20230212 165716

രാജസ്ഥാനെയും തകർത്ത് ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി ശ്രീനിധി ഡെക്കാൻ

തുടർച്ചയായ നാലാം വിജയവുമായി ശ്രീനിധി ഡെക്കാൻ കുതിപ്പ് തുടരുന്നു. രാജസ്ഥാൻ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി അവർ ഒന്നാം സ്ഥാനത്ത് മൂന്ന് പോയിന്റ് ലീഡ് വർധിപ്പിച്ചു. ആശീർ അഖ്തർ, ലാൽറോമാവിയ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ രാജസ്ഥാൻ താരം ഗുരുങ് ഇഞ്ചുറി ടൈമിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. തുടർച്ചയായ അഞ്ചാം തോൽവി വഴങ്ങിയ രാജസ്ഥാൻ ഒൻപതാം സ്ഥാനത്താണ്.

സ്വന്തം തട്ടകത്തിൽ ആദ്യ പകുതിയിൽ ആണ് ശ്രീനിധി രണ്ടു ഗോളുകളും കണ്ടെത്തിയത്. അഞ്ചാം മിനിറ്റിൽ തന്നെ അവർ സ്‌കോർ ഷീറ്റ് തുറന്നു. വീണു കിട്ടിയ അവസരം മുതലെടുത്തു ബോക്സിനുള്ളിൽ നിന്നും മികച്ച ഫിനിഷിങ്ങോടെ ആശീർ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് നാൽപതാം മിനിറ്റിൽ കസ്റ്റാന്യെഡയുടെ പാസിൽ നിന്നും ലാൽറോമാവിയ പട്ടിക തികച്ചു. രണ്ടാം പകുതിയിൽ ഗോളൊന്നും കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. സീസണിൽ ആദ്യ തവണ രാജസ്ഥാന്റെ തട്ടകത്തിൽ ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങേണ്ടി വന്ന ശ്രീനിധിക്ക് ഈ വിജയം മധുര പ്രതികാരം ആയി.

Exit mobile version