Screenshot 20230205 180127 Twitter

ഇഞ്ചുറി ടൈം ഗോളിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ പിടിച്ചു കെട്ടി സുദേവ ഡെൽഹി

ഐ ലീഗിൽ നിർണായ മത്സരത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ സമനിലയിൽ തളച്ച് സുദേവ ഡൽഹി. സുദേവയുടെ തട്ടകത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിയുനകയായിരുന്നു. ഇതോടെ ഒന്നാം സ്ഥാനത്ത് ശ്രീനിധി ഡെക്കാനും റൗണ്ട്ഗ്ലാസും പോയിന്റ് നിലയിൽ തുല്യത പാലിക്കുകയാണ്. ഗോൾ വ്യത്യാസത്തിൽ ശ്രീനിധിയാണ് മുൻപിൽ. സുദേവ ഡൽഹി അവസാന സ്ഥാനത്ത് തുടരുകയാണ്. അവരുടെ സീസണിലെ മൂന്നാമത്തെ മാത്രം സമനില ആയിരുന്നു ഇന്ന്.

പ്രതീക്ഷിച്ച പോലെ തന്നെ എതിർ തട്ടകത്തിൽ പഞ്ചാബിന്റെ അഴിഞ്ഞാട്ടം ആയിരുന്നു തുടക്കം മുതൽ. പന്ത്രണ്ടാം മിനിറ്റിൽ ഇഗ്യാടോവിച്ചിന്റെ ഹെഡർ ശ്രമം സുദേവ കീപ്പർ പ്രിയാന്ത് തടുത്തിട്ടതിൽ ലുക മെയ്ക്കൻ ഷോട്ട് ഉതിർത്തെങ്കിലും അവിശ്വാസനീയമാം വിധം പോസ്റ്റിൽ ഇടിച്ചു പുറത്തു പോയി. എങ്കിലും പിന്നീട് ആദ്യ പകുതിയിൽ പഞ്ചാബിനെ പിടിച്ചു നിർത്താൻ സുദേവക്കായി. നീണ്ട കാത്തിരിപ്പിന് ശേഷം എഴുപത്തിയോൻപതാം മിനിറ്റിൽ ലൂക്ക മെയ്ക്കൻ തന്നെ പഞ്ചാബിന്റെ രക്ഷയ്ക്കെത്തി. ചെഞ്ചോയുടെ പാസിലാണ് താരം ഗോൾ കണ്ടെത്തിയത്. ഇതോടെ മത്സരം അവർ കൈക്കലാക്കിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ വഴങ്ങിയ കോർണർ പാഞ്ചാബിന് തിരിച്ചടി ആയി. ശുഭോയുടെ കോർണർ ക്ലിയർ ചെയ്യുന്നതിൽ സന്ദർശകർക്ക് പിഴച്ചപ്പോൾ അവസരം കാത്തിരുന്ന സുജിത് സന്ധു നിർണായക ഗോൾ നേടുകയായിരുന്നു. ഇതോടെ കിരീട കുതിപ്പിൽ റൗണ്ട്ഗ്ലാസിന് കരുത്താകേണ്ട നിർണായകമായ രണ്ടു പോയിന്റുകൾ നഷ്ടപ്പെടുത്താൻ സുദേവക്കായി.

Exit mobile version