമ്മദൻസുമായി സമനിലയിൽ പിരിഞ്ഞ് ട്രാവു എഫ്സി

ഐ ലീഗിൽ വീണ്ടും ഗോകുലം കേരളയ്ക്ക് അനുകൂലമായ ഫലങ്ങൾ. കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനക്കാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് പോയിന്റ് നഷ്ടപ്പെടിത്തിയതിന് പിറകെ ഗോകുലത്തിന്റെ തൊട്ടു പിറകിൽ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ട്രാവു എഫ്സിയും സമനില വഴങ്ങി. ഇന്ന് നടന്ന മത്സരത്തിൽ മൊഹമ്മദൻസുമായി സമനിലയിൽ പിരിയുകയായിരുന്നു അവർ. വിജയിച്ചിരുന്നെങ്കിൽ ഗോകുലത്തെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് കയറാൻ അവർക്കാവുമായിരുന്നു. മുഹമ്മദൻസ് ഒൻപതാം സ്ഥാനത്ത് തുടരുകയാണ്.

എതിർ തട്ടകത്തിൽ മുഹമ്മദൻസിനായിരുന്നു മേധാവിത്വം. എന്നാൽ ആദ്യ പകുതിയിൽ കളഞ്ഞ അവസരങ്ങൾ അവർക്ക് തിരിച്ചടിയായി. മുർസയേവിന്റെയും മാർക്കസ് ജൊസഫിന്റെയും നീക്കത്തിനൊടുവിൽ കീൻ ലൂയിസ് എടുത്ത ഷോട്ട് ദുർബലമായിരുന്നു. പിന്നീട് ഇടത് വിങ്ങിലൂടെ ഓടിക്കയറി കീനിന് ലഭിച്ച അവസരം താരം പൊസിറ്റിന് മുകളിലൂടെ പറത്തി കളഞ്ഞു. മൂന്നോളം അവസരങ്ങൾ ആണ് കീനിന് മാത്രം ആദ്യ പകുതിയിൽ ലഭിച്ചത്.

രണ്ടാം പകുതിയിൽ ട്രാവു കൂടുതൽ മെച്ചപ്പെട്ട നീക്കങ്ങൾ നടത്തിയെങ്കിലും. എൺപതിയോൻപതാം മിനിറ്റിൽ നിക്കോള സ്റ്റോയനോവിച്ചിന് ലഭിച്ച മികച്ചൊരു അവസരത്തിൽ ബോക്സിനുള്ളിൽ നിന്നുള്ള താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോവുക കൂടി ചെയ്തതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

ഐ ലീഗ്; സീസണിലെ ആദ്യ വിജയം കുറിച്ച് സുദേവ ഡൽഹി

അഞ്ച് ഗോളുകൾ പിറന്ന പോരാട്ടത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി സുദേവ ഡൽഹിക്ക് സീസണിലെ ആദ്യ വിജയം. പന്ത്രണ്ട് മത്സരങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് സുദേവക്ക് സീസണിലെ ആദ്യ വിജയം നുകരാൻ കഴിഞ്ഞത്. രാജസ്‌ഥാന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ലോട്ജെം, അലക്സിസ് ഗോമസ്, ഷവ്കതി ഖോതം എന്നിവർ സുദേവക്കായി ലക്ഷ്യം കണ്ടു. അതാട് സുമഷേവ് രാജസ്ഥാനായി ലക്ഷ്യം കണ്ടപ്പോൾ മറ്റൊരു ഗോൾ സുഖൻദീപിന്റെ പേരിൽ സെൽഫ് ഗോളായി കുറിച്ചു.

സ്വാന്തം തട്ടകത്തിൽ രാജസ്ഥാന്റെ തുടക്കം തന്നെ മോശമായിരുന്നു. വെറും എട്ടാം മിനിറ്റിൽ തന്നെ പ്രതിരോധ താരം അമ്രിത്പാൽ സിങ് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായി. എന്നാൽ പത്തൊൻപതാം മിനിറ്റിൽ രാജസ്ഥാൻ തന്നെ ആദ്യ ഗോൾ നേടി. സുമഷെവിന്റെ ക്രോസ് സുഖൻദേവിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ സുദേവ സമനില ഗോൾ നേടി. ലോട്ജെം ആണ് സ്‌കോർ നില തുല്യമാക്കിയത്. മത്സരത്തിന്റെ ഗതി മാറ്റി മറിച്ചു കൊണ്ട് ഇരുപതിയാറാം മിനിറ്റിൽ അർജന്റീന താരം അലക്സിസ് ഗോമസിലൂടെ സുദേവ ലീഡ് എടുത്തു. എന്നാൽ ആളെണ്ണം കുറഞ്ഞത് കണക്കാക്കാതെ പൊരുതിയ രാജസ്ഥാൻ മുപ്പത്തിയൊന്നാം മിനിറ്റിൽ സുമഷേവിലൂടെ ഗോൾ മടക്കി. എതിർ പ്രതിരോധത്തിൽ നിന്നും റാഞ്ചിയ ബോളുമായാണ് താരം ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ സുദേവ ആക്രമണം കനപ്പിച്ചു. അറുപതിയേഴാം മിനിറ്റിൽ ഷവ്കതി ഖോതം ബോക്സിന് അരികെ നിന്ന് പോസ്റ്റിന്റെ മൂലയിലേക് മനോഹരമായി ഫിനിഷ് ചെയ്തിട്ട ഗോളിലൂടെ സുദേവ വിജയം ഉറപ്പിച്ചു. താരം തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും. പിന്നീട് സമനില ഗോളിനായി രാജസ്ഥാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഡൽഹി ടീം ഉറച്ചു നിന്നു.

ത്രില്ലർ പോരാട്ടത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തളച്ച് കെങ്ക്രെ എഫ്സി; ഗോകുലത്തിന് വൻ നേട്ടം

ഐ ലീഗിൽ ഇന്ന് നടന്ന ആവേശപോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ സമനിലയിൽ തളച്ച് കെങ്ക്രെ എഫ്സി. മുംബൈയിൽ നടന്ന മത്സരത്തിൽ മൂന്ന് വീതം ഗോളുകൾ അടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. ഇതോടെ ഗോകുലം കേരളക്ക് പോയിന്റ് പട്ടികയിൽ നേട്ടമുണ്ടാക്കാനാകും. ഒരു മത്സരം കുറച്ചു കളിച്ച ഗോകുലത്തിന് അടുത്ത മത്സരത്തിൽ വിജയം കണ്ടാൽ ഒന്നാം സ്ഥാനക്കാരുമായുള്ള അകലം വെറും മൂന്ന് പോയിന്റ് മാത്രമായി കുറക്കാൻ ആവും. നെറോക്കകെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. കെങ്ക്രെ പതിനൊന്നാം സ്ഥാനത്ത് തുടരുകയാണ്. ഒരിടക്ക് കിരീടപോരാട്ടത്തിൽ നിന്നും അകന്നു എന്ന് തോന്നിച്ച ഗോകുലത്തിന് വീണ്ടും പോയിന്റ് തലപ്പത്തേക്ക് തിരിച്ചെത്താൻ തുടർന്നുള്ള മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെ സാധ്യമാകും.

കൂപ്പറേജ് ഗ്രൗണ്ടിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരെ ഞെട്ടിക്കുന്ന തുടക്കമാണ് കെങ്ക്രെ എഫ്സി കുറിച്ചത്. വെറും മൂന്നാം മിനിറ്റിൽ തന്നെ മുംബൈ ടീം ലീഡ് എടുത്തു. അഞ്ജൻ ബിസ്തയുടെ പാസിൽ നിന്നും രഞ്ജീത് പാന്ദ്രേയാണ് ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയ ഞെട്ടലിൽ നിന്നും പഞ്ചാബ് ഉണരുന്നതിന് മുൻപ് അമൻ ഗെയ്ക്വാദിലൂടെ കെങ്ക്രെ അടുത്ത വെടി പൊട്ടിച്ചു. അഞ്ചാം മിനിറ്റിൽ രണ്ടാം ഗോൾ എത്തിയത്. പിന്നീട് ഏതു വിധേയനയും മത്സരത്തിൽ തിരിച്ചു വരാൻ ആയി റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ ശ്രമം. ഇരുപതിയാറാം മിനിറ്റിൽ ചെഞ്ചോയുടെ മികവിൽ പഞ്ചാബ് ഗോൾ മടക്കി. ശേഷം മത്സരം മാറി മറിയുന്നതാണ് കണ്ടത്. വെറും ഒരു മിനിറ്റിനു ശേഷം ചെഞ്ചോയുടെ മറ്റൊരു ഷോട്ട് റീബൗണ്ട് ആയി വന്നത് വലയിലേക്ക് എത്തിച്ച് നോച്ച സിങ് സമനില ഗോൾ കണ്ടെത്തി. എന്നാൽ അവിടം കൊണ്ടു നിർത്താൻ പഞ്ചാബ് ഒരുക്കമായിരുന്നില്ല. മുപ്പത്തിയൊൻപതാം മിനിറ്റിൽ കെങ്ക്രെ ഡിഫെൻസിന്റെ ആശയക്കുഴപ്പത്തിൽ മെയ്കൻ ഗോൾ നേടിയതോടെ മത്സരത്തിൽ ആദ്യമായി റൗണ്ട്ഗ്ലാസ് ലീഡ് എടുത്തു. എന്നാൽ ആഹ്ലാദത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. അടിക്ക് തിരിച്ചടിയായി നാൽപതാം മിനിറ്റിൽ തന്നെ സൂരജ് നേഗിയുടെ പാസിൽ തന്റെ രണ്ടാം ഗോൾ കണ്ടെത്തി രഞ്ജീത് പാന്ദ്രേ സ്‌കോർ വീണ്ടും തുല്യനിലയിൽ ആക്കി.

ത്രില്ലർ ആയി പരിണമിച്ച ആദ്യ പകുതിയുടെ സ്കോറിങ് ആവേശം പക്ഷെ രണ്ടാം പകുതിയിൽ കണ്ടില്ല. അൻപതിരണ്ടാം മിനിറ്റിൽ തന്നെ സൂരജ് നേഗി രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോയത് കെങ്ക്രെക്ക് വലിയ തിരിച്ചടി ആയി. എങ്കിലും രണ്ടാം പകുതിയുടെ ഭൂരിഭാഗവും പത്ത് പേരുമായി കളിച്ചിട്ടും മത്സരം ആവേശ സമനിലയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞത് മുംബൈ ടീമിന് നേട്ടമാണ്.

Exit mobile version