എഡു ബേഡിയ ഇനി പഞ്ചാബ് എഫ് സിയിൽ

എഫ് സി ഗോവയുടെ ക്യാപ്റ്റൻ ആയിരുന്ന എഡു ബേഡിയ ഇന്ത്യയിൽ തന്നെ തുടരും. എഡു ബേഡിയയെ ഐ ലീഗിലേക്ക് പുതുതായി എത്തുന്ന പഞ്ചാബ് എഫ് സി സ്വന്തമാക്കിയതായി KhelNow റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാറിൽ ആകും എഡു ബേഡിയ എത്തുന്നത്. ഐ എസ് എല്ലിലേക്ക് വരുന്നതിന് മുന്നോടിയായി പഞ്ചാബ് എഫ് സി വലിയ സൈനിംഗുകൾ പദ്ധതിയിടുന്നുണ്ട്.

അവസാന ആറു വർഷമായി ഗോവയ്ക്ക് ഒപ്പം എഡു ബേഡിയ ഉണ്ടായിരുന്നു‌. ഒരു ഐ എസ് എൽ ക്ലബിൽ ഏറ്റവും അധികം സമയം ചിലവഴിച്ച വിദേശ താരം എന്ന റെക്കോർഡുമായാണ് എഡു ബേഡിയ ഗോവ ക്ലബ് വിട്ടത്. അവസാന മൂന്നു സീസണുകളിലായി ക്ലബിന്റെ ക്യാപ്റ്റൻ പദവി കൂടെ എഡു ബേഡിയ വഹിക്കുന്നുണ്ടായിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ആകെ 18 മത്സരങ്ങൾ ബേഡിയ ഐ എസ് എല്ലിൽ കളിച്ചിരുന്നു. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും എഡു ബേഡിയക്ക് സംഭാവന ചെയ്യാൻ ആയിരുന്നു. ഐ എസ് എല്ലിൽ ആകെ 105 മത്സരങ്ങൾ കളിച്ച ബേഡിയ 13 ഗോളും 16 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഗോവക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ഷീൽഡും നേടാനും ബേഡിയക്ക് ആയിട്ടുണ്ട്.

യുവതാരം തേജസ് കൃഷ്ണ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബിൽ

യുവ ഡിഫൻഡർ തേജസ് കൃഷ്ണ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. താരത്തെ ഐ എസ് എല്ലിലെ പുതിയ ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിൽ തേജസ് ഒപ്പുവെച്ചതായാണ് വിവരങ്ങൾ. കഴിഞ്ഞ ജനുവരിയിൽ തേജസ് കൃഷ്ണയെ കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീമിലേക്ക് പ്രൊമോട്ട് ചെയ്തിരുന്നു. സെന്റർ ബാക്കായ തേജസ് വേഴ്സറ്റൈൽ താരമാണ്.

കളിച്ച വിവിധ ഏജ് കേറ്റഗറിയിലും കയ്യടി വാങ്ങിയിട്ടുള്ള തേജസ് മുമ്പ് ലൂക്ക സോക്കർ ക്ലബ്, ബാസ്കോ ഒതുക്കുങ്ങൽ, ഓസോൺ എഫ്‌സി ബെംഗളൂരു, പ്രോഡിജി സ്‌പോർട്‌സ് എന്നീ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ഗോൾ സ്‌കോറിംഗ് കഴിവുള്ള ഡിഫൻഡർ ആണ് തേജസ്.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് ഇനി പഞ്ചാബ് എഫ് സിയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബിന് ഒപ്പം. പ്രശാന്ത് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിനിൽ എത്തിയിരുന്നു. ചെന്നൈയിനായി 15 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. എന്നാൽ ഇപ്പോൾ പ്രശാന്ത് ചെന്നൈയിനും വിടുകയാണ്. പഞ്ചാബ് എഫ് സിയുമായി പ്രശാന്ത് കരാർ ധാരണയിൽ എത്തിയതായി Zillizsng റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയായിരിന്നു പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ചെന്നൈയിനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്ത് കരുതിയെങ്കിലും അവിടെയും താരം സ്ഥിരമായി ആദ്യ ഇലവനിൽ എത്തിയില്ല.

ഇതിനു മുമ്പ് അറ് സീസണുകളോളം പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട ധനചന്ദ്രെ മീതെ ഇനി പഞ്ചാബ് എഫ് സിക്ക് ഒപ്പം ഐ എസ് എൽ കളിക്കും

കേരള ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്കായിരുന്ന ധനചന്ദ്രെ മീതെ ഇനി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് ഒപ്പം. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടി എത്തിയ പഞ്ചാബ് എഫ് സി ധനചന്ദ്രെയെ സ്വന്തമാക്കിയതായി Khel Now റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ കരാർ അവസാനിച്ചതോടെയായിരുന്നു മീതെ കഴിഞ്ഞ മാസത്തോടെ ക്ലബ് വിട്ടത്.

അവസാന സീസണിൽ ലോണിൽ ഒഡീഷ എഫ് സിയിൽ ആയിരുന്നു താരം കളിച്ചത്. മൂന്ന് സീസൺ മുമ്പ് ട്രാവുവിൽ നിന്ന് ആയിരുന്നു ധനചന്ദ്ര മീതെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്‌. 29കാരനായ ധനചന്ദ്ര കഴിഞ്ഞ 3 സീസണിൽ ആയി ആകെ 9 മത്സരങ്ങളിൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരുന്നുള്ളൂ. മുമ്പ് നെരോക എഫ് സിയിലും അതിനു മുമ്പ് ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിലും താരം കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ധനചന്ദ്ര.

നിഖിൽ പ്രഭു റൗണ്ട്ഗ്ലാസ് പഞ്ചാബിനൊപ്പം ഐ എസ് എൽ കളിക്കും

എഫ് സി ഗോവയുടെ താരമായിരുന്ന നിഖിൽ പ്രഭുവിനെ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സി സ്വന്തമാക്കി. ഐ എസ് എല്ലിലേക്ക് വരുന്ന പഞ്ചാബ് എഫ് സി നിഖിലിനെ സ്വന്തമാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് നിഖിൽ ഗോവയിൽ എത്തിയത്.

അതിനു മുമ്പ് താരം ഒഡീഷയിൽ ആയിരുന്നു. ഒഡീഷക്ക് ഒപ്പം ഈ സീസണിൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ നിഖിൽ കളിച്ചിട്ടുള്ളൂ. രണ്ട് സീസണിൽ ആയി നിഖിൽ 6 മത്സരങ്ങൾ മാത്രമേ ഒഡീഷക്കായി കളിച്ചിരുന്നുള്ളൂ.

ഹൈദരബാദ് റിസേർവ്സ് ടീമിലൂടെ ഉയർന്ന് വന്ന താരത്തിന്റെ നാലാമത്തെ ഐ എസ് എൽ ക്ലബ് ആയിരിക്കും പഞ്ചാബ് എഫ് സി. മുമ്പ് പൂനെ സിറ്റിയുടെയും ഹൈദരബദിന്റെയും ഭാഗമായിരുന്നു. 2019ൽ എഫ്‌സി പൂനെ സിറ്റി അക്കാദമിയിൽ ചേരുന്നതിന് മുമ്പ് നിഖിൽ പ്രഭു മുംബൈയിലെ വിവിധ പ്രാദേശിക ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.

പഞ്ചാബിനെ തോൽപ്പിച്ചു, ബെംഗളൂരു എഫ് സിക്ക് ആദ്യ വിജയം

സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ബെംഗളൂരു എഫ് സിക്ക് ആദ്യ വിജയം. ഇന്ന് ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു തോൽപ്പിച്ചത്. രണ്ടു ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്. ഈ വിജയത്തോടെ ബെംഗളൂരു എഫ് സി നാലു പോയിന്റുമായി ശ്രീനിധിക്ക് ഒപ്പം ഗ്രൂപ്പിൽ ഒന്നാമത് എത്തി. കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ മൂന്നാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു.

66 ആം മിനുട്ടിൽ ഉദാന്ത് സിംഗ്‌ ബാംഗ്ളൂരുവിനെ മുന്നിലെത്തിച്ചു. കളിയുടെ അവസാന നിമിഷം ഹാവി ഹെർണാണ്ടസ് പെനാൽറ്റി കിക്കിലൂടെ ബെംഗളൂരുവിന്റെ രണ്ടാം ഗോളും നേടി. രണ്ട് കളിയിലും തോറ്റ പഞ്ചാബ് പോയിന്റ് പട്ടികയിൽ അവസാനത്താണ്.

അടുത്ത മത്സരത്തിൽ ബാംഗ്ളൂരുവിന് കേരള ബ്ലാസ്റ്റേഴ്‌സ് ആണ് എതിരാളികൾ. റൗണ്ട് ഗ്ലാസ്സ് പഞ്ചാബിന് ശ്രീനിധി ഡെക്കാനും.

വീണ്ടും പഞ്ചാബ് എഫ് സിക്ക് വിജയം!! ഐ എസ് എല്ലിൽ എത്താൻ ഇനി രണ്ട് പോയിന്റ് കൂടെ

റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടുന്ന ആദ്യ ടീമാകാൻ പോകുന്നു. ഇന്ന് അവർ ചർച്ചിൽ ബ്രദേഴ്സിനെ കൂടെ തോൽപ്പിച്ചതോടെ അവർക്ക് ഇനി ഐ ലീഗ് കിരീടം സ്വന്തമാക്കാൻ വെറും 2 പോയിന്റ് മാത്രം മതി. ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. 27ആം മിനുട്ടിൽ ലൂകയിലൂടെ ആണ് പഞ്ചാബ് ഗോളടി തുടങ്ങിയത്.

55ആം മിനുട്ടിൽ ചെഞ്ചോ ലീഡ് ഇരട്ടിയാക്കി. 79ആം മിനുട്ടിൽ ഹുവാനിലൂടെ പഞ്ചാബ് മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ചാവേസിലൂടെ ഒരു ഗോൾ ചർച്ചിൽ മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാറി. ഈ വിജയത്തോടെ പഞ്ചാബിന് 20 മത്സരങ്ങളിൽ നിന്ന് 46 പോയിന്റ് ആയി. 41 പോയിന്റുള്ള ശ്രീനിധി ആണ് രണ്ടാമത്. അവർ ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും 47 പോയിന്റിൽ മാത്രമെ എത്തൂ. ഇനി ശനിയാഴ്ച രാജസ്ഥാൻ യുണൈറ്റഡിന് എതിരെ ആണ് പഞ്ചാബ് എഫ് സിയുടെ മത്സരം.

നെറോക്കയെ വീഴ്ത്തി വീണ്ടും റൗണ്ട്ഗ്ലാസ് പഞ്ചാബ് മുന്നേറ്റം

സമനില പോലും കിരീട പോരാട്ടത്തിൽ നിന്നും പിറകോട്ടടിപ്പിക്കുമെന്ന ഘട്ടത്തിൽ നെറോക്കക്കെതിരെ നിർണായക മത്സരത്തിന് ഇറങ്ങിയ റൗണ്ട്ഗ്ലാസ് പഞ്ചാബിന് വിജയം. അജയ് ഛേത്രി നേടിയ ഏക ഗോളിന്റെ ബലത്തിൽ നെറോക്കയെ മറികടന്ന അവർ, വീണ്ടും തലപ്പത്തുള്ള ശ്രീനിധിക്കൊപ്പം പോയിന്റ് നിലയിൽ വീണ്ടും ഒപ്പമെത്തി. ലീഗൽ വിരലിൽ എണ്ണാവുന്ന മൽസരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇരു ടീമുകൾക്കും 40 പോയിന്റ് വീതമായി. ഇരുപതിയോന്ന് പോയിന്റുമായി നെറോക്ക എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

നെറോക്കയുടെ തട്ടകത്തിൽ പഞ്ചാബിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. തുടർച്ചയായ നാല് ഹോം മത്സരങ്ങളിലെ വിജയവുമായി എത്തിയ നെറോക്കക്കെതിരെ ഗോൾ കണ്ടെത്താൻ പഞ്ചാബിന് മുപ്പത്തിനാലാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ബ്രണ്ടന്റെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്താണ് അയജ്‌ ഛേത്രി മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയത്. സമനില ഗോളിനായി നെറോക്ക കിണഞ്ഞു പരിശ്രമിച്ചെങ്കിലും പഞ്ചാബ് പ്രതിരോധം ഉറച്ചു നിന്നു. നെറോക്കയുടെ നീക്കങ്ങൾ എല്ലാം വിഫലമാക്കിയ കീപ്പർ കിരൺ ലിംബു ആണ് ഹീറോ ഓഫ് ദ് മാച്ച്. ഇനിയുള്ള മത്സരങ്ങളിൽ പോയിന്റ് നഷ്ടപ്പെടുത്താതെ ഇരിക്കാൻ ശ്രീനിധിയും പഞ്ചാബും മത്സരിക്കും എന്നതിനാൽ ലീഗ് കൂടുതൽ ആവേശകരമാകും.

ഐ ലീഗ്; ഐസാളിനെയും കീഴടക്കി റൗണ്ട്ഗ്ലാസ് പഞ്ചാബ്, കിരീടപ്പോര് മുറുകുന്നു

ഐ ലീഗിൽ പോയിന്റ് തലപ്പത്ത് പോര് മുറുക്കി കൊണ്ട് റൗണ്ട്ഗ്ലാസ് പഞ്ചാബിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഐസളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊണ്ട് അവർ വീണ്ടും ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാനുമായി പോയിന്റ് നിലയിൽ ഓപ്പമെത്തി. ഇരു ടീമുകൾക്കും മുപ്പത്തിയേഴു പോയിന്റ് വീതമായി. അഞ്ച് മത്സരങ്ങൾ മാത്രം ശേഷിക്കെ ഫോട്ടോഫിനിഷിലേക്കാണ് ഐ ലീഗ് അടുക്കുന്നത്. ഐസാൾ ആറാം സ്ഥാനത്ത് തുടരുകയാണ്.

സുദേവയോടും കെങ്ക്രെയോടും സമനിലയിൽ കുരുങ്ങിയ ശേഷം ഗോകുലത്തെ കീഴടക്കി വിജയപാതയിൽ തിരിച്ചെത്തിയ റൗണ്ട്ഗ്ലാസിന് ഇന്നും വിജയത്തിൽ കുറഞ്ഞതോന്നും മുന്നിൽ ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ പക്ഷെ ലക്ഷ്യം കാണാൻ പഞ്ചാബിനായില്ല. മാസെന്റെയും ചെഞ്ചോയുടെയും ശ്രമങ്ങൾ കീപ്പറുടെ കൈകളിൽ അവസാനിച്ചു. ഇടവേളക്ക് തൊട്ടു മുൻപ് ഐസാൾ താരം ലാൽചൗങ്കിമയുടെ ഹെഡർ ശ്രമവും അകന്ന് പോയി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവർ സ്‌കോർ ബോർഡ് തുറന്നു. അൻപതിമൂന്നാം മിനിറ്റിൽ ചെഞ്ചോ ആണ് വല കുലുക്കിയത്. കൗണ്ടറിലൂടെ എത്തിയ ബോൾ ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും നിയന്ത്രണത്തിലാക്കി ഓടിക്കയറിയാണ് താരം ബോക്സിനുള്ളിൽ നിന്നും ലക്ഷ്യം കണ്ടത്. അവസാന നിമിഷങ്ങളിൽ ഐസാൾ സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പഞ്ചാബ് വഴങ്ങിയില്ല.

പഞ്ചാബ് എഫ് സിയുടെ പുതിയ ഹെഡ് കോച്ചായി സ്റ്റൈക്കോസ് വെർഗെറ്റിസ്

വരാനിരിക്കുന്ന ഹീറോ ഐ-ലീഗ് 2022-23 സീസണിൽ സ്റ്റൈക്കോസ് വെർഗെറ്റിസ് പഞ്ചാബ് എഫ് സിയെ പരിശീലിപ്പിക്കും. ഹെഡ് കോച്ചായി വെർഗറ്റിസിനെ നിയമിച്ചതായി ക്ലബ് പ്രഖ്യാപിച്ചു. നാൽപ്പത്തിയാറുകാരനായ വെർഗെറ്റിസ് ഗ്രീസ് സ്വദേശിയാണ്. ഗ്രീസിലും സൈപ്രസിലും സീനിയർ തലത്തിൽ ഹെഡ് കോച്ചായി അവസാന പത്തുവർഷമായി പ്രവർത്തിക്കുന്നുണ്ട്.

“റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയുടെ ഹെഡ് കോച്ചായി ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇതൊരു പുതിയ വെല്ലുവിളിയാണ്, ടീമിനെ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് നയിക്കാൻ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു” കരാർ ഒപ്പുവെച്ച ശേഷം വെർഗറ്റിസ് പറഞ്ഞു. 2013-14 സീസണിൽ ആസ്റ്ററസ് ട്രിപ്പോളിസിലാണ് വെർഗെറ്റിസ് പരിശീലകനായുള്ള യാത്ര ആരംഭിച്ചത്.

Story Highlight: Staikos Vergetis appointed new Head Coach for RoundGlass Punjab FC

Exit mobile version