ഒരു ഷൂട്ടൗട്ട് അപാരത!! ലോക ചാമ്പ്യന്മാരായ അമേരിക്കയെ പുറത്താക്കി സ്വീഡൻ ക്വാർട്ടറിൽ

ലോകകപ്പ് പ്രീക്വാർട്ടറിൽ അവസാന രണ്ട് ലോകകപ്പ് കിരീടവും നേടിയ അമേരിക്കയെ തോൽപ്പിച്ച് സ്വീഡൻ ക്വാർട്ടർ ഫൈനലിൽ. നാടകീയമായ പെനാൾട്ടി ഷൂട്ടൗട്ടിന് ഒടുവിൽ 5-4ന്റെ വിജയമാണ് സ്വീഡൻ വിജയിച്ചത്. ആദ്യ 120 മിനുട്ടിൽ സ്വീഡിൻ കീപ്പർ ബൊസോവിച് നടത്തിയ പ്രകടനമാണ് സ്വീഡന് ഈ വലിയ വിജയം നൽകിയത്.

ഇന്ന് അമേരിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ എന്ന പോലെ അവരുടെ മുൻ ലോകകപ്പിലെ ആധിപത്യമുള്ള പ്രകടനം ഇന്നും ആവർത്തിക്കപ്പെട്ടില്ല. കൃതയമായ ഡിഫൻസീവ് ടാക്ടിക്സുനായി ഇറങ്ങി സ്വീഡൻ അമേരിക്കയെ ഗോളടിക്കുന്നതിൽ നിന്ന് തടഞ്ഞു. നിശ്ചിത സമയത്തും അതു കഴിഞ്ഞ് എക്സ്ട്രാ ടൈമിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല.

സ്വീഡൻ ഗോൾ കീപ്പർ മുസോവിചിന്റെ മികച്ച പ്രകടനം അമേരിക്ക ഗോൾ കണ്ടെത്താതിരിക്കാനുള്ള പ്രധാന കാരണമായി. മുസോവിച് 120 മിനുട്ടിൽ 11 സേവുകളാണ് നടത്തിയത്. മറുവശത്ത് സ്വീഡന് കളിയിൽ ആകെ ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ.

ഷൂട്ടൗട്ടിൽ സ്വീഡന്റെ രണ്ട് പെനാൾട്ടി നഷ്ടമായപ്പോൾ മറുവശത്ത് അമേരിക്കയുടെ രണ്ട് പെനാൾട്ടികളും പാഴായി. അഞ്ചു കിക്കുകൾ കഴിഞ്ഞപ്പോൾ സ്കോർ 3-3. തുടർന്ന കളി സഡൻ ഡെത്തിലേക്ക് നീങ്ങി. സഡൻ ഡത്തിലെ ആദ്യ കിക്ക് രണ്ട് ടീമും വലയിൽ എത്തിച്ചു. സ്കോർ 4-4. അമേരിക്കയുടെ ഏഴാം കിക്ക് എടുത്ത ഒഹാരക്ക് പിഴച്ചു. മറുവശത്ത് ഹർടിഗ് എടുത്ത് പെനാൾട്ടി അമേരിക്ക കീപ്പർ തടഞ്ഞു എങ്കിലും വാർ പരിശോധനയിൽ അത് ഗോൾ ആണെന്ന് തെളിഞ്ഞു. സ്വീഡൻ വിജയിച്ചു. ലോക ചാമ്പ്യന്മാർ പുറത്തേക്ക്. ജപ്പാനെയാകും ക്വാർട്ടറിൽ ഇനി സ്വീഡൻ നേരിടുക.

ഇംഗ്ലണ്ടിന് ആശ്വാസം, കെയ്‌റ വാൽഷ് പരിശീലനത്തിലേക്ക് മടങ്ങിയെത്തി

തിങ്കളാഴ്ച നടക്കുന്ന നൈജീരിയയ്‌ക്കെതിരായ വനിതാ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിന് മുമ്പ് ഇംഗ്ലണ്ടിന് ആശ്വാസ വാർത്ത. അവരുടെ മധ്യനിര താരം കെയ്‌റ വാൽഷ് പരിശീലനത്തിലേക്ക് മടങ്ങിയെത്തി. ഞായറാഴ്ച പരിശീലനത്തിൽ പങ്കെടുത്ത 23 കളിക്കാരിൽ വാൽഷും ഉണ്ടായിരുന്നു.

ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ രണ്ടാം മത്സരത്തിൽ പരിക്കേറ്റ താരം ഇനി ടൂർണമെന്റിൽ കളിക്കില്ല എന്നായിരുന്നു കരുതിയിരുന്നത്‌. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ചൈനയ്‌ക്കെതിരെ വാൽഷ് ഇറങ്ങിയിരുന്നില്ല. വാൽഷ് നാളെ മാച്ച് സ്ക്വാഡിന്റെ ഭാഗമാകുമോ എന്ന് വീഗ്‌മാൻ ഇന്ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ അപ്ഡേറ്റ് നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് നെതർലന്റ്സ് ലോകകപ്പ് ക്വാർട്ടറിൽ

ഫിഫ വനിതാ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് നെതർലന്റ്സ്. ഇന്ന് ദക്ഷിണാഫ്രിക്കക്ക് എതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് നെതർലൻഡ്‌സ് വിജയിച്ചത്. ദക്ഷിണാഫ്രിക്ക മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും ഡാഫ്‌നെ വാൻ ഡോംസെലാറിന്റെ മികച്ച ഗോൾ കീപ്പിംഗ് പ്രകടനം നെതർലന്റ്സിന്റെ വിജയം ഉറപ്പിച്ചു.

മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ സൈനിംഗായ ജിൽ റൂഡ് ആണ് ഒമ്പതാം മിനിറ്റിൽ ഡച്ചുകാരെ മുന്നിൽ എത്തിച്ചത്‌. രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കൻ കീപ്പർ കെയ്‌ലിൻ സ്വാർട്ടിന്റെ പിഴവിൽ നിന്ന് ലിനെത്ത് ബീറൻസ്റ്റൈൻ നെതർലന്റ്സിന്റെ ലീഡ് ഇരട്ടിയാക്കി. ഈ ഗോൾ അവരുടെ വിജയവും ഉറപ്പിച്ചു.

ഇന്ന് മഞ്ഞക്കാർഡ് വാങ്ങിയ മധ്യനിര താരം ഡാനിയേൽ വാൻ ഡി ഡോങ്കിന് ക്വാർട്ടർ ഫൈനൽ നഷ്ടമാകും. ഇനി ക്വാർട്ടർ ഫൈനലിൽ അടുത്ത വെള്ളിയാഴ്ച സ്പെയിനിനെ ആകും നെതർലന്റ്സ് നേരിടുക.

ജപ്പാൻ കുതിക്കുന്നു!! നോർവേയെ പുറത്താക്കി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

വനിതാ ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് നടന്ന മത്സരത്തിൽ ജപ്പാന് വിജയം. ഇന്ന് നോർവേയെ തോൽപ്പിച്ച് കൊണ്ട് ജപ്പാൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു ജപ്പാന്റെ വിജയം. ഇന്ന് പതിനഞ്ചാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ജപ്പാൻ ലീഡ് എടുത്തു. ഇതിന് 20ആം മിനുട്ടിൽ ഗുറേ രെറ്റനിലൂറെ നോർവേ മറുപടി നൽകി. സ്കോർ ആദ്യ പകുതിയുടെ അവസാനം വരെ 1-1 എന്ന് തുടർന്നു.

രണ്ടാം പകുതിയിൽ 50ആം മിനുട്ടിൽ നോർവേ താരത്തിന്റെ പിഴവ് മുതലെടുത്ത് റിസ ഷിമിസു ജപ്പാനെ വീണ്ടും ലീഡിൽ എത്തിച്ചു. നോർവേ സമനില കണ്ടെത്താനായി പരിശ്രമിക്കവെ ഒരു കൗണ്ടർ അറ്റാക്കിലൂടെ 81ആം മിനുട്ടിൽ ജപ്പാൻ തങ്ങളുടെ മൂന്നാം ഗോൾ കണ്ടെത്തി. ഹിനാറ്റ മിയസവ ആയിരുന്നു സ്കോറർ. മിയസവയുടെ ഈ ടൂർണമെന്റിലെ അഞ്ചാം ഗോളാണിത്. ഈ ഗോൾ അവരുടെ വിജയവും ഉറപ്പിച്ചു.

സ്വീഡനും അമേരിക്കയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ജപ്പാൻ ഇനി ക്വാർട്ടർ ഫൈനലിൽ നേരിടുക.

സ്വിറ്റ്സർലാന്റിന്റെ വലനിറച്ച് സ്പെയിൻ ലോകകപ്പ് ക്വാർട്ടറിൽ

വനിതാ ഫുട്ബോൾ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ ഫൈനൽ സ്പെയിൻ വിജയിച്ചു. ഇന്ന് സ്വിറ്റ്സർലാന്റിനെ നേരിട്ട സ്പെയിൻ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഫിനിഷിംഗിലെ പോരായ്മകൾ ആയിരുന്നു സ്പെയിനിനെ അലട്ടിയിരുന്നത്. ആ വിമർശനങ്ങൾക്ക് അവസാനമിടുന്ന പ്രകടനമാണ് ഇന്ന് സ്പാനിഷ് മുന്നേറ്റ നിര നടത്തിയത്. ഇരട്ട ഗോളും ഇരട്ട അസിസ്റ്റുമായി ബാഴ്സലോണ താരം ഐറ്റാന ബൊന്മാറ്റി ഇന്ന് മികച്ചു നിന്നു.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ഐറ്റാനയിലൂടെ സ്പെയിൻ ലീഡ് നേടി. ഒരു സെൽഫ് ഗോളിലൂടെ 11ആം മിനുട്ടിൽ സ്വിറ്റ്സർലാന്റ് ആ ഗോൾ മടക്കിയപ്പോൾ ഒപ്പത്തിനൊപ്പം ഉള്ള ഒരു പോരാട്ടമാണ് പ്രതീക്ഷിച്ചത്. എന്നാൽ പിന്നീട് കണ്ടത് സ്പെയിനിന്റെ ആധിപത്യമായിരുന്നു.

17ആം മിനുട്ടിൽ ഐറ്റാൻ ബൊന്മാറ്റിയുടെ പാസിൽ നിന്ന് റെദോന്തോ ഫെറർ സ്പെയിനിന് ലീഡ് തിരികെ നൽകി. 36ആം മിനുട്ടിൽ ഐറ്റാന തന്റെ രണ്ടാം ഗോൾ കണ്ടെത്തി‌. ആദ്യ പകുതി അവസാനിക്കും മുമ്പ് കൊദീന പനെദസും സ്പെയിനിനായി ഗോൾ നേടി‌. സ്കോർ 4-1.

രണ്ടാം പകുതിയിൽ ഹെർമോസോ കൂടെ ഗോൾ നേടിയതോടെ സ്പെയിൻ വിജയം ഉറപ്പിച്ചു. ഈ ഗോളും ഒരുക്കിയത് ഐറ്റാന ആയിരുന്നു. ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാ‌ൻ പോലും ഇന്ന് സ്വിറ്റ്സർലാന്റിനായില്ല. സ്പെയിൻ ഇതാദ്യമായാണ് വനിതാ ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത്. നെതർലന്റ്സും

കളം നിറഞ്ഞ് ലോറൻ ജെയിംസ്; ഗോൾ മേളത്തോടെ ഇംഗ്ലണ്ട് പ്രീ ക്വർട്ടറിലേക്ക്, പതിറ്റാണ്ടുകൾക്ക് ശേഷം ഡെന്മാർക്കും

അഞ്ച് താരങ്ങൾ ഇംഗ്ലീഷ് ടീമിന് വേണ്ടി വല കുലുക്കിയ മത്സരത്തിൽ ചൈനക്ക് ലോകകപ്പിൽ നേരിടേണ്ടി വന്നത് ഒന്നിനെതിരെ ആറു ഗോളുകളുടെ വമ്പൻ തോൽവി. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഇംഗ്ലണ്ട് അടുത്ത റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹെയ്തിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഡെന്മാർക്കും നോക് ഔട്ട് പോരാട്ടങ്ങൾക്ക് പേരു കുറിച്ചു. ചൈന ആദ്യമായാണ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുന്നത് എന്നതും ചരിത്രമായി. ഇരട്ട ഗോളും അസിസ്റ്റുകളുമായി ലോറൻ ജെയിംസ് ആണ് ഇംഗ്ലീഷ് ടീമിന് തിളങ്ങിയത്. ഇംഗ്ലണ്ടിന് നൈജീരിയ ആണ് അടുത്ത റൗണ്ടിൽ എതിരാളികൾ. ഡെന്മാർക്കിന് ഓസ്‌ട്രേലിയയും.

പ്രീ ക്വർട്ടർ ഉറപ്പിക്കാൻ ജയം തന്നെ ലക്ഷ്യം വെച്ചിറങ്ങിയ ചൈനക്ക് മുകളിൽ നാലാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ടിന്റെ പ്രഹരം എത്തി. ലോറൻ ജയിംസിന്റെ അസിസ്റ്റിൽ നിന്നും അലെസ്യാ റൂസ്സോ വല കുലുക്കുമ്പോൾ മത്സരം നാല് മിനിറ്റ് തികഞ്ഞിട്ടെ ഉണ്ടായിരുന്നുള്ളൂ. 26ആം മിനിറ്റിൽ ഒരിക്കൽ കൂടി ലോറൻ ജെയിംസ് എതിർ പ്രതിരോധത്തെ കീറി മുറിച്ചു നൽകിയ പാസ് ലോറൻ ഹേംപ് വലയിൽ എത്തിച്ചു. നാല്പത്തിയാറാം മിനിറ്റിൽ വലത് വിങ്ങിൽ നിന്നും എത്തിയ നിലം പറ്റെയുള്ള ഫ്രീകിക്ക് ബോക്സിന് പുറത്തു നിന്നും നേരെ വലയിലേക്ക് തിരിച്ചു വിട്ട് ലോറൻ ജെയിംസ് തന്നെ സ്കോറിങ് ബോർഡിൽ ഇടം പിടിച്ചു. 57ആം മിനിറ്റിൽ വാങ് ഷുവാങ് പെനാൽറ്റിയിലൂടെ ചൈനയുടെ ഗോൾ കണ്ടെത്തി. 65ആം മിനിറ്റിൽ ജെസ് കാർട്ടരുടെ മനോഹരമായ ഒരു ക്രോസ് നേരെ വലയിൽ എത്തിച്ച് ലോറൻ ജെയിംസ് വീണ്ടും വല കുലുക്കി. 77ആം മിനിറ്റിൽ ചൈനീസ് കീപ്പർ സ്ഥാനം തെറ്റി നിന്നപ്പോൾ കെല്ലി ഇംഗ്ലണ്ടിന്റെ അടുത്ത ഗോൾ നേടി. 84ആം മിനിറ്റിൽ ഒരു വോളിയിലൂടെ റേച്ചൽ ഡാലി പട്ടിക തികച്ചു. ഗോൾ നേട്ടത്തിന് പുറമെ മിക്ക ഗോളുകൾക്കും ചരട് വലിച്ച ലോറൻ ജെയിംസ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.

’95 ന് ശേഷം ആദ്യമായി നോക് ഔട്ട് റൗണ്ടിലേക്ക് കടക്കാൻ ലക്ഷ്യം വെച്ചിറങ്ങിയ ഡെന്മാർക്കിനും ഹെയ്തിക്കെതിരെ ജയം നേടാൻ ആയി. 21 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ പെനില്ലേ ഹാഡർ ആണ് ടീമിന് ലീഡ് സമ്മാനിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെ എന്ന പോലെ തന്നെ ഹെയ്തിക്ക് ഇന്നും വല കുലുക്കാൻ ആയതും ഇല്ല. സബ്സ്റ്റിട്യൂട് ആയി എത്തിയ ട്രോയെൽസ്ഗാർഡ് ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റിൽ ഗോൾ കണ്ടെത്തി ഡെന്മാർക്കിന്റെ വിജയം ഉറപ്പിച്ചു. ചൈനയുടെ വമ്പൻ തോൽവി കൂടി ആയപ്പോൾ ഡെന്മാർക്ക് അടുത്ത ഘട്ടത്തിലേക്ക് കയറുകയും ചെയ്തു.

അമേരിക്കയെ സമനിലയിൽ തളച്ച് പോർച്ചുഗൽ, സെവനപ്പുമായി ഹോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാർ

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ഇയിൽ നെതർലന്റ്സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിയറ്റ്നാമിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് നെതർലന്റ്സ് തോല്പ്പിച്ചത്‌. ആദ്യ 45 മിനുട്ടിൽ തന്നെ അവർ അഞ്ചു ഗോളുകൾക്ക് മുന്നിലായിരുന്നു. ജിൽ റൂഡും വിർജിനിയ ബ്രുറ്റ്സും ഇരട്ട ഗോളുകൾ നേടിയപ്പോൾ ലൈക മർടെൻസ്, സ്നൊയെസ്, വാൻ ഡി ഡോങ്ക് എന്നിവർ ഒരോ ഗോൾ വീതവും നേടി.

നെതർലന്റ്സ് 7 പോയിന്റുമായി ഒന്നാമത് ഫിനിഷ് ചെയ്തു. പോയിന്റ് ഒന്നും നേടാതെ വിയറ്റ്നാം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അമേരിക്കയെ പോർച്ചുഗൽ സമനിലയിൽ പിടിച്ചു. കളി ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്.

ജയിച്ചില്ല എങ്കിലും അഞ്ചു പോയിന്റുമായി അമേരിക്ക രണ്ടാം സ്ഥാനവും പ്രീക്വാർട്ടറും ഉറപ്പിച്ചു. നാലു പോയിന്റുമായി പോർച്ചുഗൽ തലയുയർത്തി തന്നെ ടൂർണമെന്റിൽ നിന്ന് മടങ്ങും.

ആതിഥേയരോട് തോറ്റ് കാനഡ പുറത്ത്, ഓസ്ട്രേലിയയും നൈജീരിയയും പ്രീക്വാർട്ടറിൽ

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഓസ്ട്രേലിയ പ്രീക്വാർട്ടർ ഉറപ്പിച്ചു‌. ഇന്ന് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ കാനഡയെ നേരിട്ട ഓസ്ട്രേലിയ എതിരില്ലാത്ത നാലു ഗോൾകൾക്ക് വിജയിച്ചു. നിറഞ്ഞ ഗ്യാലറിക്കു മുന്നിൽ അവരുടെ സൂപ്പർ സ്റ്റാർ സാം കെർ ആദ്യ ഇലവനിൽ ഇല്ലാതെ തന്നെ ഓസ്ട്രേലിയക്ക് വിജയം ഉറപ്പിക്കാൻ ആയി.

ആദ്യ പകുതിയിൽ ഹെയ്ലി റാസോ നേടിയ ഇരട്ട ഗോളുകൾ ഓസ്ട്രേലിയയെ ശക്തമായ നിലയിൽ എത്തിച്ചു. 9ആം മിനുട്ടിലും 39ആം മിനുട്ടിലും ആയിരുന്നു റാസോയുടെ ഗോളുകൾ. താരം ഒരു തവണ കൂടെ ആദ്യ പകുതിയിൽ വല കുലുക്കിയിരുന്നു എങ്കിലും വാർ ആ ഗോൾ നിഷേധിച്ചത് കൊണ്ട് ഹാട്രിക്ക് നഷ്ടമായി.

രണ്ടാം പകുതിയിൽ മേരി ഫൗളർ കൂടെ ഗോൾ നേടിയതോടെ ഓസ്ട്രേലിയയുടെ ലീഡ് 3 ആയി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ പെനാൾട്ടിയിൽ നിന്ന് സ്റ്റീഫ് കട്ലി കൂടെ നേടി വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ ഓസ്ട്രേലിയ 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നൈജീരിയ 5 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഈ രണ്ട് ടീമും പ്രീക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ കാനഡ 4 പോയിന്റു മാത്രം നേടി ടൂർണമെന്റിൽ നിന്ന് പുറത്തായി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നൈജീരിയ ഇന്ന് അയർലണ്ടിനെ സമനിലയിൽ പിടിച്ചിരുന്നു‌.

ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി സാംബിയ മടങ്ങി

വനിതാ ഫുട്ബോൾ ലോകകപ്പിൽ അഭിമാനകരമായ വിജയം നേടിക്കൊണ്ട് സാംബിയ മടങ്ങി. ഇന്ന് കോസ്റ്റാറിക്കയെ നേരിട്ട സാംബിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. സാംബിയയുടെ ലോകകപ്പിലെ ആദ്യ വിജയവും ആദ്യ ഗോളും ഇന്ന് പിറന്നു. മൂന്നാം മിനുട്ടിൽ ലുഷോമ എംവീബയിലൂടെ സാംബിയ തങ്ങളുടെ ആദ്യ ഗോൾ നേടി.

31ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ബാർബര ബാന്ദ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ മെലേസ ഹെരേര ഒരു ഗോൾ മടക്കി കോസ്റ്റാറിക്കയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 93ആം മിനുട്ടിൽ റേചൽ സാംബിയയുടെ മൂന്നാം ഗോൾ നേടിക്കൊണ്ട് വിജയം ഉറപ്പിച്ചു.

3 പോയിന്റുമായി സാംബിയ ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്തു. കോസ്റ്റാറിക്ക അവസാന സ്ഥാനത്തും ഫിനിഷ് ചെയ്തു.

ജപ്പാന്റെ ഏഷ്യൻ കരുത്തിന് മുന്നിൽ സ്പെയിൻ ഇല്ലാതായി!! നാലു ഗോളിന്റെ പരാജയം

വനിതാ ഫുട്ബോൾ ലോകകപ്പിൽ കരുത്തരായ ജപ്പാനെ തകർത്തെറിഞ്ഞ് ജപ്പാൻ. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജപ്പാൻ സ്പെയിനിനെ എതിരില്ലാത്ത് നാലു ഗോളുകൾക്ക് ആണ് പരാജയപ്പെടുത്തിയത്‌. ഈ വിജയം ജപ്പാനെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കി മാറ്റി. കൗണ്ടർ അറ്റാക്കുകളിലൂടെയും കിട്ടിയ അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചും സ്പെയിനിനെ ജപ്പാൻ ഇന്ന് വട്ടം കറക്കി.

12ആം മിനുട്ടിൽ ഹിനറ്റ മിയസവ ജപ്പാന് ലീഡ് നൽകി. ജപ്പാന്റെ ടാർഗറ്റിലേക്കുള്ള ആദ്യ ഷോട്ടായിരുന്നു ഇത്. പിന്നാലെ 29ആം മിനുട്ടിൽ റികൊ ഉയേകി ലീഡ് ഇരട്ടിയാക്കി. മിയസവയുടെ അസിസ്റ്റിൽ നിന്നാണ് ഉയേകിയുടെ മനോഹരമായ ഫിനിഷ്.

ആദ്യ പകുതി അവസാനിക്കും മുമ്പ് മിയസവ വീണ്ടും ജപ്പാനായി വല കണ്ടെത്തി. സ്പെയിനിന്റെ ഒരു മിസ് പാസ് കൈക്കലാക്കി തുടങ്ങിയ അറ്റാക്കിന് ഒടുവിലായിരുന്നു ഈ ഗോൾ. ആദ്യ പകുതിയിൽ തന്നെ ജപ്പാൻ 3 ഗോളിന് മുന്നിൽ. ആദ്യ പകുതിയിൽ ജപ്പാന്റെ ടാർഗറ്റിലേക്കുള്ള മൂന്ന് ഷോട്ടുകളും ഇത് മാത്രമായിരുന്നു. അത്ര ക്ലിനിക്കൽ ആയിരുന്നു അവരുടെ പ്രകടനം.

രണ്ടാം പകുതിയിലും ജപ്പാൻ തന്നെ മികച്ചു നിന്നു. മത്സരത്തിന്റെ 82ആം മിനുട്ടിൽ സബ്ബായി എത്തിയ മിന തനാക ഒരു നല്ല സോളോ റണ്ണിന് ഒടുവിൽ തന്റെ ഇടം കാലു കൊണ്ട് പന്ത് വലയിൽ എത്തിച്ചു‌ സ്കോർ 4-0. സ്പെയിൻ തീർത്തും പരാജയം സമ്മതിച്ച നിമിഷം.

ഈ വിജയത്തോടെ 9 പോയിന്റുമായി ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 6 പോയിന്റുമായി സ്പെയിൻ രണ്ടാം സ്ഥാനം ഉറപ്പിച്ചു‌. ഇരുവരും ഈ മത്സരത്തിനു മുമ്പ് തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു.

നോർവേയും സ്വിറ്റ്സർലാന്റും പ്രീക്വാർട്ടറിൽ, ആതിഥേയരായ ന്യൂസിലൻഡ് പുറത്ത്

വനിതാ ഫുട്ബോൾ ലോകകപ്പിൽ നിന്ന് ആതിഥേയരായ ന്യൂസിലൻഡ് പുറത്തായി. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ന്യൂസിലൻഡ് സ്വിറ്റ്സർലാന്റിനോട് സമനില വഴങ്ങിയിരുന്നു. ഇതാണ് അവരുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അവസാനിക്കാൻ കാരണമായത്. ഗോൾരഹിത സമനിലയിലാണ് കളി അവസാനിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു സമനിലയും ഒരു വിജയവും ആയതോടെ ന്യൂസിലൻഡ് 4 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

അഞ്ചു പോയിന്റുള്ള സ്വിറ്റ്സർലാന്റ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് ഫിലിപ്പീൻസിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തോൽപ്പിച്ച നോർവേ 4 പോയിന്റും മെച്ചപ്പെട്ട ഗോൾ ഡിഫറൻസുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചു.

നോർവേക്ക് വേണ്ടി ഇന്ന് സോഫി റോമൻ ഹോഗ് ഹാട്രിക്ക് നേടി. 6, 17, 95 മിനുട്ടുകളിൽ ആയിരുന്നു സോഫി ഹോഗിന്റെ ഗോളുകൾ. ഗ്രഹാം ഹാൻസെൻ, ഗുറോ റെറ്റൻ എന്നിവരും ഇന്ന് നോർവേക്ക് ആയി ഗോൾ നേടി.

ചരിത്രം കുറിച്ച് മൊറോക്കോ!! വനിതാ ലോകകപ്പിൽ ആദ്യ വിജയം

വനിതാ ഫുട്ബോൾ ലോകകപ്പിൽ മൊറോക്കോ ചരിത്രം കുറിച്ചു. അവർ ഇന്ന് ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം. ഈ വിജയവും ഇന്നത്തെ ഗോളും മൊറോക്കോയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളും വിജയവും ആയിരുന്നു. മൊറോക്കോ ഈ വിജയത്തോടെ പ്രീക്വാർട്ടർ പ്രതീക്ഷകളും സജീവമാക്കി.

ഇന്ന് മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ ഇബ്തിസാം റൈദി ആണ് മൊറോക്കക്ക് ലീഡ് നേടിയത്. മൊറോക്കോ ഒരിക്കലും മറക്കാത്ത ഗോളായിരിക്കും ഇത്. കൊറിയക്ക് ഇന്ന് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയില്ല. പന്ത് കൈവശം വെച്ചെങ്കിലും കൃത്യമായ അവസരങ്ങൾ അവർ സൃഷ്ടിച്ചില്ല.

മൊറോക്കോ ആദ്യ മത്സരത്തിൽ ജർമ്മനിയോട് പരാജയപ്പെട്ടിരുന്നു. അവർ അവസാന മത്സരത്തിൽ ഇനി കൊളംബിയയെ നേരിടും. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കൊറിയ ഇതോടെ ലോകകപ്പിൽ നിന്ന് പുറത്തായി.

Exit mobile version