ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ അർജന്റീന ക്രൊയേഷ്യക്ക് എതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിന് മുന്നിൽ നിൽക്കുന്നു.
ആദ്യ പകുതിയിൽ ക്രൊയേഷ്യക്ക് ആയിരുന്നു മികച്ച തുടക്കം ലഭിച്ചത്. അവരുടെ മിഡ്ഫീൽഡ് കളി നിയന്ത്രിക്കുന്നത് ആണ് ആദ്യ പകുതിയിൽ കണ്ടത്. അവർ പൊസഷൻ കീപ്പ് ചെയ്ത് കളിച്ചു എങ്കിലും അർജന്റീന കീപ്പറെ പരീക്ഷിക്കാൻ ആയില്ല.
മറുവശത്ത് അർജന്റീന നല്ല അവസരം സൃഷ്ടിക്കാൻ 33 മിനുട്ടുകൾ എടുത്തു. ഹൂലിയൻ ആൽവരസിന് കിട്ടിയ ഒരു പാസ് താരത്തിന് ഒറ്റയ്ക്ക് മുന്നേറാനുള്ള അവസരം നൽകി. ആല്വരസ് ലിവകോവിചിന് മുകളിലൂടെ പന്ത് തൊടുത്തു എങ്കിലും അത് ക്രൊയേഷ്യ ക്ലിയർ ചെയ്തു. പക്ഷെ ആൽവരസിനെ ലിവകോവിച് വീഴ്ത്തി എന്ന് പറഞ്ഞ് റഫറി പെനാൾട്ടി വിധിച്ചു.
പെനാൾട്ടി എടുത്ത മെസ്സി പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0. മെസ്സിയുടെ അർജന്റീനക്കായുള്ള ലോകകപ്പിലെ പതിനൊന്നാം ഗോളായി ഇത്.
അതുവരെ ഉണ്ടായിരുന്ന ക്രൊയേഷ്യൻ ബാലൻസ് എല്ലാം ആ ഗോളോടെ തകർന്നു. 34ആം മിനുട്ടിൽ വീണ്ടും ഹൂലിയൻ ആൽവാരസ് ക്രൊയേഷ്യ ഡിഫൻസ് തകർത്തു. ഇത്തവണ മൈതാന മധ്യത്ത് നിന്നുള്ള ഒറ്റക്കുള്ള കുതിപ്പ്. ആ റൺ തടയാൻ ആർക്കും ആയില്ല. ആല്വരസ് പന്തുമായി ഗോൾ വല വരെ മുന്നേറി കൊണ്ട് അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി.
ഒരു കോർണറിൽ നിന്ന് ലിവകോവിചിന്റെ വൻ സേവ് ഇല്ലായിരുന്നു എങ്കിൽ അർജന്റീന മൂന്നാം ഗോൾ കൂടെ ആദ്യ പകുതിയിൽ നേടിയേനെ. രണ്ടാം പകുതിയിൽ ഇനി വിജയം ഉറപ്പിക്കൽ ആകും സ്കലോണിയുടെ ടീമിന്റെ ലക്ഷ്യം.