സൂര്യകുമാര്‍ കാതങ്ങള്‍ അകലെ – ടിം സൗത്തി

Suryakumaryadav

ന്യൂസിലാണ്ടിനെ രണ്ടാം ടി20യിൽ നിഷ്പ്രഭമാക്കിയ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ന്യൂസിലാണ്ട് വെറ്ററന്‍ താരം ടിം സൗത്തി. 51 പന്തിൽ 111 റൺസ് നേടി സൂര്യകുമാറിന്റെ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ 191/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിന് 126 റൺസ് മാത്രമേ നേടിയുള്ളു.

ടി20 ക്രിക്കറ്റിൽ ഒരു താരം ശതകം നേടിയാൽ തന്നെ വലിയ വ്യത്യാസം സൃഷ്ടിക്കുമെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സ് താന്‍ കണ്ടിട്ടുള്ള ഏത് ഇന്നിംഗ്സിനെക്കാളും കാതങ്ങള്‍ അകലെയായിരുന്നു എന്നും സൗത്തി പറഞ്ഞു.

പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 75/2 എന്ന നിലയിലും സൂര്യകുമാര്‍ 13 പന്തിൽ 18 റൺസ് എന്ന നിലയിലും ആയിരുന്നു. എന്നാൽ താരം നേരിട്ട അവസാന 19 പന്തിൽ നിന്ന് സൂര്യകുമാര്‍ യാദവ് 61 റൺസാണ് നേടിയത്.

അവസാന ഓവറിൽ ടിം സൗത്തി ഹാട്രിക് നേടിയപ്പോള്‍ ഒരു പന്ത് പോലും സൂര്യകുമാര്‍ യാദവിന് ബാറ്റ് ചെയ്യുവാന്‍ അവസരം ലഭിച്ചില്ല. എന്നാലും ന്യൂസിലാണ്ടിന് കനത്ത പ്രഹരം ഏല്പിക്കുവാന്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സിന് സാധിച്ചിരുന്നു.