Picsart 23 07 31 14 25 35 426

ജപ്പാന്റെ ഏഷ്യൻ കരുത്തിന് മുന്നിൽ സ്പെയിൻ ഇല്ലാതായി!! നാലു ഗോളിന്റെ പരാജയം

വനിതാ ഫുട്ബോൾ ലോകകപ്പിൽ കരുത്തരായ ജപ്പാനെ തകർത്തെറിഞ്ഞ് ജപ്പാൻ. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജപ്പാൻ സ്പെയിനിനെ എതിരില്ലാത്ത് നാലു ഗോളുകൾക്ക് ആണ് പരാജയപ്പെടുത്തിയത്‌. ഈ വിജയം ജപ്പാനെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കി മാറ്റി. കൗണ്ടർ അറ്റാക്കുകളിലൂടെയും കിട്ടിയ അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചും സ്പെയിനിനെ ജപ്പാൻ ഇന്ന് വട്ടം കറക്കി.

12ആം മിനുട്ടിൽ ഹിനറ്റ മിയസവ ജപ്പാന് ലീഡ് നൽകി. ജപ്പാന്റെ ടാർഗറ്റിലേക്കുള്ള ആദ്യ ഷോട്ടായിരുന്നു ഇത്. പിന്നാലെ 29ആം മിനുട്ടിൽ റികൊ ഉയേകി ലീഡ് ഇരട്ടിയാക്കി. മിയസവയുടെ അസിസ്റ്റിൽ നിന്നാണ് ഉയേകിയുടെ മനോഹരമായ ഫിനിഷ്.

ആദ്യ പകുതി അവസാനിക്കും മുമ്പ് മിയസവ വീണ്ടും ജപ്പാനായി വല കണ്ടെത്തി. സ്പെയിനിന്റെ ഒരു മിസ് പാസ് കൈക്കലാക്കി തുടങ്ങിയ അറ്റാക്കിന് ഒടുവിലായിരുന്നു ഈ ഗോൾ. ആദ്യ പകുതിയിൽ തന്നെ ജപ്പാൻ 3 ഗോളിന് മുന്നിൽ. ആദ്യ പകുതിയിൽ ജപ്പാന്റെ ടാർഗറ്റിലേക്കുള്ള മൂന്ന് ഷോട്ടുകളും ഇത് മാത്രമായിരുന്നു. അത്ര ക്ലിനിക്കൽ ആയിരുന്നു അവരുടെ പ്രകടനം.

രണ്ടാം പകുതിയിലും ജപ്പാൻ തന്നെ മികച്ചു നിന്നു. മത്സരത്തിന്റെ 82ആം മിനുട്ടിൽ സബ്ബായി എത്തിയ മിന തനാക ഒരു നല്ല സോളോ റണ്ണിന് ഒടുവിൽ തന്റെ ഇടം കാലു കൊണ്ട് പന്ത് വലയിൽ എത്തിച്ചു‌ സ്കോർ 4-0. സ്പെയിൻ തീർത്തും പരാജയം സമ്മതിച്ച നിമിഷം.

ഈ വിജയത്തോടെ 9 പോയിന്റുമായി ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 6 പോയിന്റുമായി സ്പെയിൻ രണ്ടാം സ്ഥാനം ഉറപ്പിച്ചു‌. ഇരുവരും ഈ മത്സരത്തിനു മുമ്പ് തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു.

Exit mobile version