ജസ്റ്റിന്‍ ഗ്രീവ്സിന് സെഞ്ച്വറി, ഇന്ത്യയ്ക്കെതിരെ 295 റൺസുമായി വെസ്റ്റിന്‍ഡീസ്

ഇന്ത്യയ്ക്കെതിരെ ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ 295 റൺസ് നേടി വെസ്റ്റിന്‍ഡീസ്. ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ വീന്‍ഡീസ് ഓപ്പണര്‍മാര്‍ ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ജോൺ കാംപെല്ലും ജസ്റ്റിന്‍ ഗ്രീവ്സും ഒന്നാം വിക്കറ്റിൽ 135 റൺസ് നേടിയപ്പോള്‍ 61 റൺസ് നേടിയ കാംപെല്ലിനെയാണ് സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്ടമായത്.
രണ്ടാം വിക്കറ്റിൽ ഗ്രീവ്സും കെയ്സി കാര്‍ടിയും ചേര്‍ന്ന് 41 റൺസ് കൂട്ടിചേര്‍ത്തു. ഗ്രീവ്സ് 108 പന്തിൽ 101 റൺസ് നേടി പുറത്തായപ്പോള്‍ വിന്‍ഡീസ് ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കിയത് കുൽദീപ് യാദവ് ആയിരുന്നു. പിന്നീട് അമീര്‍ ജാംഗൂ അര്‍ദ്ധ ശതകം നേടി വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. റോസ്ടൺ ചേസ് 24 റൺസ് നേടി പുറത്തായി.

7 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന്‍ഡീസ് 295 എന്ന സ്കോര്‍ നേടിയപ്പോള്‍ അമീര്‍ ജാംഗൂ 58 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാലും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റ് നേടി.