വംശീയതയ്ക്കും താലിബാൻ വിളികൾക്കും ഒറ്റക്കെട്ടായി മറുപടി പറഞ്ഞ സ്വീഡിഷ് ടീം മാതൃക

ജിമ്മി ഡർമാസ് എന്ന താരം ചെയ്ത ഒരു ഫൗളിന് കേൾക്കേണ്ടി വന്ന വംശീയാധിക്ഷേപത്തിന് കണക്കില്ലായിരുന്നു. ജർമ്മനിക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ അവസാന നിമിഷങ്ങളിൽ സബ്സ്റ്റിട്യൂട്ടായി എത്തിയ ഡർമാസിന്റെ 94ആം മിനുട്ടിലെ ഫൗളായിരുന്നു ക്രൂസിന്റെ ആ അത്ഭുത ഫ്രീകിക്കിന് കാരണമായത്. ആ ഗോൾ സ്വീഡനെ തോൽപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഡർമാസിനെതിരെ ഒരു കൂട്ടം സ്വീഡിഷ് ആരാധകർ തിരിഞ്ഞത്.

തുർക്കിയിൽ നിന്ന് സ്വീഡനിൽ എത്തിയതാണ് ഡർമാസിന്റെ കുടുംബം. അതുകൊണ്ട് തന്നെ താരത്തെ ‘അറബ് ഭൂതം’ എന്നും ‘താലിബാൻ തീവ്രവാദി’ എന്നൊക്കെയുമാണ് സ്വീഡിഷ് ആരാധകർ വിളിച്ചത്. കൂടുതൽ അധിക്ഷേപവും സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരുന്നു. ഇതിനെതിരെ സ്വീഡൻ പ്രതികരിച്ച വിധമായിരുന്നു മാതൃകയായത്.

സ്വീഡന്റെ ട്രെയിനിങിനിടെ ഡർമാസ് ഒരു കുറിപ്പ് വായിക്കുകയായിരുന്നു. തന്റെ പ്രകടത്തിനെ വിമർശിക്കാമെന്നും പക്ഷെ അതിനൊരു അതിരുണ്ടെന്നും ആ അതിർ താണ്ടരുതെന്നും താരം ആരാധകരോടായി പറഞ്ഞു. അതിന് ശേഷം സ്വീഡിഷ് പരിശീലകരും താരങ്ങളും ഒരേ സ്വരത്തിൽ വംശീയതയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സ്വീഡന്റെ വംശീയതക്കെതിരായ ഈ പ്രതികരണമാണ് സ്വീഡന്റെ ശരിക്കുമുള്ള മുഖമെന്നും വംശീയാധിക്ഷേപം ചെയ്തവർ ഒറ്റപ്പെട്ടവരാണെന്നും സ്വീഡൻ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫാഗ്നറെ ലക്ഷ്യമിടാനൊരുങ്ങി ബെൽജിയൻ ആക്രമണ നിര, സൂചന നൽകി ലുകാകു

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടാൻ ഒരുങ്ങുന്ന ബെൽജിയൻ ആക്രമണ നിര ബ്രസീൽ പ്രതിരോധ നിരയിലെ ദൗർബല്യങ്ങൾ മുതലാക്കാൻ ഒരുങ്ങുന്നു. ബ്രസീലിന്റെ റൈറ്റ് ബാക്ക് ഫാഗ്നറിന്റെ പരിചയകുറവ് ബെൽജിയം മുതലാക്കാൻ ഒരുങ്ങുന്നതായി ബെൽജിയൻ സ്ട്രൈക്കർ ലുകാകു സൂചന നൽകി.

ബ്രസീൽ നിരയിൽ അനുഭവ സമ്പത്തുള്ള 3 പേർ ഉണ്ടെന്നും എന്നാൽ പ്രതിരോധത്തിൽ ബ്രസീലിനെ വീഴ്ത്താൻ പറ്റുമെന്നാണ് ലുകാകു പറഞ്ഞത്. ഇത് ബ്രസീൽ നിരയിൽ അനുഭവ സമ്പത്ത് കുറഞ്ഞ ഫാഗ്നറിനെ ലക്ഷ്യമിട്ടാണ്. കൊറിന്ത്യൻസ് താരമായ ഫാഗ്നർ 29 വയസുകാരൻ ആണെങ്കിലും ദേശീയ ടീമിൽ ഇടം നേടിയത് 2016 ൽ മാത്രമാണ്. ഡാനി ആൽവസിന് പരിക്ക് പറ്റിയതോടെയാണ് ലോകകപ്പ് ടീമിൽ ഇടം നേടിയത്.

ഡാനിലോ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും ബെൽജിയത്തിന് എതിരെ ഫാഗ്നർ തന്നെ കളിക്കാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെൽജിയം ബ്രസീലിനെ പേടിയില്ല എന്ന് അഭിനയിക്കുകയാണെന്ന് മിറാൻഡ

ബെൽജിയം ബ്രസീലിനെ പേടി ഇല്ല എന്ന് നടിക്കുകയാണെന്ന് ബ്രസീൽ ഡിഫൻഡർ മിറാൻഡ. നേരത്തെ ബ്രസീലിനെതിരെ കളിക്കേണ്ടത് ഓർത്ത് ബെൽജിയം താരങ്ങൾ ഉറക്കമില്ലാതെ നടക്കുകയല്ല എന്ന് ബെൽജിയത്തിന്റെ ക്യാപ്റ്റൻ കമ്പനി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മിറാൻഡ പ്രതികരിച്ചത്.

‘ബെൽജിയവും ബെൽജിയം താരങ്ങളും പേടിയില്ലാത്തതു പോലെ അഭിനയിക്കുകയാണ്. ബ്രസീലിനെതിരെയാണ് കളിക്കുന്നത് എന്നതു കൊണ്ട് അവർക്ക് ഒരുങ്ങേണ്ടതുണ്ട്. അതിന്റെ ഭാഗമാണ് ഈ പേടി മറച്ചു പിടിക്കലും” – മിറാൻഡ പറഞ്ഞു. കമ്പനി ടീമിലെ ഏറ്റവും പരിചസമ്പത്തുള്ള താരമാണ്. അതുകൊണ്ട് അദ്ദേഹത്തിന് താരങ്ങൾക്ക് ആത്മവിശ്വാസം നൽകേണ്ടതുണ്ട് എന്നും മിറാൻഡ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രസീലിന് തിരിച്ചടി, ഡിഫൻഡർ ഇനി ഈ ലോകകപ്പിൽ കളിക്കില്ല

ബ്രസീൽ ക്യാമ്പിൽ നിന്ന് ബ്രസീൽ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് വരുന്നത്. മാഞ്ചസ്റ്റർ സിറ്റി താരമായ റൈറ്റ് ബാക്ക് ഡാനിലോ ഇനി ഈ ലോകകപ്പിൽ കളിക്കില്ല എന്ന് ബ്രസീൽ ഔദ്യോദികമായി സ്ഥിതീകരിച്ചു. താരം പരിക്ക് ഭേദമായി തിരിച്ചെത്തിയിരിക്കുകയാണെന്ന് സൂചന നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇടതു കാലിനേറ്റ പരിക്ക് സാരമുള്ളതാണെന്നും അതുകൊണ്ട് താരത്തിന് ഈ ലോകകപ്പിൽ ഇനി കളിക്കാൻ ആകില്ല എന്നും ബ്രസീൽ സ്ഥിതീകരിച്ചു.

ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റ ഡാനിലോ കോസ്റ്ററിക്കയ്ക്കെതിരെയും സെർബിയക്കെതിരെയും പ്രീക്വാർട്ടറിൽ മെക്സിക്കോയ്ക്ക് എതിരെയും ഡാനിലോ കളിച്ചിരുന്നില്ല. പകരം ഫാഗ്നർ ആയിരുന്നു റൈറ്റ് ബാക്കായി കളിച്ചത്. കൊറിയന്തസിന്റെ താരമാണ് ഫാഗ്നർ തന്നെ ആയിരിക്കും ബെല്‍ജിയത്തിന് എതിരെ ആദ്യ ഇലവനിൽ ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാപ്പ് പറഞ്ഞ് തടിയൂരി മറഡോണ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രീ ക്വാർട്ടർ ജയത്തിന് ശേഷം നടത്തിയ പരാമർശങ്ങൾക്ക് മാപ്പ് പറഞ്ഞ് ഫുട്ബോൾ ഇതിഹാസം മറഡോണ. ഇംഗ്ലണ്ടിന്റെ വിജയം ആധാർമികം എന്ന് വിശേഷിപ്പിച്ച മറഡോണ മത്സരം നിയന്ത്രിച്ച റഫറിമാരുടെ പ്രകടനം മോശമാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു.

മത്സര ശേഷം നടത്തിയ അഭിപ്രായങ്ങൾ വികാര തള്ളിച്ചയിൽ പറഞ്ഞതാണെന്നും ഇതിന് ഫിഫയോടും മത്സരം നിയന്ത്രിച്ച റഫറിമാരോടും മാപ്പ് ചോദിക്കുന്നതായും മറഡോണ പറഞ്ഞു. മറഡോണയുടെ പരാമർശങ്ങൾ തള്ളി നേരത്തെ ഫിഫ തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു.

ഈ ലോകകപ്പ് തുടക്കം മുതൽ മറഡോണ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. നൈജീരിയക്ക് എതിരെ അർജന്റീന വിജയ ഗോൾ നേടിയപ്പോൾ മറഡോണയുടെ അതിര് വിട്ട ആഘോഷം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ടിന് ഇത്തവണ ലോകകപ്പ് നേടാനുള്ള സുവർണാവസരം – അലൻ ഷിയറർ

ഇംഗ്ലണ്ടിന് ഇത്തവണ ലോകകിരീടം നേടാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് മുൻ ഇംഗ്ലണ്ട് ഇതിഹാസ താരമായ അലൻ ഷിയറർ. എന്നാൽ ഇംഗ്ലണ്ട് പരിപൂർണ്ണമായ ടീമല്ല എന്നും മുൻ ഗോൾവേട്ടക്കാരൻ അഭിപ്രായപ്പെട്ടു. പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളംബിയയെ ഷൂട്ടൗട്ട് വഴി തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ എത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടുന്നത്.

1990, 1998 , 2006 എന്നീ ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെ പുറത്തേക്ക് നയിച്ചത് പെനാൽറ്റി കിക്ക് എടുക്കുന്നതിലുള്ള കഴിവ് കേടിനാലായിരുന്നു. എന്നാൽ ഇത്തവണ ആദ്യമായി ആ കടമ്പ പിന്നിട്ട ത്രീ ലയൺസ് ക്വാർട്ടറിൽ പ്രവേശിച്ചു കഴിഞ്ഞു. ക്വാർട്ടറിൽ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
എന്നും നിർഭാഗ്യങ്ങൾ പിന്തുടർന്നിരുന്ന ഇംഗ്ലണ്ടിന് ഇത്തവണ ഭാഗ്യങ്ങളുടെ പെരുമഴക്കാലമാണ്. ഫൈനൽ വരെ എത്താൻ കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും ഇംഗ്ലണ്ടിനില്ല . ക്വാർട്ടറിൽ സ്വീഡനെ തോൽപ്പിച്ചാൽ സെമിയിൽ റഷ്യയോ ക്രൊയേഷ്യയോയാണ് എതിരാളികളായി വരിക.

ശക്തരായ ടീമുകളിൽ ഫ്രാൻസും ബ്രസീലും മാത്രമാണ് ഇനി എട്ട് ടീമുകളിൽ അവശേഷിക്കുന്നത്. അവരിൽ ഒരാളെ മാത്രമേ ഇംഗ്ലണ്ടിന് നേരിടേണ്ടി വരികയുള്ളൂ. അതും ഫൈനലിൽ. ഇതെല്ലാം കണ്ടിട്ടു കൂടിയാകാം മുൻ ക്യാപ്റ്റൻ ഷിയറർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതിയ കരാറില്ല, ഓസ്കാർ റാമിറസ് കോസ്റ്റാറിക്ക പരിശീലക സ്ഥാനം ഒഴിഞ്ഞു

ലോകകപ്പിൽ കോസ്റ്ററിക്കയുടെ പരിശീലകൻ ആയിരുന്ന ഓസ്കാർ റാമിറസിന് പുതിയ കരാർ നൽകേണ്ടതില്ലെന്ന് കോസ്റ്റാറിക്ക ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനമാണ് റാമിറസിനു പുതിയ കരാർ നൽകേണ്ടതില്ലെന്ന് തീരുമാനിക്കാൻ കാരണം. 2015 മുതൽ കോസ്റ്റാറിക്കയുടെ പരിശീലകനായിരുന്നു റാമിറസ്.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും ജയിക്കാതെയാണ് കോസ്റ്റാറിക്ക ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളിൽ ബ്രസീലിനോടും സെർബിയയോടും തോറ്റ കോസ്റ്റാറിക്ക അവസാന ലീഗ് മത്സരത്തിൽ സ്വിറ്റ്സർലാൻഡിനോട് സമനിലയിൽ ആവുകയും ചെയ്തിരുന്നു. 2014ലെ ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി ക്വാർട്ടർ ഫൈനലിൽ എത്തിയ കോസ്റ്റാറിക്കക്ക് ഈ വർഷത്തെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല.

ഓസ്കാർ റാമിറസിന്റെ പിൻഗാമിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കോസ്റ്റാറിക്ക ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് റോഡോൾഫോ വിയ്യലോബോസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കഠിനമായ ഫൗളുകളിൽ നിന്ന് നെയ്മറെ സംരക്ഷിക്കണെമെന്ന് റൊണാൾഡോ

ബ്രസീൽ താരം നെയ്മറിനെതിരെയുള്ള കഠിനമായ ഫൗളുകളിൽ നിന്ന് താരത്തെ സംരക്ഷിക്കണമെന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ. ഫൗളിന് ശേഷം നെയ്മർ നാടകീയമായി ഗ്രൗണ്ടിൽ അഭിനയിക്കുന്നു എന്ന വിമർശനത്തിന് പിന്നാലെയാണ് നെയ്മറിന് പിന്തുണയുമായി ബ്രസീൽ ഇതിഹാസം എത്തിയത്. നെയ്മറിനെതിരെയുള്ള ഇത്തരം ആരോപണങ്ങൾ അസംബന്ധം ആണെന്നും റൊണാൾഡോ പറഞ്ഞു.

നെയ്മർ മികച്ച കഴിവുള്ള താരമാണെന്നും അതുകൊണ്ടു തന്നെ താരത്തെ സംരക്ഷിക്കണമെന്നുമാണ് റൊണാൾഡോ ആവശ്യപ്പെട്ടത്. താൻ കളിക്കാരൻ ആയിരുന്ന സമയത്തും ഇതുപോലെയുള്ള കഠിനമായ ഫൗളുകൾക്ക് വിധേയനായിട്ടുണ്ടെന്നും റൊണാൾഡോ പറഞ്ഞു. ബ്രസീലിനു വേണ്ടി നെയ്മർ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും താരം പറഞ്ഞു.

റൊണാൾഡോയും മെസ്സിയും അടക്കി വാഴുന്ന ലോകത്ത് നെയ്മറിന് അവരെ മറികടക്കാനാവുമോ എന്ന ചോദ്യത്തിന് ലോകകപ്പ് നേടിയാൽ നെയ്മറിന് അവരുടെ അടുത്ത് എത്താനാവുമെന്ന് റൊണാൾഡോ മറുപടി പറഞ്ഞു. ബ്രസീൽ ലോകകപ്പ് വിജയിക്കുയാണെങ്കിൽ നെയ്മർ റൊണാൾഡോ – മെസ്സി ആധിപത്യം അവസാനിപ്പിക്കുമെന്നും മുൻ ലോകകപ്പ് ജേതാവ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“വിമർശനങ്ങൾ കേൾക്കണ്ട, തനിക്ക് തോന്നുന്നത് ചെയ്യുക” നെയ്മറിനോട് റിവാൾഡോ

വിമർശനങ്ങളുമായി എല്ലാവരും നെയ്മറിന് പിറകിൽ കൂടിയിരിക്കുന്ന അവസ്ഥയിൽ നെയ്മറിന് പിന്തുണയുമായി ബ്രസീൽ ഇതിഹാസം റിവാൾഡൊ. “നെയ്മർ, നിനക്ക് എങ്ങനെ കളിക്കണമോ അങ്ങനെ കളിക്കുക. തന്നെ വിമർശിക്കുന്ന മറ്റു രാജ്യക്കാരെ നീ നോക്കണ്ട്. കാരണം വിമർശിക്കുന്നവരിൽ പലരും റഷ്യ വിട്ട് നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു ഇതിനകം തന്നെ” റിവാൾഡോ പറയുന്നു.

“ഡ്രിബിൾ ചെയ്യണമെങ്കിൽ ഡ്രിബിൾ ചെയ്യുക, ഫ്ലിക്ക് ചെയ്യണമെങ്കിൽ ഫ്ലിക്ക് ചെയ്യുക, ഗോളടിക്കാൻ തോന്നിയാൽ ഗോളടിക്കുക, വീഴാനാണ് തോന്നുന്നത് എങ്കിൽ അതും ചെയ്യുക. വിമർശകരുടെ പ്രശ്നം ഇത് നെയ്മറിന്റെ ലോകകപ്പ് ആകുന്നതാണ്. ഒരു രാജ്യത്തിന്റെ അഭിമാനമായി നീ മാറുന്നതാണ്” റിവാൾഡോ പറഞ്ഞു.

നെയ്മറിന് ആരുടെ പിന്തുണ ഇല്ലായെങ്കിലും രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും റിവാൾഡോ നെയ്മറിനെ ഓർമ്മിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഞ്ഞൂറിൽ അധികം ഗോളടിച്ച ഇരു താരങ്ങളെ ബെഞ്ചിലിരുത്തിയ സാമ്പോളിയാണ്‌ പരാജയത്തിന് കാരണം – ഹിഗ്വെയിൻ സീനിയർ

അർജന്റീനയുടെ പരിശീലകൻ സാമ്പോളിയെ വിമർശിച്ച് ഹിഗ്വെയിൻ സീനിയർ രംഗത്തെത്തി. റഷ്യൻ ലോകകപ്പിൽ നിന്നുമുള്ള അർജന്റീനയുടെ പുറത്താകലിന് കാരണം പരിശീലകൻ സാമ്പോളിയാണെന്ന് അർജന്റീനയുടെ താരം ഹിഗ്വെയിയിലെ പിതാവായ ഹിഗ്വെയിൻ സീനിയർ തുറന്നടിച്ചു. അഞ്ചൂറിലധികം ഗോളടിച്ച ഇരു താരങ്ങളെ ലഭ്യമായിട്ടും അവരെ ബെഞ്ചിലിരുത്തിയ സാമ്പോളി എന്ത് റ്റാറ്റിക്‌സാണ് അർജന്റീനയ്ക്ക് വേണ്ടി ഉപയോഗിച്ചതെന്നും അദ്ദേഹം ആരാഞ്ഞു. അഗ്യൂറോയെയും ഹിഗ്വെയിനെയും ബെഞ്ചിലിരുത്തി മെസിയെ ഫാൾസ് നയനായി ഇറക്കിയാണ് ഫ്രാൻസിനെതിരെയുള്ള മത്സരം സാമ്പോളി തുടങ്ങിയത്.

സൂപ്പർ താരം ലയണൽ മെസിയെ സാമ്പോളി ഫാൾസ് നയനായി ഇറക്കിയതിന്റെ ലോജിക്ക് മനസിലാകുന്നില്ലെന്നും മുൻ ഫുട്ബോൾ താരം കൂടിയായ ഹിഗ്വെയിൻ സീനിയർ കൂട്ടിച്ചെർത്തു. മൂന്നിനെതിരേ നാല് ഗോളുകൾക്കാണ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ചത്. 2-1ന് പിറകിൽ നിന്നതിനു ശേഷമാണു 3 ഗോൾ തിരിച്ചടിച്ച് ഫ്രാൻസ് വിജയം സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“അഭിനയിക്കേണ്ട കാര്യമില്ല”- നെയ്മറിന് ഉപദേശവുമായി ലൂഥർ മത്തെയോസ്‌

ബ്രസീലിയൻ വിങ്ങർ നെയ്മർ ലോകോത്തര ഫുട്ബോളർ ആണ്, എന്നാൽ ഫൗൾ ചെയ്യപ്പെടുമ്പോൾ അത് വലുതാക്കി കാണിക്കേണ്ട കാര്യമില്ല എന്നും അത് ഒരു തരത്തിലുള്ള സഹതാപവും അദ്ദേഹത്തിന് നേടി തരില്ല എന്നും മുൻ ലോക ചാമ്പ്യനും ജർമ്മൻ ക്യാപ്റ്റനും ആയിരുന്ന ലൂഥർ മത്തെയോസ്‌.

ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനം ആണ് നെയ്മർ പുറത്തെടുത്തിട്ടുള്ളത്, ഇതുവരെ രണ്ടു ഗോളുകൾ നേടിയ നെയ്മറിന്റെ ഫൗൾ ചെയ്യപ്പെടുമ്പോഴുള്ള പ്രകടനത്തിനെതിരെ നാനാ ഭാഗത്തു നിന്നും വിമർശനങ്ങൾ നേരിടുമ്പോൾ ആണ് ലൂഥർ മത്തെയോസ്‌ ഉപദേശവുമായി വന്നിരിക്കുന്നത്. “നെയ്മർ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്, എന്തുകൊണ്ടാണ് നെയ്മറിന് അഭിനയം ആവശ്യമായി വരുന്നത് എന്ന് മനസിലാവുന്നില്ല”. “1986ലെ ചാമ്പ്യൻ ആയിരുന്ന മറഡോണയോ, ലയണൽ മെസ്സിയോ അഭിനയിക്കുന്നില്ല, നമുക്ക് നെയ്മറിന്റെ പോലുള്ള കളിക്കാരെ ആവശ്യമാണ്, പക്ഷെ അഭിനയം അല്ല വേണ്ടത്” മത്തെയോസ്‌ കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version