64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാൻ വെയിൽസ്, അമേരിക്ക എതിരാളികൾ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് അമേരിക്ക വെയിൽസിനെ നേരിടും. 64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വലിയ വേദിയിൽ വെയിൽസ് തിരിച്ചു എത്തുന്ന മത്സരം ആണ് ഇത്. ഇത് വരെ പരസ്പരം രണ്ടു തവണ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ അമേരിക്ക ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. 2014 നു ശേഷം ആദ്യ ലോകകപ്പിന് എത്തുന്ന അമേരിക്കക്ക് ഇത് 11 മത്തെ ലോകകപ്പ് ആണ്. ഗാരത് ബെയിൽ എന്ന ഇതിഹാസം ആണ് വെയിൽസിന്റെ പ്രധാന കരുത്ത്. വെയിൽസ് ജെഴ്‌സിയിൽ എന്നും തിളങ്ങുന്ന ബെയിലിന്റെ മികവ് തന്നെയാണ് അവരെ ലോകകപ്പ് വേദിയിൽ എത്തിച്ചത്.

ലോകകപ്പ്

മുന്നേറ്റത്തിൽ ബെയിലിന് ഒപ്പം ഡാനിയേൽ ജെയിംസ്, ബ്രണ്ണൻ ജോൺസൻ എന്നീ യുവരക്തങ്ങളും അമേരിക്കക്കു പ്രശ്നങ്ങൾ സൃഷ്ടിക്കും. മധ്യനിരയിൽ പരിച്ചയസമ്പന്നനായ ആരോൺ റംസി തിളങ്ങേണ്ടത് വെയിൽസിന് പ്രധാനമാണ്. ഹെന്നസിക്ക് മുന്നിൽ പ്രതിരോധത്തിൽ നികോ വില്യംസ്, കോൾവിൽ തുടങ്ങിയ യുവതാരങ്ങളും അവർക്ക് ഉണ്ട്. മറുവശത്ത് യുവത്വം ആണ് അമേരിക്കയുടെ കരുത്ത്. മുന്നേറ്റത്തിൽ ക്രിസ്റ്റിയൻ പുലിസികിന് കൂട്ടായി ജിയോവാണി റെയ്‌ന എന്ന 19 കാരൻ ഉണ്ട്. ഡോർട്ട്മുണ്ടിലെ മികവ് ദേശീയ ടീമിൽ താരം പുറത്ത് എടുത്താൽ വെയിൽസ് പ്രതിരോധം താരത്തെ നേരിടാൻ വിയർക്കും.

ലോകകപ്പ്

വിങിൽ ടിം വിയ വെയിൽസിന് വലിയ തലവേദന ആവും നൽകുക. മധ്യനിരയിൽ മക്കെന്നി, ആരോൺസൺ, ടെയിലർ ആദംസ്, അക്കോസ്റ്റ തുടങ്ങി മികച്ച യുവ താരങ്ങളുടെ ഒരു നിര തന്നെ അമേരിക്കക്ക് ഉണ്ട്. മികച്ച വിങ് ബാക്കുകൾ ആണ് അമേരിക്കൻ കരുത്ത്. സെർജിനോ ഡെസ്റ്റ്, യെഡലിൻ തുടങ്ങി മികച്ച വേഗമുള്ള താരങ്ങൾ ഏത് പ്രതിരോധത്തിനും വെല്ലുവിളി ആണ്. ഗോൾ കീപ്പർ ആയി ആഴ്‌സണലിന്റെ മാറ്റ് ടർണർ ആവും അമേരിക്കൻ വല കാക്കുക. വെയിൽസ് ജെഴ്‌സി അണിഞ്ഞാൽ പ്രായം മറന്നു അസാധ്യ മികവിലേക്ക് ഉയരുന്ന ഗാരത് ബെയിൽ മുന്നിൽ നിന്നു നയിക്കുമ്പോൾ വെയിൽസ് അമേരിക്കൻ യുവടീമിനു വെല്ലുവിളി ആവും എന്നുറപ്പാണ്. ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30 നു അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.