ഗോളുമായി സെർജിയോ മെന്റി; പത്തു പേരുമായി കെങ്ക്രെയെ പിടിച്ചു കെട്ടി ഗോകുലം കേരള

രണ്ടാം പകുതിയിൽ ഭൂരിഭാഗം സമയവും പത്തു പേരുമായി കളിക്കേണ്ടി വന്നിട്ടും ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിന്റെ ബലത്തിൽ വിജയം നേടി നിർണായമായ മൂന്ന് പോയിന്റ് നേടി ഗോകുലം കേരള. കോഴിക്കോട് വെച്ചു നടന്ന മത്സരത്തിൽ കെങ്ക്രെയാണ് ഗോകുലം വീഴ്ത്തിയത്. മുന്നേറ്റ താരം സെർജിയോ മെന്റിയാണ് മത്സരത്തിലെ നിർണായക ഗോൾ കണ്ടെത്തിയത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ശ്രീനിധിയുമായുള്ള അകലം നാലാക്കി കുറക്കാനും ഒരു മത്സരം കുറച്ചു കളിച്ച ഗോകുലത്തിനായി. കെങ്ക്രെ പതിനൊന്നാമതാണ്.

ഗോകുലത്തിന്റെ അക്രമണങ്ങളിലൂടെ തന്നെ ആയിരുന്നു മത്സരം ആരംഭിച്ചത്‌. വിങ്ങുകളിലൂടെ നീക്കങ്ങൾ കോർത്തെടുത്ത ഗോകുലത്തിന് പക്ഷെ എതിർ പോസ്റ്റിന് മുന്നിൽ പലപ്പോഴും പിഴച്ചു. ഇരുപത്തിയഞ്ചാം മിനിറ്റിൽ സെർജിയോ മെന്റിയുടെ ഗോൾ എത്തി. വികാസിന്റെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്താണ് സ്പാനിഷ് താരം വല കുലുക്കിയത്. പിന്നീട് കെങ്ക്രെ ആയിരുന്നു കൂടുതൽ നീക്കങ്ങൾ നടത്തിയത്. ഇഞ്ചുറി ടൈമിൽ ശ്രീകുട്ടന്റെ ക്രോസിൽ രണ്ടാം ഗോൾ നേടാനുള്ള സുവർണാവസരം മെന്റി കളഞ്ഞു കുളിച്ചു.

രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ ഒട്ടാരയുടെ നീക്കത്തിൽ രഞ്ജീത് തൊടുത്ത ഷോട്ട് ഷിബിൻ രാജ് തടുത്തു. പിന്നീട് കെങ്ക്രെ ഇടതടവില്ലാതെ ആക്രമണങ്ങൾ അഴിച്ചു വിട്ടു. അൻപത്തിയാറാം മിനിറ്റിൽ രാഹുൽ രാജു ചുവപ്പ് കാർഡ് കണ്ടു പുറത്തു പോവുക കൂടി ചെയ്തതോടെ ഗോകുലം വീണ്ടും ബാക്ഫൂട്ടിലായി ഒട്ടാരയുടെ ശ്രമവും സമന്തറിന്റെ ലോങ് റേഞ്ച് ശ്രമവും ലക്ഷ്യത്തിൽ എത്തിയില്ല. എങ്കിലും ഗോൾ വഴങ്ങാതിരിക്കാൻ ഗോകുലത്തിനായതോടെ മത്സരം കൈപ്പിടിയിൽ ഒതുക്കാൻ ആതിഥേയർക്കായി.

മൊഹമ്മദൻസിനെ കീഴടക്കി ഐസാൾ എഫ്സി നാലാം സ്ഥാനത്തേക്ക്

ഹീറോ ഐ ലീഗ് ഇന്ന് നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഐസാൾ എഫ്സി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഹെൻറി കിസ്സെക്ക നേടിയ പെനാൽറ്റി ഗോൾ ആണ് ഐസാളിന് തുണയായത്. ഇതോടെ താല്ക്കാലികമായെങ്കിലും പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെക്കുയരാനും ഐസാളിനായി. മൊഹമ്മദൻസ് ഒൻപതാമത് തുടരുകയാണ്.

ആദ്യ പകുതിയിൽ തുല്യ ശക്തികളുടെ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച്ച വെച്ചത്. രണ്ടാം പകുതിയിൽ പോരാട്ടം കനത്തു. മൊഹമ്മദൻസ് താരം കീൻ ലൂയിസിന്റെ മികച്ചൊരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. ആറുപതിയാറാം മിനിറ്റിൽ കിസ്സെക്കയെ പ്രതിരോധ താരം ഒസ്മാൻ എന്റിയയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത കിസ്സെക്കക് പിഴച്ചില്ല. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി സന്ദർശകർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തൊണ്ണൂറാം മിനിറ്റിൽ സ്റ്റോയനോവിച്ചിന്റെ ഷോട്ടും പോസ്റ്റിൽ തട്ടി തെറിച്ചതോടെ മുഹമ്മദൻസിന് തോൽവി വഴങ്ങുകയായിരുന്നു.

സുദേവ ഡൽഹിയെ കീഴടക്കി ഐസാളിന് വിജയം

സീസണിൽ മോശം ഫോമിൽ തുടരുന്ന സുദേവ ഡൽഹിക്ക് മറ്റൊരു തോൽവി കൂടി സമ്മാനിച്ച് ഐസാൾ എഫ്സി. സുദേവയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഐസാൾ ജയം നേടിയത്. കിസെക്ക, സൈലോ എന്നിവർ വിജയികൾക്കായി ഗോൾ കണ്ടെത്തി. സുദേവയുടെ ഗോൾ കാർലോസ് പാവോ സ്വന്തം പേരിൽ കുറിച്ചു. ഐസാളിന്റെ ആദ്യ എവേ വിജയം ആണിത്. വിജയിച്ചെങ്കിലും ഐസാൾ ഏഴാം സ്ഥാനത്ത് തുടരുകയാണ്. ഒറ്റ വിജയവും നേടിയിട്ടില്ലാത്ത സുദേവ ഡൽഹി അവസാന സ്ഥാനത്താണ്.

ഇരു ടീമുകളും കീഴടങ്ങാൻ മനസില്ലാത്ത പൊരുതിയ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കിസെക്ക ലക്ഷ്യം കണ്ടു. അൻപതിമൂന്നാം മിനിറ്റിലാണ് ആദ്യ ഗോൾ എത്തിയത്. അറുപതിയൊൻപതാം മിനിറ്റിൽ ഐസാൾ ഗോൾ ഇരട്ടിയാക്കി. ലാൽച്ചന്നിമ സൈലോ ആണ് ഇത്തവണ വല കുലുക്കിയത്. സ്വന്തം തട്ടകത്തിൽ തോൽവി ഒഴിവാക്കാനുള്ള സുദേവയുടെ ശ്രമങ്ങൾക്കിടെ കാർലോസ് പാവോയിലൂടെ എൺപതിയാറാം മിനിറ്റിൽ ഒരു ഗോൾ മടക്കാൻ അവർക്കായി. എങ്കിലും മറ്റൊരു തോൽവി കൂടി ഒഴിവാക്കാൻ ആയില്ല.

ഐസാളിനെതിരെ സമനില പിടിച്ച് മുഹമ്മദൻസ്, അവസാന നിമിഷം ഗോളുമായി മാർകസ് ജോസഫ്

മത്സരത്തിന്റെ ഏറ്റവും അവസാന നിമിഷം മാർക്കസ് ജോസഫ് നേടിയ ഗോളിൽ ഐസാളിനെതിരെ ആവേശ സമനില പിടിച്ച് മുഹമ്മദൻസ് എഫ്സി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ നാടകീയ നിമിഷങ്ങളിലൂടെ കടന്ന് പോയ ശേഷം ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചു പോയിന്റ് പങ്കു വെക്കുകയായിരുന്നു. മാർക്കസ് ജോസഫ്, കിസെക്ക എന്നിവർ ടീമുകൾക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി. ഇതോടെ ഐസാൾ ഏഴാം സ്ഥാനത്തും മുഹമ്മദൻ ഒൻപതാമതും ആണ് പോയിന്റ് പട്ടികയിൽ.

ഇരു ടീമുകൾക്കും കൃത്യമായ മുൻത്തൂക്കം ഇല്ലാതെയാണ് ആദ്യ നിമിഷങ്ങൾ കടന്ന് പോയത്. ഇരുപത്തിയഞ്ചാം മിനിറ്റിൽ കിസെക്കക് ലഭിച്ച അവസരം കീപ്പറുടെ കൈകളിൽ അവസാനിച്ചു. മുപ്പതിരണ്ടാം മിനിറ്റിൽ ഐസാളിന്റെ ഗോൾ എത്തി. തർപ്വിയയുടെ ക്രോസിൽ തല വെച്ച് കിസെക്ക ടീമിന് ലീഡ് നൽകി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മാർക്കസ് ജോസഫ് മുഹമ്മദൻസിന് സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഐസാൾ ലീഡ് തിരിച്ചു പിടിച്ചു. അൻപതിമൂന്നാം മിനിറ്റിൽ കിസെക്ക തന്നെയാണ് വീണ്ടും ഐസാളിന് വേണ്ടി വല കുലുക്കിയത്. മത്സരം ഐസാൾ നേടുമെന്ന് ഉറപ്പിച്ച നിമിഷമാണ് മത്സരത്തിലെ അവസാന ടച്ചിൽ മാർക്കസ് ജോസഫ് സമനില ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ പന്ത്രണ്ടാം മിനിറ്റിൽ മുർസയെവിന്റെ ഫ്രീക്കിൽ നിന്നാണ് ഐസാളിന്റെ നെഞ്ചകം പിളർത്തിയ ഗോൾ മുന്നേറ്റ താരം നേടിയത്.

ലൂക്ക പണി തന്നു, ഗോകുലം കേരളയെ കീഴടക്കി റൗണ്ട്ഗ്ലാസ് പഞ്ചാബ്

ഐ ലീഗിൽ ഗോകുലം കേരളയെ കീഴടക്കി റൗണ്ട്ഗ്ലാസ് പഞ്ചാബ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബ് വിജയം കണ്ടത്. മുൻ ഗോകുലം താരം ലുക്കാ ആണ് വിജയ ഗോൾ നേടിയത്. സമനില പോലും രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുമായിരുന്ന ഗോകുലം ഇതോടെ നാലാം സ്ഥാനത്ത് തുടരുകയാണ്. ഒരു മത്സരം കുറച്ചു കളിച്ച റൗണ്ട്ഗ്ലാസ് പഞ്ചാബ് പതിനേഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തെക്കുയർന്നു.

കഴിഞ്ഞ മത്സരത്തിൽ സീസണിൽ ആദ്യമായി സ്വന്തം ഗ്രൗണ്ടിൽ വിജയം കൈവിട്ട ഗോകുലത്തിന് തിരിച്ചടി ആണ് ഇന്നത്തെ ഫലവും. ഇരുടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തിൽ പക്ഷെ ഭൂരിഭാഗം സമയവും ഗോൾ രഹിതമായിരുന്നു. മുന്നേറ്റ നിരയുടെ പ്രകടനം ഒരിക്കൽ കൂടി ഗോകുലത്തെ നിരാശയിലാഴ്ത്തി. പലപ്പോഴും എതിർ ബോക്സിലേക്ക് എത്താൻ ഇരു ടീമുകൾക്കും സാധിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടി ആയി. എഴുപത്തിയഞ്ചാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ എത്തിയത്.

ഇടത് പാർശ്വത്തിൽ നിന്നെത്തിയ ഫ്രീകിക്ക് ലൂക്ക മാച്ച്ക്കൻ ഹെഡർ ചെയ്തിട്ടത് ഒരു ഡിഫ്ലെക്ഷനോടെ വലയിലേക്ക് കടന്നപ്പോൾ കീപ്പർ ബിലാൽ ഖാൻ നിസഹായനായിരുന്നു. സമ്മർദ്ദം ചെലുത്തി മത്സരത്തിലേക്ക് തിരിച്ചു വരാൻ ഗോകുലം ശ്രമിച്ചെങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു. നിർണായകമായ മൂന്ന് പോയിന്റുകൾ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താൻ പഞ്ചാബിനെ സഹായിച്ചേക്കും. ഗോകുലത്തിന്റെ അടുത്ത മൂന്ന് മത്സരങ്ങൾ സ്വന്തം തട്ടകത്തിലാണ്.

നെറോക്കയോട് സമനിലയിൽ കുരുങ്ങി ഗോകലം കേരള

ഐ ലീഗ് എട്ടാം റൗണ്ട് മത്സരത്തിൽ നെറോക്കയോട് സമനിലയിൽ കുരുങ്ങി ഗോകുലം കേരള. പയ്യനാട് സ്റ്റേഡിയത്തിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞാണ് ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചത്. വിജയിച്ചിരുന്നെങ്കിൽ ഒന്നാം സ്ഥാനത്തേക്ക് കയാറാമായിരുന്ന അവസരം ഗോകുലം, സ്വന്തം തട്ടകത്തിലെ നാല് മത്സരങ്ങളിൽ നിന്നായി ആദ്യമായാണ് പോയിന്റ് നഷ്ടപ്പെടുത്തുന്നത്. പതിനഞ്ച് പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഗോകുലം. നെറോക്ക പത്താം സ്ഥാനത്താണ്.

പന്ത് കൈവശം വെക്കുന്നതിൽ ആയിരുന്നു നെറോക്കയുടെ ശ്രദ്ധ. എന്നാൽ കൃത്യമായ അവസരങ്ങൾ ഇരുഭാഗത്തും ആദ്യ നിമിഷങ്ങളിൽ തുറന്നെടുത്തില്ല. മുപ്പതാം മിനിറ്റിൽ ഷിജിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി വഴിമാറി. രണ്ടാം പകുതിയുടെ തുടക്കത്തിൽ നെറോക്ക ഫോർവേഡ് ഹോകിപ്പിന്റെ ഷോട്ട് ശിബിൻരാജ് രക്ഷപ്പെടുത്തി. പകരക്കാരെ ഇറക്കി ആക്രമണം കനപ്പിക്കാൻ ആയിരുന്നു പിന്നീട് ഗോകുലത്തിന്റെ ശ്രമം. ക്രോസിലൂടെ എത്തിയ ബോളിൽ ഹോകിപ്പിന്റെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.

അവസാന മിനിറ്റുകളിൽ കോർണറിലൂടെ എത്തിയ ബോളിൽ ബോബയുടെ ഹെഡർ ശ്രമവും പോസ്റ്റിന് തൊട്ടിരുമി കടന്ന് പോയതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗോകുലം കേരള ഇറങ്ങുന്നു

ഇന്ന് വൈകിട്ട് 4 :30 മണിക്ക് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഐ-ലീഗ് 2022-23 എട്ടാം റൗണ്ട് മത്സരത്തിൽ ഗോകുലം കേരള എഫ്‌സി മണിപ്പൂരിൽ നിന്നുമുള്ള നെറോക്ക എഫ് സിയെ നേരിടും.

കഴിഞ്ഞ രണ്ടു ഹോം മത്സരത്തിൽ വിജയം നേടി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ഗോകുലം എഫ് സി മികവുറ്റ ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ഗോകുലത്തിനു ഏഴു കളികളിൽ നിന്നും പതിനാലു പോയിന്റുകളാണ് ഉള്ളത്. ഇന്ന് വിജയിച്ചാൽ ഗോകുലത്തിന് ഒന്നാം സ്ഥാനത്ത് എത്താം.

അതേസമയം ഏഴു കളികളിൽ നിന്നും ആറു പോയിന്റുള്ള നെറോക്ക ലീഗിൽ പതിനൊന്നാം സ്ഥാനത്താണുള്ളത്.

മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഗോകുലം കേരള മുഖ്യ പരിശീലകൻ റിച്ചാർഡ് തോവ മത്സരത്തിൽ നിന്നുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചു. “മാച്ചുകൾ കഴിയും തോറും ടീം നല്ല രീതിയിൽ ഒത്തിണക്കത്തോടെ കളിക്കുന്നു. അടുത്ത ഹോം മത്സരവും വിജയിച്ചു കൂടുതൽ പോയിന്റുകൾ നേടുകയാണ് ലക്‌ഷ്യം.”

മത്സരം യൂറൊ സ്പോർട്സ്, ഡി ഡി സ്പോർട്സ് ചാനലുകളിൽ തത്സമയം ഉണ്ടായിരിക്കും.

ശ്രീകുട്ടന്റെ ഗോളിൽ ഗോകുലം കേരളയുടെ വിജയം, ലീഗിൽ രണ്ടാം സ്ഥാനം

ഹാട്രിക്ക് കിരീടം ലക്ഷ്യമിടുന്ന ഗോകുലം കേരള ഐ ലീഗിൽ ഒന്നാം സ്ഥാനത്തോട് അടുക്കുന്നു. ഇന്ന് പയ്യനാട് വെച്ച് രാജസ്ഥാൻ യുണൈറ്റഡിനെ നേരിട്ട ഗോകുലം കേരള മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഗോകുലത്തിന്റെ വിജയ ഗോൾ വന്നത്.

51ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് കട്ട് ചെയ്ത് കയറിയ ശ്രീകുട്ടന്റെ ഒരു തകർപ്പൻ ഷോട്ട് ഗോൾവലയുടെ ഒരു കോർണറിൽ പതിക്കുകയായിരുന്നു. ഇതിനു ശേഷം കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം വിജയവും സ്വന്തമാക്കി.

ഈ വിജയത്തോടെ 14 പോയിന്റുമായി ഗോകുലം ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. ഒന്നാമതുള്ള റിയൽ കാശ്മീരിന് രണ്ട് പോയിന്റ് മാത്രം പിറകിലാണ് ഗോകുലം ഉള്ളത്.

ഗോകുലം കേരള ഇന്ന് രാജസ്ഥാന് എതിരെ

2022 ഡിസംബർ 12 തിങ്കളാഴ്ച ച വൈകിട്ട് 7:00 മണിക്ക് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഐ-ലീഗ് 2022-23 ഏഴാം റൗണ്ട് മത്സരത്തിൽ ഗോകുലം കേരള എഫ്‌സി രാജസ്ഥാൻ യുണൈറ്റഡ് എഫ് സിയെ നേരിടും.

എവേ മാച്ചുകളിലെ നിരശാജനകമായ ഫലങ്ങൾക്ക് ശേഷം കഴിഞ്ഞ ഹോം മത്സരത്തിൽ സുദേവ എഫ് സി സ്വന്തം തട്ടകത്തിൽ 3 -0 തോൽപിച്ച ഗോകുലം ടീം മികവുറ്റ ഫോമിലാണ്. ആറു മത്സരങ്ങളിലും നിന്നും രണ്ടു ടീമുകൾക്കും പതിനൊന്നു പോയിന്റാണ് ഉള്ളത്.

കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് ഹോം മത്സരത്തിൽ കെങ്കറെ എഫ് സിയുടെ സമനില പിടിച്ചിരുന്നു. രണ്ടു ടീമുകൾക്കും പോയിന്റ് പട്ടികയിൽ മുന്നിൽ വരുവാൻ വിജയം അനിവാര്യമാണ്.

മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഗോകുലം കേരള മുഖ്യ പരിശീലകൻ റിച്ചാർഡ് തോവ മത്സരത്തിൽ നിന്നുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചു. “രാജസ്ഥാൻ വളരെ നല്ല ടീമാണ്. അത് കൊണ്ട് തന്നെ മത്സരം വളരെ കടുപ്പം ഉള്ളതായിരിക്കും. പക്ഷെ സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ മുൻതൂക്കം ഞങ്ങൾക്കുണ്ടാകും. അത് കൊണ്ട് തന്നെ അടുത്ത മത്സരത്തിൽ മുഴുവൻ പോയിന്റും നേടുവാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.”

മത്സരം യൂറൊ സ്പോർട്സ്, ഡി ഡി സ്പോർട്സ് ചാനലുകളിൽ തത്സമയം ഉണ്ടായിരിക്കും.

മലയാളി താരം ഷിജിൻ ടി യുടെ ഇരട്ട ഗോളിലൂടെ ഗോകുലം മൂന്നാം സ്ഥാനത്തേക്ക്

ബുധനാഴ്ച (ഡിസംബർ 7, 2022) മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഐ-ലീഗ് 2022-23 ആറാം റൗണ്ട് പോരാട്ടത്തിൽ ഗോകുലം കേരള എഫ്‌സി സുദേവ ഡൽഹി എഫ്‌സിക്കെതിരെ 3-0 ന് ജയിച്ചു.

ഡോഡി എൻഡോയുടെ രണ്ടാം പകുതിയിലെ സ്‌ട്രൈക്കും, അതിന് ശേഷമുള്ള ഷിജിൻ ടി രണ്ടു ഗോളുകൾ നിലവിലെ ചാമ്പ്യൻമാർക്ക് നാല് മത്സരങ്ങളിൽ ആദ്യ വിജയം നേടിക്കൊടുത്തു,

പൊസഷനിൽ ആധിപത്യം പുലർത്തിയ ഗോകുലം കേരളയാണ് കൂടുതൽ ആക്രമണങ്ങൾ നടത്തിയത്, പക്ഷേ ഇടവേളയ്ക്ക് ശേഷം ഗോൾരഹിതമായിരിന്നു.

കളിയുടെ നിയന്ത്രണം പുനരാരംഭിച്ച ഗോകുലം കേരള 53-ാം മിനിറ്റിൽ ലീഡ് നേടിയതോടെ പ്രതിഫലം ലഭിച്ചു. പകരക്കാരനായി ഇറങ്ങിയ ഡോഡി പെനാൽറ്റി ഏരിയയ്ക്കുള്ളിൽ ഒരു ത്രോ-ഇൻ സ്വീകരിച്ച് വല കുലുക്കി.

61 ആം മിനുട്ടിൽ നൗഫലിന്റെ ക്രോസിൽ ഷിജിൻ ഗോൾ നേടി മലബാറിയന്സിന്റെ ലീഡ് ഇരട്ടിച്ചു.

70-ാം മിനിറ്റിൽ, ഷിജിൻ ഒരു ഗോൾ കൂടി ചേർത്തു. ഒരു പ്രത്യാക്രമണത്തിൽ, തളരാത്ത ശ്രീക്കുട്ടൻ ഷിജിനിൽ ഒരു ഇഞ്ച് പെർഫെക്റ്റ് ത്രൂ-പാസിലൂടെ കളിച്ചു, അയാൾ അത് കീപ്പറുടെ കാലുകളിലൂടെ വലയിലേക്ക് അടിച്ചു.

മത്സരത്തിന്റെ അവസാനം വരെ ഗോകുലം കേരള ആധിപത്യം പുലർത്തി. അടുത്ത മത്സരത്തിൽ ഗോകുലം കേരള എഫ് സി രാജസ്ഥാൻ യുണൈറ്റഡ് എഫ് സിയെ ഡിസമ്പർ 12 നു രാത്രി ഏഴു മണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും.

ഗോകുലം കേരള ഇന്ന് വീണ്ടും പയ്യനാട് സ്റ്റേഡിയത്തിൽ

2022 ഡിസംബർ 7 ബുധനാഴ്ച വൈകിട്ട് 7:00 മണിക്ക് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഐ-ലീഗ് 2022-23 ആറാം റൗണ്ട് മത്സരത്തിൽ ഗോകുലം കേരള എഫ്‌സി സുദേവ ഡൽഹി എഫ്‌സിയെ നേരിടും.

സീസണിന്റെ തുടക്കത്തിൽ തുടർച്ചയായി വിജയിച്ചതിന് ശേഷം നിരാശാജനകമായ ഫലങ്ങൾ നേരിട്ടതിന് ശേഷം നിലവിലെ ചാമ്പ്യന്മാർ അവരുടെ സ്വന്തം തട്ടകത്തിലേക്ക് ഇന്ന് മടങ്ങും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ നഷ്ടപെട്ട മലബാറിയൻസ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്തുനിന്ന് എട്ട് പോയിന്റ് അകലെയാണ്. മറുവശത്ത്, തങ്ങളുടെ ആദ്യ നാല് മത്സരങ്ങളിലും തോറ്റ് താഴെയുള്ള ക്ലബ്ബായ സുദേവ ഡൽഹി ഇതുവരെ പോയിന്റ് പട്ടിക തുറന്നിട്ടില്ല.

ചരിത്രം ഗോകുലം കേരളത്തിന് അനുകൂലമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി രണ്ട് തവണ സുദേവയെ ഗോകുലം നേരിട്ടു, രണ്ടും ഗോൾ വഴങ്ങാതെ ജയിച്ചു. മഞ്ചേരിയിലെ തങ്ങളുടെ ആവേശകരമായ ഹോം ആരാധകർക്ക് മുന്നിൽ ആ കുതിപ്പ് തുടരാമെന്ന് അവർ പ്രതീക്ഷിക്കുന്നു.

മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഗോകുലം കേരള മുഖ്യ പരിശീലകൻ റിച്ചാർഡ് തോവ മത്സരത്തിൽ നിന്നുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചു. “ഇത് എളുപ്പമുള്ള ഗെയിമായിരിക്കില്ല. അവർക്ക് ബുദ്ധിമുട്ടുള്ള തുടക്കമാണ് ഉണ്ടായിരുന്നത്, എന്നാൽ ഈ ലീഗിൽ, ഏത് ടീമിനെയും പരാജയപ്പെടുത്തുന്നത് എളുപ്പമാകുമെന്ന് ഞങ്ങൾക്ക് പറയാനാവില്ല. അവർ നാളെക്കായി തയ്യാറെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഞങ്ങളും അങ്ങനെ തന്നെ.”

ടീമിന്റെ ഗോളുകളുടെ അഭാവത്തെക്കുറിച്ച് കാമറൂണിയൻ കോച്ച് പറഞ്ഞു, “ഞങ്ങൾ കൂടുതൽ ഗോളുകൾ നേടിയിട്ടില്ലെന്ന് ഞാൻ കരുതുന്നു, പരിശീലന ഗ്രൗണ്ടിൽ ഞങ്ങൾ ഇത് പരിഹരിക്കാൻ കഠിനമായി പ്രവർത്തിക്കുന്നുണ്ട്. മത്സരങ്ങളിൽ ഞങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നു, ആ അവസരങ്ങൾ പരിവർത്തനം ചെയ്യാൻ ഞങ്ങൾക്ക് കഴിയാതെ പോയി.

കേരളത്തിലേക്ക് മടങ്ങുന്നതിന്റെ ആവേശം തോവ പ്രകടിപ്പിച്ചു. “ഞങ്ങൾ കഴിഞ്ഞ നാല് മത്സരങ്ങളും എവേ കളിച്ചിട്ടുണ്ട്, വളരെയധികം യാത്രകൾ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. നാട്ടിലേക്ക് മടങ്ങിയതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, കളിക്കാർക്ക് ഇത് ആവശ്യമാണ്. അവർ പറഞ്ഞു.

ഗോകുലത്തിന് വേണ്ടി അഞ്ച് മത്സരങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ശ്രീക്കുട്ടൻ വിഎസ് തന്റെ പരിശീലകന്റെ അഭിപ്രായത്തോട് യോജിച്ചു, “ഞങ്ങൾ അധികം വിശ്രമമില്ലാതെ യാത്ര ചെയ്യുകയായിരുന്നു, ഇത് ഞങ്ങളുടെ പ്രകടനത്തെ ബാധിച്ചു. ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ തിരിച്ചെത്തി, ഇത് കളിക്കാർക്ക് കൂടുതൽ ഊർജ്ജം നൽകുമെന്ന് ഞാൻ കരുതുന്നു. ശ്രീക്കുട്ടൻ പറഞ്ഞു.

ഗോകുലത്തിന് തിരിച്ചടി, കെങ്ക്രെയോട് സമനില കുരുക്ക്

ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന് സമനില കുരുക്ക്. ഇന്ന് മുംബൈയിൽ വെച്ചു നടന്ന മത്സരത്തിൽ കെങ്ക്രെ എഫ്സിയോടാണ് ഗോകുലം പോയിന്റ് പങ്കുവെച്ചത്. ഇതോടെ ഗോകുലത്തിന്റെ അവസാന മൂന്ന് മത്സരങ്ങൾ വിജയമില്ലാതെ കടന്ന് പോയിരിക്കുകയാണ്. അഞ്ചു മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റുമായി അഞ്ചാമതാണ് അവർ. കെങ്ക്രെ ഒൻപതാമതാണ്.

കൂപെറേജ് ഗ്രൗണ്ടിൽ ആതിഥേയർ വല കുലുക്കുന്നത് കണ്ടാണ് മത്സരം ഉണർന്നത്. മൂന്നാം മിനിറ്റിൽ അസ്സയുടെ ഫ്രീകിക്കിൽ നിന്നെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഗോകുലം ഡിഫെൻസിന് പിഴച്ചപ്പോൾ യുവതാരം പപ്വിയ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും ഗോൾ കണ്ടെത്തി. തുടർന്ന് പന്ത് കൈവശം വെച്ചു ആധിപത്യം നേടാൻ ആയിരുന്നു ഗോകുലം ശ്രമം.

ഇരുപത്തിയഞ്ചാം മിനിറ്റിൽ അരവിന്ദിന് ലഭിച്ച മികച്ചൊരു അവസരം ഷിബിൻരാജ്‌ രക്ഷിച്ചെടുത്തു. രണ്ടാം പകുതിയിൽ ഗോകുലത്തിന്റെ ഗോൾ എത്തി. സോംഗലയുടെ പാസിൽ നിന്നും ബോക്സിനുള്ളിൽ നിന്നും ഷിജിൻ ആണ് സമനില ഗോൾ കണ്ടെത്തിയത്. നിലവിലെ ചാംപ്യന്മാർക്ക് കടുപ്പമേറിയത് തന്നെ ആവും ഈ സീസൺ എന്ന് അടിവരയിടുന്നതാണ് ഇന്നത്തെ മത്സര ഫലവും.

Exit mobile version