Screenshot 20230209 183432 Twitter

പഞ്ചാബിനോട് തോൽവി; കിരീടത്തിൽ നിന്നും ഐ എസ് എൽ സ്വപ്നത്തിൽ നിന്നും ഗോകുലം അകലുന്നു

കിരീട പോരാട്ടത്തിൽ വലിയ തിരിച്ചടി നൽകി കൊണ്ട് ഗോകുലം കേരളക്ക് ഐ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി. കോഴിക്കോട് വെച്ചു നടന്ന മത്സരത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബ് ആണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോകുലത്തെ വീഴ്ത്തിയത്. ഇതോടെ പഞ്ചാബ് വീണ്ടും ഒന്നാം സ്ഥാനത്തുള്ള ശ്രീനിധിയുമായി പോയിന്റ് നിലയിൽ ഒപ്പമെത്തി. ഗോകുലം പത്ത് പോയിന്റ് പിറകിൽ മൂന്നാമതാണ്.

ആദ്യ പാദത്തിൽ പഞ്ചാബിനോടേറ്റ തോൽവിക്ക് സ്വന്തം തട്ടകത്തിൽ പകരം ചോദിക്കാൻ ഇറങ്ങിയ ഗോകുലത്തിന് പക്ഷെ കാര്യങ്ങൾ കരുതിയ പോലെ ആയിരുന്നില്ല. ആദ്യ മത്സരത്തിലെ എന്നപോലെ ഗോകുലം മുൻതാരം ലൂക്ക മാസെൻ ഇന്നും വില്ലൻ ആവുന്നതാണ് കണ്ടത്. നാല്പത്തിയൊന്നാം മിനിറ്റിലാണ് പഞ്ചാബിന്റെ ആദ്യ ഗോൾ എത്തിയത്. ഗോകുലം പ്രതിരോധത്തിന് മുകളിലൂടെ ആശിഷ് നൽകിയ ബോൾ നെഞ്ചിൽ സ്വീകരിച്ച മാസെൻ ബോൾ നിയന്ത്രണത്തിൽ ആകാൻ ഉള്ള ശ്രമത്തിനിടെ തടയാൻ എത്തിയ പവൻ കുമാറിന്റെ കാലുകളിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. തുടർന്ന് ഓഫ്‌സൈഡിനായി ഗോകുലം താരങ്ങൾ മുറവിളി കൂട്ടിയെങ്കിലും റഫറി വഴങ്ങിയില്ല.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ കോപ്പ് കൂട്ടി തന്നെയാണ് ഗോകുലം ഇറങ്ങിയത്. അൻപതിമൂന്നാം മിനിറ്റിൽ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും ലഭിച്ച അവസരത്തിൽ മെന്റിക്ക് പന്ത് നിയന്ത്രിക്കാൻ സാധിച്ചില്ല. പിന്നീട് കൗണ്ടറിലൂടെ മുന്നേറ്റത്തിൽ തഹീറിനെ ബോക്സിനുള്ളിൽ പഞ്ചാബ് പ്രതിരോധം തടഞ്ഞു. എഴുപതാം മിനിറ്റിൽ പഞ്ചാബിന്റെ രണ്ടാം ഗോൾ എത്തി. കോർണറിൽ നിന്നെത്തിയ ബോളിൽ ലങ്ദിമിന്റെ ഹെഡാർ ശ്രമം തടഞ്ഞ ഷിബിന്റെ സേവ് പക്ഷെ പന്ത് മാസെന്റെ കാലുകളിൽ എത്തിച്ചു. താരം അനായാസം വല കുലുക്കി. മൂന്ന് മിനിറ്റിന് ശേഷം ഗോകുലത്തിന്റെ ഗോൾ എത്തി. വലത് വിങ്ങിൽ നിന്നും സൗരവിന്റെ പാസിൽ ഫാർഷാദ് നൂർ ആണ് ലക്ഷ്യം കണ്ടത്. തുടർന്ന് ഷിജിന്റെ ക്രോസിൽ പോസ്റ്റിന് മുന്നിൽ വെച്ചു മെന്റിക്ക് പിഴച്ചു. പിന്നീട് ബോബയുടെ ഫ്രീക്കികും ഗോളിയുടെ കൈകളിൽ അവസാനിച്ചു. അവസാന മിനിറ്റികളിൽ ഗോകുലത്തിന്റെ ഇടതടവില്ലാത്ത അക്രമങ്ങൾ ആയിരുന്നു. പോസ്റ്റിൽ തട്ടി തെറിച്ചത് അടക്കം നിരവധി അവസരങ്ങൾ ടീം തുറന്നെടുത്തെങ്കിലും സമയം അതിക്രമിച്ചതോടെ ഗോകുലം സ്വന്തം ഗ്രൗണ്ടിൽ സീസണിലെ രണ്ടാം തോൽവി ഏറ്റു വാങ്ങി.

Exit mobile version